കൊച്ചിയില്‍ മയക്കുമരുന്നെത്തിച്ചത് ഗള്‍ഫിലേക്ക് കടത്താന്‍
കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയില്‍ പിടികൂടിയ 200കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് എം.ഡി.എം.എ (മെത്തലിന്‍ ഡയോക്‌സി മെത്താഫിറ്റമിന്‍) എത്തിച്ചതു നെടുമ്പാശ്ശേരി വിമാനത്താവളംവഴി ഗള്‍ഫ് രാജ്യങ്ങളിലേക്കു കടത്താനെന്ന് എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എ.എസ് രഞ്ജിത്ത്.
എം.ഡി.എം.എ സൂക്ഷിച്ച പെട്ടികളില്‍നിന്നു ലഭിച്ച ചില പേപ്പറുകളില്‍നിന്നാണ് എക്‌സൈസിന് ഈ സൂചന ലഭിച്ചത്. 32 കിലോ തൂക്കം വരുന്ന മയക്കുമരുന്നാണ് എറണാകുളം എം.ജി റോഡില്‍ ഷേണായീസിനു സമീപം പ്രവര്‍ത്തിക്കുന്ന കൊറിയര്‍ കമ്പനിയുടെ പാര്‍സല്‍ പായ്ക്കറ്റില്‍നിന്നു കണ്ടെത്തിയത്. സാരിയില്‍ അറകളാക്കി പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു ഇവ.എറണാകുളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘമാണ് മയക്കുമരുന്ന് കടത്തിനു പിന്നിലെന്നും സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് എറണാകുളം ഡിവിഷണല്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ ടി. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു. അന്താരാഷ്ട്ര മയക്കുമരുന്ന് ലോബികള്‍ക്ക് ഇതുമായി ബന്ധമുണ്ടെന്നാണ് എക്‌സൈസ് കരുതുന്നത്. അതുകൊണ്ടുതന്നെ വിശദമായ അന്വേഷണം വേണ്ടിവരുമെന്ന് അധികൃതര്‍ അറിയിച്ചു.
പിടിച്ചെടുത്ത എം.ഡി.എം.എ ഇന്നു കാക്കനാട്ടുള്ള റീജ്യനല്‍ അനലറ്റിക്കല്‍ ലബോറട്ടറിയില്‍ പരിശോധനയ്ക്കയക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."