അഭയ കൊലക്കേസ് വിധി 22ന്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയായി. ഈ മാസം 22ന് തിരുവനന്തപുരം സി.ബി.ഐ കോടതി കേസില്‍ വിധി പറയും. 1992 മാര്‍ച്ച് 27ന് നടന്ന സംഭവത്തില്‍ നീണ്ട 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിധി പ്രസ്താവിക്കുന്നത്. കേസിലെ ഒന്നാംപ്രതി ഫാദര്‍ തോമസ് കോട്ടൂരിന്റെയും മൂന്നാംപ്രതി സിസ്റ്റര്‍ സെഫിയുടെയും വാദം ചൊവ്വാഴ്ചയാണ് പൂര്‍ത്തിയായത്. രണ്ടാംപ്രതി ഫാ.ജോസ് പൂതൃക്കയിലിനെ നേരത്തേ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കേസില്‍ താന്‍ നിരപരാധിയാണെന്നും കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് തന്നെ ഒന്നാം പ്രതിയാക്കിയതെന്നുമാണ് ഫാദര്‍ കോട്ടൂര്‍ വാദിച്ചത്. പ്രതികളുടെ വാദത്തിന് പ്രോസിക്യൂഷന്‍ മറുപടി പറഞ്ഞതിനു ശേഷം കേസ് വിധി പറയുന്നതിനായി മാറ്റുകയായിരുന്നു.
ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റര്‍ അഭയ കണ്ടതാണ് കൊലപാതക കാരണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. 1992 മാര്‍ച്ച് 27ന് പുലര്‍ച്ചെ 4.15 ന് പഠനാവശ്യത്തിന് ഉണര്‍ന്ന സിസ്റ്റര്‍ അഭയ പയസ് ടെന്റ് കോണ്‍വെന്റിലെ അടുക്കളയിലെ ഫ്രിഡ്ജില്‍ നിന്നും വെള്ളം എടുത്ത് കുടിക്കുന്നതിനിടെ അതിന് തൊട്ടടുത്ത മുറിയില്‍ സിസ്റ്റര്‍ സെഫിയും ഫാ.തോമസ് കോട്ടൂരും ബന്ധത്തിലേര്‍പ്പെടുന്നത് കാണാനിടയായെന്നും ഇതാണ് കൊലയിലേക്ക് നയിച്ചതെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഇതിന് തെളിവുകളും സാക്ഷിമൊഴികളും ഹാജരാക്കിയിരുന്നു.
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ അഞ്ചു മണിക്ക് ശേഷം ഫാ.തോമസ് കോട്ടൂരും, ഫാ.ജോസ് പൂതൃക്കയിലും കോണ്‍വെന്റ് സ്റ്റെയര്‍കേസ് വഴി ടെറസിലേക്ക് കയറിപ്പോകുന്നത് കണ്ടുവെന്ന് മൂന്നാം സാക്ഷി അടയ്ക്ക രാജു സി.ബി.ഐ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം അന്തിമവാദത്തിലും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. കേസില്‍ നിന്നു രക്ഷപ്പെടുന്നതിന് സിസ്റ്റര്‍ സെഫി ശസ്ത്രക്രിയ നടത്തി കന്യകയാണെന്ന് സ്ഥാപിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. സിസ്റ്റര്‍ സെഫിയുടെ വൈദ്യ പരിശോധന നടത്തിയപ്പോള്‍ കന്യകാചര്‍മം കൃതിമമായി വച്ചു പിടിപ്പിക്കുവാനായി ഹൈമനോപ്‌ളാസ്റ്റിക് സര്‍ജറി നടത്തിയതായി കണ്ടെത്തിയെന്ന ആലപ്പുഴ മെഡിക്കല്‍ കോളജിലെ പൊലിസ് സര്‍ജന്‍ ഡോ. രമയുടേയും, പ്രിന്‍സിപ്പല്‍ ഡോ. ലളിതാംബിക കരുണാകരന്റെയും മൊഴി പ്രോസിക്യൂഷന്‍ തെളിവായി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇക്കാര്യം അന്തിമവാദത്തിലും എടുത്തുപറഞ്ഞിട്ടുണ്ട്.
ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് 1993 മാര്‍ച്ച് 29നാണ് സി.ബി.ഐ ഏറ്റെടുത്തത്. വേണ്ടത്ര തെളിവുകളില്ലെന്നും കേസ് അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് പിന്നീട് മൂന്നു പ്രാവശ്യം സി.ബി.ഐ കോടതിയെ സമീപിച്ചിരുന്നു. ഈ നീക്കങ്ങളെല്ലാം പൂര്‍ണമായും തള്ളിയ കോടതിയുടെ ഇടപെടലാണ് വിധി പറയുന്ന ഘട്ടത്തിലേക്ക് കേസിനെ എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."