വരാനിരിക്കുന്നത് യഥാര്‍ഥ നവോത്ഥാന നാളുകള്‍
കേരളം നവോത്ഥാന പാതയിലാണെന്നു പറയുന്നു സര്‍ക്കാര്‍. എന്നാല്‍ യഥാര്‍ഥ നവോത്ഥാനം വൈകാരികമായി തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍നിന്ന് ആരംഭിച്ചിരിക്കുകയാണ്, ആരുടെയും ആഹ്വാനത്തിനു കാത്തുനില്‍ക്കാതെ രാഷ്ട്രീയ ഫാസിസത്തിനെതിരേയാണ് അതാരംഭിച്ചിരിക്കുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പേ ഡല്‍ഹി പെണ്‍കുട്ടിക്കു നേരെയുണ്ടായ ബലാത്സംഗത്തിനെതിരേ ആളുകള്‍ പ്രതിഷേധമുയര്‍ത്തിയതിനെക്കാള്‍ വലിയ ചലനങ്ങള്‍ ഈ വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിനുണ്ടാകുമെന്നു തീര്‍ച്ചയാണ്. മാധ്യമ സൃഷ്ടിയെന്ന് ഇതിനെ പറഞ്ഞുതള്ളാന്‍ പറ്റില്ല. ചാനല്‍ റൂമിലെ അന്തിചര്‍ച്ചയിലെ ഒരു വിഷയമായിരുന്നില്ല ഇന്നലത്തെ യൂനിവേഴ്‌സിറ്റി കോളജിലെ പ്രകടനം. അവര്‍ അവിടെയനുഭവിക്കുന്ന ശാരീരിക മാനസിക പീഡനങ്ങളുടെ വിസ്‌ഫോടനമാണ് അതിലൂടെ ഉണ്ടായത്. കാംപസുകളില്‍ ഏകപക്ഷീയമായി നടക്കുന്ന സദാചാര ഗുണ്ടായിസത്തിന്റെ ഏറ്റവും പുതിയ ഒന്നാണു കത്തിക്കുത്ത്. ഇതു വിദ്യാര്‍ഥി മുന്നേറ്റത്തിനു കാരണമായി എന്നു മാത്രം. വിദ്യാഭ്യാസ സമ്പ്രദായം അടിമുടി മാറിയെങ്കിലും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം ദിനംപ്രതി മോശമാകുന്നുവെന്നതാണു വസ്തുത. നിയന്ത്രിക്കേണ്ട ഇവരുടെ സ്വന്തം രാഷ്ട്രീയപാര്‍ട്ടികള്‍ ഇതിലും ജീര്‍ണതയിലാണെന്നതാണു യാഥാര്‍ഥ്യം.
വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനമെന്നതു കേവലമൊരു ആള്‍ക്കൂട്ടമായി മാറുമ്പോള്‍ തെരുവില്‍ തങ്ങള്‍ക്ക് ഇഷ്ടമല്ലാത്തതു കാണുമ്പോള്‍ തല്ലിക്കൊല്ലുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ ഉത്തരേന്ത്യന്‍ മാതൃകയുടെ തനിയാവര്‍ത്തനം തന്നെയാണു വിദ്യാര്‍ഥി രാഷ്ട്രീയം, പ്രത്യേകിച്ച് എസ്.എഫ്.ഐക്കു മൃഗീയ മേല്‍ക്കൈയുള്ള കാംപസുകളില്‍ ഇന്നു നടക്കുന്നത്. തെരുവില്‍നിന്നു കാംപസിലെ അസഹിഷ്ണുതയ്ക്കുള്ള വ്യത്യാസം നടയടിയുടെ ഇരകളായി സ്വന്തം സംഘടനയിലെ പ്രവര്‍ത്തകരും പെടും എന്നതാണ്. നടയടിക്കിരയാകുന്നവര്‍ പലപ്പോഴും രാഷ്ട്രീയ ബോധമുള്ളവരും നാട്ടില്‍ നല്ല പ്രവര്‍ത്തനം നടത്തുന്നവരോ അവരുടെ മക്കളോ ആയിരിക്കുമെന്നതാണു യാഥാര്‍ഥ്യം. കേരളത്തിലെ രാഷ്ട്രീയ ഫാസിസത്തിനിരയാകുന്ന മറ്റു സംഘടനകളില്‍ പെടാത്ത നിശബ്ദമാക്കപ്പെട്ട ഒരുവിഭാഗം കായിക വിദ്യാര്‍ഥികളാണ്. ശാരീരികമായി നല്ല ആരോഗ്യമുള്ള കായിക വിദ്യാര്‍ഥികളെ പലപ്പോഴും അതിന്റെ നാലിലൊന്ന് ആരോഗ്യം പോലുമില്ലാത്ത കുട്ടി നേതാക്കള്‍ ആള്‍ക്കൂട്ടബലത്തില്‍ ആക്രമിക്കുന്നു. ഒടുവില്‍ ജോലി പ്രതീക്ഷയുള്ള കായിക വിദ്യാര്‍ഥികള്‍ ഭാവിയോര്‍ത്ത് കേസില്‍നിന്നു പിന്നോട്ടുപോകുന്നതും കാണാം. കോളജിന്റെ യശസുയര്‍ത്തിയ താരങ്ങള്‍ക്കുള്ള യൂനിയന്റെ സ്വീകരണമാണിത്.
