കൊല്ലം - തിരുമംഗലം ദേശീയപാതയില്‍ 15 ടണ്‍ വരെയുള്ള ലോറികള്‍ കടത്തിവിടും
പുനലൂര്‍: കൊല്ലം - തിരുമംഗലം ദേശീയപാതയിലെ തെന്മല എം.എസ്.എല്ലില്‍ മഴക്കെടുതി മൂലം തകര്‍ന്ന റോഡിലൂടെ 15 ടണ്‍ വരെ ഭാരം കയറ്റിയ ലോറികള്‍ കടത്തിവിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇന്നലെ മുതലാണ് ഉത്തരവ് നിലവില്‍ വന്നത്. നേരത്തെ 10 ടണ്‍ വരെ ഭാരം കയറ്റിയ ലോറികള്‍ക്ക് മാത്രമായിരുന്നു ഇതുവഴി സഞ്ചരിക്കാന്‍ അനുമതി.
കഴിഞ്ഞമാസം പെയ്ത കനത്ത മഴയിലാണ് എം.എസ്.എല്ലിലെ പാതയോരത്ത് വിള്ളല്‍ വീണത്. തുടര്‍ന്ന് രണ്ടാഴ്ചയോളം ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. പിന്നീട് ചെറുവാഹനങ്ങള്‍ കടത്തി വിട്ടെങ്കിലും തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ചരക്കുമായി എത്തേണ്ട ലോറികള്‍ നാഗര്‍കോവില്‍ വഴി ചുറ്റിയാണ് എത്തിയിരുന്നത്.
തുടര്‍ന്ന് പാതയോരത്ത് മണ്‍ചാക്കുകള്‍ അടുക്കി താല്‍കാലിക സംരക്ഷണ ഭിത്തി നിര്‍മിച്ചു. വിള്ളല്‍ വീണ ഭാഗങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്തു ബലപ്പടുത്തിയ ശേഷം ഇതിന് മുകളില്‍ കോണ്‍ക്രീറ്റ് കൈവരികളും സ്ഥാപിച്ചു. പിന്നീടാണ് പത്ത് ടണ്‍വരെ ഭാരമുള്ള ചരക്കുവാഹനങ്ങള്‍ ഇതുവഴി കടത്തിവിട്ടത്. ഇന്നലെ മുതല്‍ 15 ടണ്‍ ഭാരം കയറ്റിയ ലോറികളും കടത്തിവിട്ടുകൊണ്ടുള്ള ഉത്തരവ് തിരുനെല്‍വേലി ജില്ലാ കലക്ടര്‍ക്കും ദേശീയപാത ഉദ്യോഗസ്ഥര്‍ക്കും കൈമാറി. കൂടാതെ റോഡിന്റെ വീതി വര്‍ധിപ്പിക്കുന്നതിനും പാതയോരത്ത് കോണ്‍ക്രീറ്റ് ചെയ്ത പുതിയ സംരക്ഷണ ഭിത്തി സ്ഥാപിക്കുന്നതിനുമുള്ള എസ്റ്റിമേറ്റും സര്‍ക്കാരിന് സമര്‍പ്പിച്ചു. പുനലൂര്‍ മുതല്‍ കോട്ടവാസല്‍ വരെയുള്ള പാതയോരത്ത് ഓടകള്‍ നിര്‍മിക്കാന്‍ ഒന്‍പത് കോടി രൂപ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ചിട്ടുള്ളതായി ദേശീയപാത വിഭാഗം അസി.എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പറഞ്ഞു. ഇതിനൊപ്പം എം.എസ്.എല്ലിലെ ഇടുങ്ങിയ പാതയുടെ വീതി കൂട്ടാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."