ഭക്ഷ്യക്ഷാമം രൂക്ഷം; തെരുവില്‍ കൊള്ളയുമായി ജനം
ജക്കാര്‍ത്ത: ഭൂകമ്പത്തിലും സുനാമിയിലും തകര്‍ന്ന ഇന്തോനേഷ്യന്‍ ദ്വീപായ സുലവെസിയിലെ പാലുവില്‍ വന്‍ ഭക്ഷ്യക്ഷാമം. ഇതേതുടര്‍ന്നു നഗരത്തില്‍ വ്യാപക കൊള്ളനടക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പാലുവില്‍ ഭക്ഷ്യവസ്തുക്കള്‍ക്കു പുറമേ കുടിവെള്ളം, ഇന്ധനം, മരുന്ന് മറ്റു അവശ്യവസ്തുക്കള്‍ എന്നിവയ്‌ക്കെല്ലാം കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ഇതേതുടര്‍ന്നാണു ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നത്.
ശക്തമായ ഭൂകമ്പത്തിലും സുനാമിയിലും തകര്‍ന്ന പാലുവിലെ സൂപ്പര്‍ മാര്‍ക്കറ്റുകളുടെയും പെട്രോള്‍ പമ്പുകളുടെയും അവശിഷ്ടങ്ങള്‍ക്കിടയിലാണു വ്യാപകകൊള്ള നടക്കുന്നത്. ഇന്നലെ കൊള്ളസംഘങ്ങള്‍ നഗരം കീഴടക്കിയ അവസ്ഥയായിരുന്നു. സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉള്‍പ്പെടെ വലിയ സംഘങ്ങള്‍ ബാഗുകളിലും പാത്രങ്ങളിലുമായാണു ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും നിറച്ചുകൊണ്ടുപോയത്.
ദുരന്തത്തില്‍ നഗരത്തിലേക്കുള്ള പ്രധാന ഗതാഗത മാര്‍ഗങ്ങളെല്ലാം അടഞ്ഞതിനാല്‍ പലയിടത്തും ഇപ്പോഴും രക്ഷാപ്രവര്‍ത്തകര്‍ക്കു എത്താനായിട്ടില്ല. നിരവധി പേരാണു വിവിധയിടങ്ങളില്‍ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നത്. അതിനിടയില്‍ അവശ്യവസ്തുക്കളുമായി മറ്റു പ്രദേശങ്ങളില്‍നിന്നെത്തുന്ന വാഹനങ്ങള്‍ക്കും ഇങ്ങോട്ട് എത്താനാകുന്നില്ല.
''ഞങ്ങള്‍ക്ക് ഇതുവരെ ഒരു സഹായവും ലഭിച്ചിട്ടില്ല. ഞങ്ങള്‍ക്കു വിശക്കുന്നു. വിശപ്പടക്കണം. ഭക്ഷണസാധനങ്ങളാണു അടിയന്തരമായി ഞങ്ങള്‍ക്കു വേണ്ടത്. എന്നാല്‍, കൊള്ളയടിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഞങ്ങള്‍ക്കു മുന്‍പില്‍ ഇല്ലാത്ത സ്ഥിതിയാണ് '',ഒരു നാട്ടുകാരന്‍ പറഞ്ഞു.
സാഹചര്യമാണ് ഞങ്ങളെ ഇതിനു പ്രേരിപ്പിച്ചത്. ഞങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും വേണം. ഞങ്ങള്‍ പാകം ചെയ്യാന്‍ പോലുമുള്ള സൗകര്യമില്ല. അതുകൊണ്ടാണു കൊള്ളയിലേക്കു തിരിഞ്ഞത്. കിട്ടുന്നതെല്ലാം എടുത്തിട്ടുണ്ടെന്ന് ഒരുകൂട്ടം കുട്ടികള്‍ പറഞ്ഞു.
പെട്രോള്‍ പമ്പുകളിലും അവസ്ഥ മറ്റൊന്നായിരുന്നില്ല. പമ്പുകളില്‍നിന്ന് പെട്രോളും ഡീസലും കുപ്പികളില്‍ നിറച്ചുകൊണ്ടുപോകുന്ന കാഴ്ച മിക്കയിടങ്ങളിലും കാണാമായിരുന്നു. ഇവിടങ്ങളിലെല്ലാം പൊലിസുകാരുണ്ടായിരുന്നെങ്കിലും ഇവര്‍ക്കു നോക്കിനില്‍ക്കാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."