പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ദേശ്യശുദ്ധി സംശയാസ്പദം
അതിജീവനത്തിനായി കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ ജീവന്മരണ പോരാട്ടം നടത്തുമ്പോഴും കൊവിഡും നോട്ടുനിരോധനവും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്ത ഒരവസരത്തിലും കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിന് പുതിയ മന്ദിരം തിരക്കിട്ട് പണിയുന്നത് സംശയാസ്പദമാണ്. സുപ്രിംകോടതി ഉത്തരവിലൂടെ നിര്‍മാണം നിര്‍ത്തിവച്ചിട്ടും നാനാ ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ വാശിയോടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ഭൂമിപൂജയും ശിലാഫലക പൂജയുമായി മുന്‍പോട്ട് പോകുന്നതിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കേണ്ടിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍, പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നതിന് പിന്നിലെ ലക്ഷ്യം പരിശോധിക്കപ്പെടേണ്ടതുണ്ട്.
രണ്ടാം തവണയും അധികാരത്തില്‍ വന്ന മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ ദൗര്‍ബല്യം മുതലെടുത്ത് ഹിന്ദുത്വ ഭരണത്തിലേക്കുള്ള നടപടികള്‍ ദ്രുതഗതിയിലാക്കിക്കൊണ്ടിരിക്കുകയാണ്. മന്ത്രിസഭയുടെ കാലാവധി കഴിയുന്ന 2024 നകം ഹിന്ദുത്വരാഷ്ട്ര നിര്‍മാണത്തിനുള്ള അടിത്തറ പണിയുക എന്ന ലക്ഷ്യത്തോടെയായിരിക്കണം പഴയതെല്ലാം പൊളിച്ച് മാറ്റി പുതിയ കെട്ടിടങ്ങള്‍ പണിതുകൊണ്ടിരിക്കുന്നത്. പൗരത്വ നിയമഭേദഗതി പാസാക്കിയതും പൊളിക്കപ്പെട്ട ബാബരി മസ്ജിദ് നിന്ന സ്ഥാനത്ത് രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചതും മുസ്‌ലിംകളെ മാത്രം ലക്ഷ്യംവച്ച് മുത്വലാഖ്, 'ലൗ ജിഹാദ്' പോലുള്ള നിയമങ്ങള്‍ പാസാക്കിക്കൊണ്ടിരിക്കുന്നതും പല സംസ്ഥാന തലസ്ഥാന നഗരികളുടെയും പേരുകള്‍ മാറ്റിക്കൊണ്ടിരിക്കുന്നതും ഇതേ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്.
മുഗള്‍ രാജാക്കന്മാര്‍ ഇന്ത്യയ്ക്കായി സമര്‍പ്പിച്ച മഹത്തായ പൈതൃക സ്മാരകങ്ങള്‍ സമ്പൂര്‍ണമായും മായ്ച്ചുകളയുക എന്നത് മാത്രമല്ല ആര്‍.എസ്.എസ് ലക്ഷ്യംവയ്ക്കുന്നത്. രാജ്യത്തിന്റെ മഹത്തായ സ്വാതന്ത്ര്യ സമരത്തെയും തമസ്‌ക്കരിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു പങ്കുമില്ലാത്ത സംഘ്പരിവാറിന് സ്വാതന്ത്ര്യ സമരത്തിന്റേയും സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റേയും ഭാഗമായി തീര്‍ന്ന കെട്ടിടങ്ങളും തെരുവുകളും സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയ മഹാരഥന്മാരായ നേതാക്കളും വിസ്മരിക്കപ്പെടേണ്ടതുണ്ട്. വരും തലമുറകള്‍ ഇവിടെയൊരു സ്വാതന്ത്ര്യ സമരം ഉണ്ടായിരുന്നുവോ എന്നുപോലും സംശയിക്കാന്‍ അവരെ മറവിയുടെ അന്ധകാരത്തിലേക്ക് തള്ളേണ്ടതുണ്ട്. പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെയും രാഷ്ട്രപിതാവ് ഗാന്ധിജിയെയും മറ്റ് സ്വാതന്ത്ര്യ സമര നേതാക്കളെയും കേന്ദ്ര സര്‍ക്കാരും സംഘ്പരിവാറും നിരന്തരം വിമര്‍ശിച്ചുകൊണ്ടിരിക്കുന്നതിന്റെ പൊരുളും മറ്റൊന്നല്ല.
ബ്രിട്ടിഷുകാര്‍ പണിതതാണെങ്കിലും രാജ്യത്തിന്റെ ചരിത്രത്തില്‍ നിരവധി അസുലഭ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചതാണ് നിലവിലെ പാര്‍ലമെന്റ് മന്ദിരം. സ്വതന്ത്ര ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിന് തുടക്കമിട്ട പഞ്ചവത്സര പദ്ധതി നെഹ്‌റു പ്രഖ്യാപിച്ചത് ഈ മന്ദിരത്തില്‍ വച്ചാണ്. ഹിന്ദുത്വ രാഷ്ട്രത്തിന് അടിസ്ഥാന ശിലപാകേണ്ടുന്നതിനാണ് പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മാണത്തിന്റെ ആദ്യപടിയായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമി പൂജയും ശിലാഫലക പൂജയും നടത്തിയതെന്ന് കരുതുന്നതില്‍ തെറ്റില്ല. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥാനത്ത് ശ്രീരാമ ക്ഷേത്രം നിര്‍മിക്കുന്നതിന്റെ ആദ്യപടിയായി ഭൂമിപൂജ നടത്തിയതും പ്രധാനമന്ത്രിയായിരുന്നു. മതേതര രാഷ്ട്രമായ ഇന്ത്യയില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പ്രധാനമന്ത്രി ഭൂമിപൂജ നടത്തുന്നതിന് പിന്നിലെ ലക്ഷ്യം വ്യക്തമാണ്.
