ജപ്പാനെ തകര്‍ത്തെറിഞ്ഞ് ട്രാമി ചുഴലിക്കാറ്റ്
ടോക്കിയോ: ജപ്പാനെ തകര്‍ത്തെറിഞ്ഞ് ട്രാമി ചുഴലിക്കാറ്റ്. ജപ്പാന്റെ ദക്ഷിണ ദ്വീപുകളില്‍ വന്‍നാശം വിതച്ച കാറ്റ് ഇപ്പോള്‍ ജപ്പാന്റെ പ്രധാന പ്രദേശങ്ങളിലേക്കു പ്രവേശിച്ചിരിക്കുകയാണ്. ദക്ഷിണ ദ്വീപുകളായ ഒകിനാവായില് ശനിയാഴ്ച ആഞ്ഞടിച്ച കാറ്റില്‍ 50ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വീടുകളടക്കം നിരവധി കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലാണുള്ളത്.
പ്രാദേശിക സമയം ഇന്നലെ വൈകിട്ട് ആറോടെയാണ് കാറ്റ് പ്രധാന പ്രവിശ്യകളിലൊന്നായ ഒസാകയില്‍ പ്രവേശിച്ചത്. ഇതേതുടര്‍ന്ന് ആയിരത്തോളം വിമാന സര്‍വിസുകള്‍ റദ്ദാക്കി. പടിഞ്ഞാറന്‍ ജപ്പാനിലെ ബുള്ളറ്റ് ട്രെയിന്‍ സര്‍വിസുകളും ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. തലസ്ഥാനമായ ടോക്കിയോയിലും ഇന്നലെ വൈകിട്ട് ചില ട്രെയിനുകള്‍ സര്‍വിസ് നിര്‍ത്തിവച്ചു.
ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 3,49,000ത്തോളം പേരോട് വീടുകളില്‍നിന്ന് ഒഴിയാന്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. ഒരു സമയത്ത് മണിക്കൂറില്‍ 216 കി.മീറ്റര്‍ ദൂരത്തില്‍ ആഞ്ഞുവീശിയ ട്രാമി ചുഴലിക്കാറ്റ് ജപ്പാന് ദ്വീപസമൂഹങ്ങളെ മുഴുവന്‍ വിഴുങ്ങാന്‍ ശേഷിയുള്ളതായിരുന്നു. എന്നാല്‍, കാറ്റിന്റെ തീവ്രത ഏതാനും മണിക്കൂറുകളായി പാടെ കുറഞ്ഞിട്ടുണ്ട്. ഇതിനാല്‍ തന്നെ ടോക്കിയോ അടക്കമുള്ള പ്രധാന നഗരങ്ങളില്‍ ചുഴലിക്കാറ്റ് എത്തില്ലെന്നാണു കാലാവസ്ഥാ നിരീക്ഷകര്‍ നല്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."