ചരിത്രം ലോഡിങ്... ലോകകപ്പ് കിരീടപ്പോരാട്ടം ഇന്ന് ലോര്‍ഡ്‌സില്‍
ലണ്ടന്‍: 12 മത് ലോകകപ്പ് ക്രിക്കറ്റിന്റെ കിരീടപ്പോരാട്ടത്തില്‍ ആര് വാഴും ആര് വീഴും എന്നത് ഇന്നറിയാം. വൈകിട്ട് മൂന്നിന് ക്രിക്കറ്റിന്റെ തറവാടായ ലോര്‍ഡ്‌സിലാണ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലുള്ള കിരീടപ്പോരാട്ടം നടക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ടും കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്‍ഡും തമ്മില്‍ ആദ്യ കിരീടത്തിനാണ് പോരാടുന്നത്. ഇന്നത്തെ മത്സരത്തില്‍ പ്രവചനങ്ങള്‍ അപ്രസക്തമാണെങ്കിലും ഇംഗ്ലണ്ടിന് കാണികളുടെ പിന്തുണ നേരിയ മുന്‍തൂക്കം നല്‍കും. ഇംഗ്ലണ്ടിന് മികച്ച ബാറ്റിങ് നിരയുണ്ടെങ്കിലും അതിനെ വെല്ലുവിളിക്കാന്‍ പോന്ന ബൗളിങ് നിര ഉണ്ടെന്നതാണ് ന്യൂസിലന്‍ഡിന്റെ കരുത്ത്.
ഇന്ത്യക്കെതിരേ ന്യൂസിലന്‍ഡ് പ്രയോഗിച്ച അതേ വജ്രായുധമായിരിക്കും ഇന്നത്തെ മത്സരത്തിലും കിവികളുടെ ആവനാഴിയില്‍ ഒളിപ്പിച്ച് വച്ചിരിക്കുന്നത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബാറ്റിങ് നിരയെന്ന സല്‍പ്പേര് ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന പ്രധാന ഘടകമാണ്. ഇന്നത്തെ മത്സരത്തില്‍ ടോസായിരിക്കും നിര്‍ണായകമാവുക. ആദ്യം ബാറ്റ് ചെയ്യുന്നവരുടെ തീരുമാനം ഒരു പക്ഷെ ഇന്ന് നിര്‍ണായകമാകാന്‍ സാധ്യതയുണ്ട്. വമ്പന്‍ സ്‌കോര്‍ അടിച്ച് ന്യൂസിലന്‍ഡിനെ പ്രതിരോധത്തിലാക്കുക എന്ന തന്ത്രമാണ് ഇംഗ്ല@ണ്ടിന് മുന്നിലുള്ളത്. കിവീസ് നിരയില്‍ ബാറ്റിങ്‌നിരക്ക് വലിയ കരുത്തില്ല എന്നത് ഇംഗ്ലണ്ടിന് നന്നായി അറിയാവുന്ന കാര്യമാണ്. ഏത് വലിയ ടീമിനോടും ചെറിയ ടീമിനോടും തോറ്റ് പരിചയമുള്ള കിവികള്‍ക്ക് ഇംഗ്ലണ്ട് വലിയ ശക്തിയാണെന്ന വിശ്വാസമൊന്നുമില്ല.
കാരണം ഏറ്റവും കരുത്തരായ ഇന്ത്യയെ തകര്‍ത്താണ് ഫൈനലില്‍ പ്രവേശിച്ചതെന്ന ആത്മവിശ്വാസം അവര്‍ക്ക് കരുത്ത് പകരുന്നുണ്ട്. ബാറ്റ് കൊണ്ട് പിടിച്ച് നില്‍ക്കാനായില്ലെങ്കില്‍ പന്ത് കൊണ്ട് കറക്കി വീഴ്ത്താനുള്ള എല്ലാ തന്ത്രവും ന്യൂസിലന്‍ഡിന് അറിയാം. ട്രെന്‍ഡ് ബോള്‍ട്ട്, മാറ്റ് ഹെന്റി എന്നിവര്‍ നേതൃത്വം നല്‍കുന്ന ബൗളിങ് നിരക്ക് മുന്നില്‍ പല വമ്പന്‍മാരും അടി തെറ്റി വീണിട്ടുണ്ട്. ഇന്നത്തെ മത്സരത്തിലും അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചാണ് കിവികള്‍ ആദ്യകിരീടം തേടി ലോര്‍ഡ്‌സിന്റെ മുറ്റത്തെത്തുന്നത്. ഓള്‍ റൗണ്ട് നിരയില്‍ ജെയിംസ് നീഷം, മിച്ചല്‍ സാന്റ്‌നര്‍ എന്നീ താരങ്ങള്‍ കരുത്ത് പകരുന്നത് ന്യൂസിലന്‍ഡിന്റെ ഇംഗ്ലണ്ട് പേടിയെ ഇല്ലാതാക്കും.
ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തരായ ഓപ്പണിങ് നിരയായ ജേസന്‍ റോയിയും ജോണി ബൈര്‍സ്‌റ്റോയും കിവികളുടെ എല്ലാ തന്ത്രങ്ങളേയും ബൗണ്ടറി കടത്താനുള്ള ഒരുക്കത്തിലാണ് എത്തുന്നത്. കാരണം സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ഇപ്പോഴില്ലെങ്കില്‍ ഇനി ഇല്ല എന്നാണ് ഇംഗ്ലീഷുകാരുടെ ഇപ്പോഴത്തെ ചിന്ത. നാളെ പുലരുമ്പോള്‍ പുതിയ ചരിത്രം കേട്ട് ഇംഗ്ലീഷുകാര്‍ ഉണരണമെന്നാണ് ഞങ്ങളുടെ തീരുമാനമെന്നാണ് ഇംഗ്ലീഷ് പരിശീലകന്‍ പറഞ്ഞത്. സെമിയില്‍ കരുത്തരായ ആസ്‌ത്രേലിയയെ പഞ്ഞിക്കിട്ട് ഫൈനലിലെത്തിയ ഇംഗ്ലണ്ടിന് ന്യൂസിലന്‍ഡിനെ ഭയക്കേണ്ടതില്ല എങ്കിലും അത്താഴം മുടക്കാന്‍ കഴിവുള്ള കിവികളെ ശ്രദ്ധയോടെ നേരിടാനുള്ള ഒരുക്കത്തിലാണ് മോര്‍ഗനും സംഘവും. ഇംഗ്ലണ്ട് ബാറ്റിങ് നിരയും കിവീസിന്റെ ബൗളിങ് നിരയും തമ്മിലുള്ള പോരാട്ടമായിരിക്കും ഇന്നത്തേത്. അതേസമയം, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍ എന്നിവര്‍ തിളങ്ങിയാല്‍ മികച്ച സ്‌കോര്‍ നേടാനാവുമെന്ന പ്രതീക്ഷയിലാണ് ന്യൂസിലന്‍ഡ്.
പുതിയ അവകാശി ആര് ?
ലണ്ടന്‍: 16-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ രൂപം കൊണ്ട ക്രിക്കറ്റെന്ന ലോക മാമാങ്കത്തിന് ഇന്ന് പുതിയ അവകാശികളുണ്ടാകും. ഇന്ന് ലോര്‍ഡ്‌സില്‍ ഫൈനലില്‍ ഏറ്റുമുട്ടുന്ന ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഇതുവരെ കിരീടം സ്വന്തമാക്കിയിട്ടില്ല. ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ജന്‍മദേശമാണെങ്കിലും ഇതുവരെ കിരീടം സ്വന്തമാക്കാന്‍ ഇംഗ്ലീഷ് സംഘത്തിനായിട്ടില്ല.
1877 ല്‍ ആദ്യമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ഇംഗ്ലണ്ട് ഇതുവരെ ശ്രമിച്ചിട്ടും നേടാത്ത സ്വപ്നം ഇന്ന് സാക്ഷാത്കരിക്കും എന്ന പ്രതീക്ഷയിലാണ്. ലോകകപ്പില്‍ ഇംഗ്ലണ്ടുകാരുടെ ഇതുവരെയുള്ള നേട്ടങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. 1975ല്‍ ലോകകപ്പ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഇംഗ്ലീഷ് സംഘം 12-ാം തവണയാണിത് കിരീടം തേടി ലോകവേദിയിലെത്തുന്നത്. 1979 ഫൈനലില്‍ പ്രവേശിച്ചെങ്കിലും എതിരാളിയായ വിന്‍ഡീസ് കിരീടവുമായി നാട്ടിലേക്ക് മടങ്ങി. ഇതോടെ വീണ്ടും കിരീടത്തിനായി കാത്തിരിപ്പ്. പിന്നീട് 1987ലായിരുന്നു ഇംഗ്ലണ്ട് ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.
എന്നാല്‍ ഇത്തവണ ആസ്‌ത്രേലിയയായിരുന്നു ഇംഗ്ലണ്ടിന്റെ എതിരാളികള്‍. രണ്ടാം ശ്രമത്തിലും ഇംഗ്ലണ്ട് ഫൈനലില്‍ പരാജയപ്പെട്ടു. ആസ്‌ത്രേലിയ കപ്പുമായി മടങ്ങി. തുടര്‍ന്ന് 1992ല്‍ ആസ്‌ത്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന മത്സരത്തില്‍ വീണ്ടും ഇംഗ്ലീഷ് സംഘം ഫൈനലില്‍ പ്രവേശിച്ചു.
എന്നാല്‍ ഇത്തവണ പാകിസ്താന്‍ 22 റണ്‍സിന് ഇംഗ്ലണ്ടിന് തോല്‍പ്പിച്ച് കിരീടവുമായി മടങ്ങി. ഇന്നിപ്പോള്‍ തങ്ങളുടെ നാലാം ഫൈനലില്‍ കിവീസിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ഇംഗ്ലീഷുകാര്‍. ലോകകപ്പ് ക്രിക്കറ്റില്‍ വലിയ നേട്ടമൊന്നും അവകാശപ്പെടാനില്ലാത്ത ന്യൂസിലന്‍ഡ് തങ്ങളുടെ രണ്ടാം ഫൈനലിലാണ് ഇന്ന് ഇറങ്ങുന്നത്.
തങ്ങളുടെ പന്ത്രണ്ടാം ലോകകപ്പില്‍ ഇംഗ്ലണ്ടിനേ നേരിടുമ്പോള്‍ ആദ്യ കിരീടമെന്ന മോഹം തന്നെയാണ് കിവികളുടെ ഉള്ളിലും. 1975 മുതല്‍ ലോകകപ്പ് വേദികളില്‍ എത്താറുണ്ടെങ്കിലും കാര്യമായി ഒന്നും നടന്നില്ല. 2015ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ ഫൈനലില്‍ പ്രവേശിച്ചു. എന്നാല്‍ ഫൈനലില്‍ ആസ്‌ത്രേലിയന്‍ ടീമിന് മുന്നില്‍ കിരീടത്തിലേക്കുള്ള ആദ്യശ്രമം പരാജയപ്പെട്ടു. കിവികളുടെ കിരീടം നേടുന്നതിനുള്ള രണ്ടാമത്തെ ശ്രമമാണ് ഇന്ന്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."