പതിവ് പോലെ കോണ്‍ഗ്രസ് ഈ വിഷയത്തിലുള്ള അവരുടെ പ്രതിഷേധം ട്വിറ്ററിലൊതുക്കി. സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ വിമര്‍ശനവും അധരവ്യായാമമായി. പാലാരിവട്ടം പാലം പുനര്‍നിര്‍മാണത്തിന്, മതരഹിതരെന്ന് അവകാശപ്പെടുന്ന കേരളത്തിലെ ഭരണകൂട നേതൃത്വം ഭൂമിപൂജയ്ക്ക് അവസരം നല്‍കുമ്പോള്‍ എങ്ങനെയാണവര്‍ക്ക് പുതിയ പാര്‍ലമെന്റ് മന്ദിര നിര്‍മാണത്തിനായുള്ള ഭൂമി പൂജയെ എതിര്‍ക്കാനാവുക. പൂജിച്ച തേങ്ങയുടയ്ക്കാതെ കെ.എസ്.ആര്‍.ടി.സി ബസ് റോഡില്‍ ഇറങ്ങാറില്ല. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഭൂമി പൂജാ ചടങ്ങിന് ശേഷം പ്രധാനമന്ത്രി ജനാധിപത്യത്തിന്റെ മഹത്വത്തെക്കുറിച്ച് വാചാലനായത് അത്ഭുതപരതന്ത്രരായിട്ടാകും ജനകോടികള്‍ ശ്രവിച്ചിട്ടുണ്ടാവുക. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി പല ജനാധിപത്യവിരുദ്ധ നിയമങ്ങളും അപ്പം ചുട്ടെടുക്കുന്ന ലാഘവത്തോടെ പാസാക്കിയ ഒരു ഭരണകൂടത്തലവനില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ ജനതയ്ക്ക് ജനാധിപത്യത്തിന്റെ മഹത്തായ പാഠങ്ങള്‍ കേള്‍ക്കേണ്ടി വന്നത്. ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നതും ജനാധിപത്യത്തെക്കുറിച്ച് സംസാരിച്ചും ജനാധിപത്യ മാര്‍ഗത്തിലൂടെയുമായിരുന്നു.
സെന്‍ട്രല്‍ വിസ്ത എന്ന് നാമകരണം ചെയ്യപ്പെട്ട 20,000 കോടിയുടെ പദ്ധതിയിന്‍ കീഴിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നത്. 971 കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം പണിയുവാന്‍ നിലവിലെ ഇന്ത്യയുടെ ദരിദ്രാവസ്ഥ, ഭരണകൂടത്തിന് തടസമല്ല. പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിപക്ഷവും സാമ്പത്തിക വിദഗ്ധരും സെന്‍ട്രല്‍ വിസ്ത പദ്ധതിക്കെതിരേ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും അതൊന്നും കേന്ദ്ര സര്‍ക്കാരിനെ പിന്തിരിപ്പിച്ചില്ല. രാജ്യം ആരോഗ്യ അടിയന്തരാവസ്ഥയും സാമ്പത്തിക പ്രതിസന്ധിയും നേരിടുമ്പോള്‍ ആരോഗ്യരംഗത്തെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെ പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നതിന് പിന്നില്‍ സര്‍ക്കാരിന്റെ ഹിഡണ്‍ അജന്‍ഡ തന്നെയാണുള്ളത്.
നിലവിലെ പാര്‍ലമെന്റ് മന്ദിരം പൈതൃക സ്മാരകമായി നിലനിര്‍ത്തുമെന്ന് കേന്ദ്ര പൊതുമരാമത്ത് വിഭാഗം പറയുന്നുണ്ടെങ്കിലും ആ ചരിത്ര മന്ദിരവും പൊളിച്ച് മാറ്റപ്പെട്ടേക്കാം. സ്വാതന്ത്ര്യ സമര ചരിത്രത്തിന്റ തിളക്കമാര്‍ന്ന താളുകളില്‍ രത്‌ന ലിപികളാല്‍ എഴുതിച്ചേര്‍ത്ത സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച എല്ലാ കെട്ടിടങ്ങളും പൊളിച്ചുമാറ്റുന്നതോടെ കാലത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് അവയെക്കുറിച്ചുള്ള ഓര്‍മകള്‍ തള്ളിമാറ്റപ്പെടും. പുതിയ പാര്‍ലമെന്റ് മന്ദിരം യാഥാര്‍ഥ്യമാവുകയാണെങ്കില്‍ ഹിന്ദുത്വ രാഷ്ട്ര ഉപജ്ഞാതാവിന്റെ പേര് ആ കെട്ടിടത്തിന് നാമകരണം ചെയ്യില്ല എന്നതിന് ഇന്നത്തെ സാഹചര്യത്തില്‍ യാതൊരു ഉറപ്പുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."