കടല്‍ക്കരയിലെ മണലെടുത്തുള്ള നിര്‍മാണം തടഞ്ഞു
കഴക്കൂട്ടം: ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായുള്ള മിനി ഓഡിറ്റോറിയ നിര്‍മ്മാണത്തിന്റെ അടിത്തറ കടല്‍ക്കരയിലെ മണലെടുത്ത് നികത്തിയത് ജനം തടഞ്ഞു. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് 14 ലക്ഷം മുടക്കി തുമ്പ കടല്‍ തീരത്ത് കുട്ടികള്‍ക്കായി നിര്‍മ്മിക്കുന്ന മിനി ഓഡിറ്റോറിത്തിന്റെയും കുട്ടികളുടെ പാര്‍ക്കിന്റെയും അടിത്തറ കടല്‍ക്കരയിലെ മണലെടുത്ത് നികത്തിയതാണ് നാട്ടുകാര്‍ തടഞ്ഞത്.
കഴിഞ്ഞ രണ്ട് ദിവസമായി ജെ.സി.ബി ഉപയോഗിച്ച് കടല്‍ക്കരയില്‍ നിന്നും മണലെടുത്ത് അടിത്തറ നികത്തുന്ന ജോലി നടന്ന് വരികയായിരുന്നു. ഈ ദിവസങ്ങളില്‍ ചെറിയ രീതിയില്‍ നാട്ടുകാരുടെ പ്രതിഷേധമുണ്ടായതോടെ അധികൃതര്‍ ഇടപ്പെട്ട് പൊലിസ് കാവലിലാണ് മണലെടുത്തത്. ഇന്നലെ ജനം സംഘടിച്ച് പ്രതിഷേധവുമായി എത്തിയതോടെ കരാറുകാരന്‍ സ്വമേധയാ തന്നെ ഇവിടെ ഫില്ല് ചെയ്യ്ത മണല്‍ ജെ.സി.ബി ഉപയോഗിച്ച് മണലെടുത്ത സ്ഥലത്ത് തന്നെ നിക്ഷേപിക്കുകയും ചെയ്തു. തുമ്പ തീരം വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ത്രമായി മാറിയതോടെയാണ് ബ്ലോക്ക് അംഗം ജോളി പത്രോസിന്റെ ശ്രമഫലമായി തീരത്ത് മിനി ഹാളും കുട്ടികളുടെ പാര്‍ക്കും നിര്‍മിക്കുവാന്‍ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് 14 ലക്ഷം അനുവദിച്ചത്.
നിര്‍മാണ പ്രവര്‍ത്തനത്തിനായുള്ള തൊഴിലാളികളും മണലൊഴിച്ചുള്ള മറ്റ് സാധനങ്ങളുമാണ് കരാറില്‍ അനുവദിച്ചതെന്നാണ് ജോളി പത്രോസ് പറയുന്നത്. നിര്‍മാണത്തിന് ആവിശ്യമായ മണല്‍ കടല്‍ക്കരയില്‍ നിന്ന് തന്നെ എടുക്കാനാണ് കരാറിലുള്ളതെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."