മുദ്രാവാക്യങ്ങളുടെ ചരിത്രം
ലോക ചരിത്രത്തിലിടം നേടിയ മുദ്രാവാക്യമാണ് 'സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്നത്. ഫ്രഞ്ച് ജനതയെ വിപ്ലവത്തിലേക്കു നയിച്ച ചാലക ശക്തിയായിരുന്നു ഇത്. ഞാന്‍ പറയുന്നത് അങ്ങോട്ട് കേട്ടാല്‍ മതി ഇങ്ങോട്ട് ഒന്നും പറയേണ്ട എന്ന ലൂയി പതിനാലാമന്റെ 'ഞാനാണു രാഷ്ട്ര'മെന്ന സങ്കല്‍പ്പത്തിന്റെ കൊടിയ നീതി നിഷേധത്തിനെതിരായാണു മുദ്രാവാക്യവും ഫ്രഞ്ച് വിപ്ലവവും ഉണ്ടാകുന്നത്. കാലാന്തരത്തില്‍ ഈ ഉന്നതമായ ജനാധിപത്യ മൂല്യങ്ങള്‍ വിദ്യാര്‍ഥി സംഘടനകള്‍ സ്വീകരിക്കുകയും പതാകയിലേക്കു പോലും ആലേഖനം ചെയ്യുകയും ചെയ്തു. പക്ഷേ പ്രവൃത്തിയിലതു ലൂയി പതിനാലാമന്റേതിനെക്കാള്‍ ഇരട്ടി നീതി നിഷേധത്തിന്റെ രൂപത്തിലേക്കു പരിണമിക്കുകയും ചെയ്തു. കാംപസുകളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും തുടര്‍ക്കഥകളായി. നാട്ടിലെ ക്രമസമാധാനം നിലനിര്‍ത്തേണ്ട പൊലിസിനു കാംപസിലെ ക്രമസമാധാനം നിലനിര്‍ത്തേണ്ട ഗതികേടായി. പ്രതികരിക്കുന്ന വിദ്യാര്‍ഥികളും അധ്യാപകരും നിശബ്ദമാക്കപ്പെട്ടു.
പ്രൗഢി നഷ്ടപ്പെട്ട കലാലയങ്ങള്‍
പാരമ്പര്യം കൊണ്ടും സമൂഹത്തിനു നല്‍കിയ സംഭാവനകള്‍ കൊണ്ടും പേരെടുത്ത കോളജുകളാണു യൂനിവേഴ്‌സിറ്റി കോളജ്, മഹാരാജാസ് കോളജ്, കേരളവര്‍മ കോളജ്, വിക്ടോറിയ കോളജ് തുടങ്ങിയവ. കേരളത്തിലെ വിദ്യാര്‍ഥി രാഷ്ട്രീയം തിരുവനന്തപുരം എം.ജി ഉള്‍പ്പെടെയുള്ള പല പ്രമുഖ കലാലയങ്ങളിലും നിരോധിച്ചപ്പോഴും ജനാധിപത്യ ബോധത്താല്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന കലാലയങ്ങളാണിത്. പക്ഷേ ഇവിടങ്ങളിലെ സംഘടനാ സ്വാതന്ത്ര്യം അതിന്റെ എല്ലാ സീമകളും ലംഘിച്ച് പുരയ്ക്കു ഭീഷണിയായി നില്‍ക്കുന്ന മരം പോലെയായിരിക്കുന്നു. തെറ്റുകള്‍ തുടര്‍ക്കഥയാകുന്നു... വിദ്യാര്‍ഥി സംഘടനകള്‍ പ്രതിക്കൂട്ടിലാകുന്നു... കോളജിന്റെ പ്രൗഢി നഷ്ടമാവുന്നു. കേരളത്തില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിനു മരണമണിയടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ഓരോ ന്യായങ്ങളാകുന്നു ഇത്തരം സംഭവങ്ങള്‍. ഒരു പൊതുതാല്‍പര്യ ഹരജിയില്‍ തങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കുമെന്ന ബോധം പോലുമില്ലാതെ കിട്ടിയ സ്വാതന്ത്ര്യം വിദ്യാര്‍ഥി സംഘടനകള്‍ ദുരുപയോഗപ്പെടുത്തുന്നു.
