ഡോക്ടര്‍മാരുടെ പണിമുടക്ക് ഇന്ന്
തിരുവനന്തപുരം: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി നല്‍കിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഐ.എം.എയുടെ നേതൃത്വത്തില്‍ മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കും.
അത്യാഹിത വിഭാഗങ്ങളേയും കൊവിഡ് ചികിത്സയേയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് സമരം. ഒ.പികള്‍ പ്രവര്‍ത്തിക്കില്ല. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളൊന്നും ചെയ്യില്ല. സ്വകാര്യ പ്രാക്ടീസും നടത്തില്ല. ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ ഉണ്ടാകും. കിടത്തി ചികിത്സയെയും ബാധിക്കില്ല. കൊവിഡ് ആശുപത്രികളെല്ലാം പ്രവര്‍ത്തിക്കും. ഐ.എം.എക്ക് പിന്തുണ പ്രഖ്യാപിച്ച് കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് അധ്യാപകര്‍ ഇന്ന് ഒ.പി ബഹിഷ്‌കരിക്കരിച്ച് സമരത്തില്‍ പങ്കാളികളാകും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ കൊവിഡ് രോഗികളുടെ ചികിത്സകള്‍, അത്യാഹിത, അടിയന്തര സ്വഭാവമുള്ള സര്‍വിസുകള്‍, അടിയന്തിര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ഇന്‍പേഷ്യന്റ് കെയര്‍, ഐ.സി.യു തുടങ്ങിയ ജോലികള്‍ ഒഴികയുള്ളവ ബഹിഷ്‌കരിക്കാനാണ് തീരുമാനമെന്ന് കെ.ജി.എം.സി.ടി.എ പ്രസിഡന്റ് ഡോ എസ്.ബിനോയ്, സെക്രട്ടറി ഡോ.നിര്‍മല്‍ ഭാസ്‌കര്‍ എന്നിവര്‍ അറിയിച്ചു. ഇന്ന് ദന്ത ഡോക്ടര്‍മാരും പണിമുടക്കുമെന്ന് ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ ഭാരവാഹികളും അറിയിച്ചു.
സര്‍ക്കാര്‍ ദന്തല്‍ കോളജുകളിലെ അവശ്യ സര്‍വിസുകള്‍ ഒഴികെ പ്രവര്‍ത്തിക്കില്ല. സ്വകാര്യ ക്ലിനിക്കുകളും അടച്ചിടുമെന്നും ഭാരവാഹികള്‍ പറഞ്ഞു. അതേ സമയം, സമരം കാരണം മോഡേണ്‍ മെഡിസിന്‍ ചികിത്സ കിട്ടാത്തവരെ സഹായിക്കാന്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ രംഗത്തുണ്ട്. ഇന്ന് പരിശോധനാ സമയം കൂട്ടി സമരത്തെ നേരിടാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."