ദേശീയപാതാ വികസനം: സര്‍വേ നടപടികള്‍ തടസപ്പെടുത്തുന്നതിനെതിരേ ജില്ലാ കലക്ടര്‍
കോഴിക്കോട്: ദേശീയപാത 45 മീറ്ററില്‍ നാലുവരിപ്പാതയായി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്ന സര്‍വേ നടപടികളുമായി സ്ഥലമുടമകള്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചോറോട് വില്ലേജിലെ സ്ഥലമുടമകളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി ഏറ്റെടുക്കലിന്റെ മുന്നോടിയായി നടത്തുന്ന സര്‍വേ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനായാല്‍ മാത്രമേ അലൈന്‍മെന്റ് അടക്കമുള്ള വിഷയങ്ങളില്‍ എന്തെങ്കിലും അപാകതകള്‍ വന്നിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നാഷനല്‍ ഹൈവേ അതോറിറ്റിയുമായി ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ സാധിക്കൂ. സര്‍വേ നടപടികള്‍ തടസപ്പെടുത്തുന്നത് ഇതിനുള്ള അവസരം നഷ്ടപ്പെടുന്ന സാഹചര്യം സൃഷ്ടിക്കാന്‍ മാത്രമേ ഉപകരിക്കൂവെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
സ്വകാര്യ-സര്‍ക്കാര്‍ ഭൂമികള്‍ അളന്ന് തിട്ടപ്പെടുത്താനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. അതു തടയാന്‍ ശ്രമിക്കുന്നത് ഓദ്യോഗിക കൃത്യനിര്‍വഹണത്തിനു തടസം സൃഷ്ടിക്കലാകും. അതനുസരിച്ചുള്ള കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. നാഷനല്‍ ഹൈവേ ആക്ട് പ്രകാരമാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ മുന്നോട്ടുപോകുന്നതെങ്കിലും പുതിയ ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരമാണ് നഷ്ടപരിഹാരം നല്‍കുക.
ഇതുപ്രകാരം ഭൂമിക്ക് മികച്ച വില ലഭിക്കുന്നതോടൊപ്പം കെട്ടിടം നഷ്ടമാകുന്നവര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ പുതിയൊരു കെട്ടിടം നിര്‍മിക്കാനുള്ള തുകയും നല്‍കും. ഏറ്റെടുക്കലിനു ശേഷമുള്ള ഭൂമി ഉപയോഗശൂന്യമാകുന്ന കേസുകളില്‍ അത്കൂടി സര്‍ക്കാര്‍ വാങ്ങി നഷ്ടപരിഹാരം നല്‍കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പതിറ്റാണ്ടുകളായി തീരുമാനമാകാതെ കിടക്കുന്ന ഈ വിഷയത്തില്‍ എത്രയും വേഗം പരിഹാരമുണ്ടാക്കണമെന്ന സ്ഥലമുടമകളുടെ അപേക്ഷകളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് യോഗം വിളിച്ചത്.
യോഗത്തില്‍ ഉന്നയിക്കപ്പെട്ട പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കേസുകള്‍ ആ രീതിയില്‍ പരിഗണിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, വടകര തഹസില്‍ദാര്‍ (എല്‍.എ) മോഹന്‍കുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."