ജയം തുടരാന്‍ ഇന്ത്യ
കിങ്സ്റ്റണ്‍: ഇന്ത്യ-വെസ്റ്റിന്‍ഡീസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം. ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സ് ജയം സ്വന്തമാക്കിയ ഇന്ത്യ ജയം തുടരാനാവുമെന്ന ആത്മവിശ്വാസത്തിലാണ് മത്സരത്തിനിറങ്ങുന്നത്. മുന്‍നിര താരങ്ങളെല്ലാം ഫോമിലുള്ളതും മികവുറ്റ ബൗളിങ് നിരയും ഇന്ത്യയ്ക്ക് മത്സരത്തില്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്. കിങ്സ്റ്റണിലെ സബീന പാര്‍ക്കിലാണ് മത്സരം നടക്കുന്നത്. മത്സരത്തില്‍ ടോസ് നിര്‍ണായകമാവും. 1998ന് ശേഷം ഇവിടെ വെച്ച് നടന്ന 15 ടെസ്റ്റുകളിലും ഫലമുണ്ടായിട്ടുണ്ട്. അതുകൊണ്ട് സമനില ഇരുടീമുകളും പ്രതീക്ഷിക്കുന്നില്ല.
സമീപകാല പ്രകടനം വിലയിരുത്തിയാല്‍ വിന്‍ഡീസ് ടെസ്റ്റ് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ദുര്‍ബലമായ ബാറ്റിങും ബൗളിങും വിന്‍ഡീസിന് തലവേദനയാണ്. ആദ്യ ടെസ്റ്റില്‍ രണ്ടിന്നിങ്‌സിലും അര്‍ധസെഞ്ച്വറി നേടിയ കാര്‍ലോസ് ബ്രാത്ത്‌വൈറ്റ് മികച്ച ഫോമിലാണ്. ബൗളിങില്‍ മൂന്നു വിക്കറ്റെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.
ഷെയ്ന്‍ ഡോവ്‌റിച്ച്, മര്‍ലോണ്‍ സാമുവല്‍സ് എന്നിവര്‍ക്ക് മാത്രമാണ് ഇതിന് പുറമേ ടീമില്‍ അര്‍ധസെഞ്ച്വറി നേടാനായത്. ബൗളിങില്‍ ഏറെ പ്രതീക്ഷയുമായെത്തിയ ഷാനോണ്‍ ഗബ്രിയേല്‍ ശരാശരി പ്രകടനം മാത്രമാണ് കാഴ്ച്ചവച്ചത്. തുടക്കത്തില്‍ ഇന്ത്യയുടെ മുന്‍നിരയെ ഞെട്ടിച്ചെങ്കിലും പിന്നീട് ആ മികവിലേക്കുയരാന്‍ ഗബ്രിയേലിന് സാധിച്ചില്ല. ദേവേന്ദ്ര ബിഷൂ ഇന്ത്യയുടെ വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും റണ്‍സ് ധാരാളം വഴങ്ങി.
രണ്ടാം ടെസ്റ്റിനിറങ്ങുമ്പോള്‍ ഇത്തരം നിരവധി പ്രശ്‌നങ്ങള്‍ വിന്‍ഡീസിന് പരിഹരിക്കാനുണ്ട്. രാജേന്ദ്ര ചന്ദ്രികയ്‌ക്കൊപ്പം ബ്രാത്ത്‌വൈറ്റ് തന്നെ ഇന്നിങ്‌സ് ഓപണ്‍ ചെയ്യുമോ എന്ന് വ്യക്തമല്ല. പേസ് ബൗളര്‍ മിഗ്വയേല്‍ കമ്മിന്‍സ് ആദ്യ ഇലവനില്‍ ഇടംപിടിക്കാന്‍ സാധ്യതയുണ്ട്. ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍ നായകന് ചേര്‍ന്ന പ്രകടനം കാഴ്ച്ചവയ്ക്കാന്‍ സാധിച്ചിട്ടില്ല. ഹോള്‍ഡറില്‍ നിന്ന് മികച്ച പ്രകടനം ഉണ്ടാവേണ്ടത് ടീമിന് അത്യാവശ്യമാണ്. അതേസമയം മര്‍ലോണ്‍ സാമുവല്‍സിന്റെ ഫോം ടീമിന് നിര്‍ണായകമാണ്. താരം മികച്ചൊരു ഇന്നിങ്‌സ് കാഴ്ച്ചവച്ചിട്ട് നാളേറെയായി. ടി20 ലോകകപ്പ് ഫൈനലിലെ താരത്തിന് ടെസ്റ്റില്‍ വേണ്ടത്ര മികവില്ലെന്നും വിമര്‍ശനമുണ്ട്. ചീട്ടുകൊട്ടാരം പോലെ തകരുന്ന മധ്യനിരയും വിന്‍ഡീസിന് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. ഡാരന്‍ ബ്രാവോ, ജെര്‍മെയ്ന്‍ ബ്ലാക്‌വുഡ്, ഷെയ്ന്‍ ഡോവ്‌റിച്ച് എന്നിവര്‍ മികവിലേക്കുയര്‍ന്നാല്‍ വിന്‍ഡീസിന് മത്സരത്തില്‍ പ്രതീക്ഷ പുലര്‍ത്താം