'സഖാവ്'അര്‍ഥം
നഷ്ടപ്പെട്ടുപോയ വാക്ക്
'സഖാവെ' എന്നു വിളിക്കുമ്പോള്‍ വിളിക്കുന്ന ആളും വിളിക്കപ്പെടുന്ന ആളുമനുഭവിക്കുന്ന ഒരു ആനന്ദമുണ്ടായിരുന്നു. രാഷ്ട്രീയ എതിരാളികള്‍ പോലും സഖാവെ എന്നുപറഞ്ഞ് അഭിസംബോധന ചെയ്യാറുണ്ട്. പ്രിയ സുഹൃത്തിനു നല്‍കുന്ന ബഹുമാനവും കരുതലും ഈ വാക്കിലടങ്ങിയിട്ടുണ്ട്. ഒരുപക്ഷെ അമ്മ, അച്ഛന്‍ എന്നീ വാക്കുകള്‍ കഴിഞ്ഞാല്‍ അതുപോലെ ഏറ്റവും മികച്ച വാക്ക് സഖാവായിരിക്കും. കേവലമൊരു പ്രത്യയശാസ്ത്രത്തിന്റെ ചട്ടക്കൂട്ടിലടയ്ക്കാന്‍ പറ്റുന്ന ഒരു വാക്കല്ലിത്. സൗഹൃദങ്ങള്‍ പൂക്കുന്ന കാംപസിന്റെ അടയാളപ്പെടുത്തുന്ന ഒരു വാക്കാണത്. സ്വന്തം പ്രത്യയശാസ്ത്രത്തിനപ്പുറം എല്ലാവരെയും സുഹൃത്തുക്കളായി കാണുമ്പോഴാണ് ആ അര്‍ഥം പൂര്‍ണമാകുന്നത്. എന്നാലിന്ന് സ്വയം പ്രഖ്യാപിത സഖാക്കള്‍ സ്വന്തക്കാരെ പോലും കുത്തുന്ന രീതിയിലേക്കു പോയപ്പോള്‍ നഷ്ടപ്പെട്ടതു സഖാവെന്ന വാക്കിന്റെ അര്‍ഥം തന്നെയാണ്. കലാലയ സംഘര്‍ഷങ്ങളിലെ ഒരുഭാഗത്ത് എന്നും പ്രതിക്കൂട്ടില്‍ എസ്.എഫ്.ഐ തന്നെയാകുന്നു.
കുറ്റക്കാര്‍ ആര്?
പ്ലസ്ടുവിന് ഉന്നതവിജയം നേടിവരുന്ന വിദ്യാര്‍ഥികള്‍ കലാലയങ്ങളിലെത്തുമ്പോള്‍ ഒരുവര്‍ഷം കൊണ്ട് എന്തും ചെയ്യാന്‍ മടിക്കാത്തവരായി വളരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?, പ്രതിക്കൂട്ടിലാരാണ്.. ഈ വിദ്യാര്‍ഥികളോ? ഉത്തരം അല്ല എന്നു തന്നെയാണ്. അവര്‍ കാംപസിലേക്കു കടന്നുവരുമ്പോള്‍ കാണുന്ന സമ്പ്രദായം അവര്‍ പിന്തുടരുന്നുവെന്നു മാത്രം. ഇതിന് ഉത്തരവാദികള്‍ മൂന്നുപേരാണ്. ഒന്ന് ജാഥയ്ക്ക് ആള്‍ വേണം എന്നുള്ളതു കൊണ്ടു വിദ്യാര്‍ഥി നേതാക്കളെ കയറൂരി വിട്ട രാഷ്ട്രീയ പാര്‍ട്ടികളാണ്, രണ്ടാമത്തേതു വിദ്യാര്‍ഥികള്‍ തെറ്റുചെയ്യുമ്പോള്‍ അതിനെതിരേ നടപടിയെടുക്കാന്‍ തുനിയുമ്പോള്‍ വിലങ്ങുതടിയാവുന്ന രാഷ്ട്രീയഭ്രമം ബാധിച്ച ഒരുകൂട്ടം അധ്യാപകരാണ്. മൂന്നാമതൊരു കൂട്ടര്‍ തങ്ങളുടെ മക്കള്‍ കാംപസില്‍ നടത്തുന്ന പ്രവൃത്തികള്‍ അധ്യാപകര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ മക്കളെ അമിതമായി വിശ്വസിച്ച് വാദിയെ പ്രതിയാക്കുന്ന രക്ഷിതാക്കളാണ്. പരീക്ഷാഫലം മോശമായാല്‍ സ്‌കൂളില്‍ പിള്ളേരെ കിട്ടില്ല. പാരമ്പര്യം അതിന്റെ വഴിക്കു പോകും. അതുകൊണ്ടു തന്നെ കുട്ടികളുടെ മേല്‍ അധ്യാപകര്‍ക്ക് ഒരു കണ്ണും കുറച്ച് അച്ചടക്കവും സ്‌കൂളുകളിലുണ്ട്. എന്നാല്‍ കോളജില്‍ ഫലം മോശമായാലും കുട്ടികള്‍ വരും മാത്രമല്ല, ജോലിക്കു ഭീഷണിയുമില്ല. സേഫ് സോണിലാണ് അധ്യാപകര്‍. അവരുടെ മക്കളും നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വളരെ സേഫാണ്.
വിദ്യാര്‍ഥി രാഷ്ട്രീയം
നിലനില്‍ക്കണം
വിദ്യാര്‍ഥി സംഘടനകളില്ലാത്തൊരു കാംപസില്‍ മാനേജ്‌മെന്റും അധ്യാപകരുമാണു കാര്യങ്ങള്‍ നിശ്ചയിക്കുക. ഇന്റേണല്‍ മാര്‍ക്കിനായി നിശബ്ദമായി അധ്യാപകനെ മണിയടിച്ചുള്ള സമയം കാംപസ് ജീവിതം തള്ളിനീക്കേണ്ട അവസ്ഥയിലാകും വിദ്യാര്‍ഥികള്‍. യുവാക്കള്‍ കൂടുതല്‍ മതവല്‍ക്കരിപ്പെടുന്നു, ജാതി വല്‍ക്കരിക്കപ്പെടുന്നു. എന്തൊക്കെ കുറ്റംപറഞ്ഞാലും വിദ്യാര്‍ഥി സംഘടനകള്‍ പ്രതിനിധീകരിക്കുന്നത് എല്ലാ വിഭാഗങ്ങളെയുമാണ്. അവിടെ സങ്കുചിത ചിന്തകള്‍ക്കു സ്ഥാവും അവസരവുമില്ല. വിദ്യാര്‍ഥി സംഘടനകളുടെ അസാന്നിധ്യം കാംപസുകളെ ധ്രുവീകരിക്കുന്നതിലേക്കും പതിയെ സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതിലേക്കും എത്തിക്കുമെന്നു തീര്‍ച്ച. അതുകൊണ്ടു തന്നെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം കൂടിവരികയാണു യഥാര്‍ഥത്തില്‍. കേരളം കാത്തിരിക്കുന്നു, വലിയ വിദ്യാര്‍ഥി മുന്നേറ്റങ്ങള്‍ക്കായി. കാംപസിലെ അരാജകത്വത്തിനെതിരായി ഒരുമുന്നേറ്റം കേരളത്തില്‍ ഉണ്ടാകും. മാധ്യമങ്ങളുടെ ഈ ലോകത്ത് ഓരോ സ്ഥലത്തുമുള്ള മുന്നേറ്റങ്ങള്‍ മറ്റു കാംപസുകള്‍ക്കും പ്രചോദനമാകും. അതിന്റെ തുടക്കമാണ് യൂനിവേഴ്‌സിറ്റി കോളജില്‍ കണ്ടത്. നേതൃത്വങ്ങള്‍ ചോദ്യം ചെയ്യപ്പെടും. അധ്യാപകരും നിര്‍ബന്ധിതരാക്കപ്പെടും. കാംപസുകള്‍ ശുദ്ധീകരിക്കപ്പെടും. ജനാധിപത്യവല്‍ക്കരിക്കപ്പെടും തീര്‍ച്ച. യഥാര്‍ഥ നവോത്ഥാനം വരാനിരിക്കുന്നു.
(കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗവും തൃശൂര്‍ കേരളവര്‍മ കോളജ് പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനുമാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."