ഐ.എം.എയുടേത് മെഡിക്കല്‍ ഗുണ്ടായിസമെന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍
തിരുവനന്തപുരം: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കിയതിനെ എതിര്‍ക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മെഡിക്കല്‍ ഗുണ്ടായിസമാണ് കാണിക്കുന്നതെന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍. സംസ്ഥാനത്തെ അലോപ്പതി ഡോക്ടര്‍മാര്‍ ഇന്ന് നടത്തുന്ന പണിമുടക്ക് പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ആയുര്‍വേദ ഡോക്ടര്‍മാരുടെ വിവിധ സംഘടനാനേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
എല്ലാ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും സര്‍ജറി നടത്താന്‍ അനുമതി നല്‍കിയെന്ന നിലയില്‍ ഐ.എം.എ തെറ്റിദ്ധരിപ്പിക്കുന്നത് ചികിത്സാരംഗത്തെ കുത്തക നഷ്ടപ്പെടുമെന്ന ഭയം മൂലമാണ്. ചികിത്സയെ കച്ചവടമായി കാണുന്ന ചെറുവിഭാഗമാണ് കോലാഹലങ്ങള്‍ക്ക് പിന്നില്‍. അലോപ്പതി ഡോക്ടര്‍മാരുടെ സമരം കാരണം രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുര്‍വേദാശുപത്രികളില്‍ ഇന്ന് ഒരു മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യുമെന്നും അവര്‍ അറിയിച്ചു.കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അടിയന്തരമായി സംസ്ഥാനത്ത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. എല്ലാ ആയുര്‍വേദ കോളജുകളിലും സര്‍ജറി പരിശീലനത്തിനുള്ള സൗകര്യം ഒരുക്കണം. സംസ്ഥാനത്ത് ആയുര്‍വേദ കോളജുകളില്‍ സര്‍ജറി പരിശീലനം നല്‍കുന്നതിനെ ഐ.എം.എ മെഡിക്കല്‍ ഗുണ്ടായിസത്തിലൂടെ അട്ടിമറിക്കുകയാണ്. ആയുര്‍വേദ കോളജിലെ വിദ്യാര്‍ഥികളെ സര്‍ജറി പരിശീലിപ്പിക്കാന്‍ അലോപ്പതി ഡോക്ടര്‍മാര്‍ വരുന്നില്ല. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ജനറല്‍ ആശുപത്രികളില്‍ സര്‍ജറി പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് നടപ്പാക്കുന്നതിനെ ഐ.എം.എ തടയുന്നതായും അവര്‍ ആരോപിച്ചു. സംസ്ഥാനത്ത് അലോപ്പതി രംഗത്തും ആയുര്‍വേദ രംഗത്തും ഡോക്ടര്‍മാര്‍ കൂടുതലാണെങ്കില്‍ പുതിയ സ്വാശ്രയ കോളജുകള്‍ അനുവദിക്കേണ്ടെന്നു തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്ന് അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. രാജു തോമസ് (സംസ്ഥാന പ്രസിഡന്റ് ആയുര്‍വേദ മെഡിക്കല്‍ അസോ. ഓഫ് ഇന്ത്യ ), ഡോ. സി.ഡി ലീന (വൈസ് പ്രസിഡന്റ്, ആയുര്‍വേദ മെഡിക്കല്‍ അസോ. ഓഫ് ഇന്ത്യ) ഡോ. സി.എസ് ശിവകുമാര്‍ (ജനറല്‍ സെക്രട്ടറി, ആയുര്‍വേദ കോളജ് അധ്യാപക സംഘടന), ഡോ.വി.ജെ സെബി (ജനറല്‍ സെക്രട്ടറി ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോ.), ഡോ. ദുര്‍ഗാപ്രസാദ് (കെ.ജി.എ.എം.ഒ.എഫ്), എസ്. ലാല്‍കുമാര്‍ (ജില്ലാസെക്രട്ടറി ആയുര്‍വേദ മാനുഫാക്‌ചേഴ്‌സ് അസോ.) എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."