അതേസമയം എല്ലാ മേഖലയിലും ഫോമിലാണ് ഇന്ത്യ ടീം. നായകന്‍ വിരാട് കോഹ്‌ലിയാണ് ടീമിന്റെ കരുത്ത്. ആദ്യ ടെസ്റ്റില്‍ തന്നെ തന്റെ കന്നി ഇരട്ട സെഞ്ച്വറി നേടാന്‍ കോഹ്‌ലിക്ക് സാധിച്ചിരുന്നു. രണ്ടിന് 74 എന്ന നിലയില്‍ പരുങ്ങലിലായ ഇന്ത്യയെ മുന്നോട്ടു നയിച്ചത് കോഹ്‌ലിയാണ്. രണ്ടാം ടെസ്റ്റില്‍ കോഹ്‌ലിയെ തുടക്കത്തില്‍ തന്നെ പുറത്താക്കി ഇന്ത്യയെ സമ്മര്‍ദിലാക്കാനായിരിക്കും വിന്‍ഡീസ് ശ്രമിക്കുക. ഫോമില്ലാത്തതിന്റെ പേരില്‍ ഏറെ പഴി കേട്ട ശിഖര്‍ ധവാന്‍ അര്‍ധസെഞ്ച്വറിയോടെ ഫോം കണ്ടെത്തി കഴിഞ്ഞു. വേണ്ട സമയത്ത് മികവിലേക്കുയര്‍ന്ന അശ്വിനും ബാറ്റിങില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ താളം കണ്ടെത്തിയിട്ടില്ല. ഇരുവര്‍ക്കും മികച്ച തുടക്കം കിട്ടിയിട്ടും വമ്പന്‍ സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചില്ല.
അതേസമയം അമിത് മിശ്ര ബാറ്റിങിലും ഫോം കണ്ടെത്തിയിട്ടുണ്ട്. ധവാന് പകരം ടീമിലേക്ക് പരിഗണിച്ചിരുന്ന ലോകേഷ് രാഹുലിന് നിലവിലെ സാഹചര്യത്തില്‍ ടീമിലിടം നല്‍കുക ബുദ്ധിമുട്ടാണെന്ന് കോഹ്‌ലി വ്യക്തമാക്കിയിടുണ്ട്. സ്‌പെഷലിസ്റ്റ് ഓള്‍റൗണ്ടറായി ബിന്നിയെ നിലനിര്‍ത്തുമോ അതോ രവീന്ദ്ര ജഡേജയെ കളത്തിലിറക്കുമോയെന്ന് കോഹ്‌ലി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ നിലവിലെ ഇലവനെ കോഹ്‌ലി മാറ്റില്ലെന്ന് അഭ്യൂഹമുണ്ട്. ഈ സാഹചര്യത്തില്‍ രോഹിത് ശര്‍മയ്ക്ക് ടീമിലിടം ഉണ്ടാവില്ല. ബൗളിങില്‍ അശ്വിനാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്. രണ്ടാമിന്നിങ്‌സില്‍ ഏഴു വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ പ്രകടനമാണ് ഇന്ത്യക്ക് ഇന്നിങ്‌സ് ജയം സമ്മാനിച്ചത്.
ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, എന്നിവരും ബൗളിങ് നിരയെ കരുത്തുറ്റതാക്കുന്നു. ബൗണ്‍സ് കുറഞ്ഞ പിച്ചാണ് സബീന പാര്‍ക്കിലേത്. ഈ സാഹചര്യത്തില്‍ മൂന്നു സ്പിന്നര്‍മാരെ കളിപ്പിക്കാനും സാധ്യതയുണ്ട്. എന്നാല്‍ കാലാ കാലങ്ങളായി ബാറ്റ്‌സ്മാന്‍മാരെ പിന്തുണയ്ക്കുന്ന പിച്ചാണ് ഇത്. അതുകൊണ്ട് അധികം ബാറ്റ്‌സ്മാനെ കളിപ്പിക്കാന്‍ കോഹ്‌ലി തയാറായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."