വൈദ്യുതി തൂണ്‍ അപകട ഭീഷണി ഉയര്‍ത്തുന്നു
മാനന്തവാടി: പാതിയൊടിഞ്ഞ വൈദ്യുതി തൂണ്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. മാനന്തവാടി-കോഴിക്കോട് റോഡില്‍ ആറാംമൈല്‍ പള്ളിക്ക് സമീപമുള്ള 11 കെ.വി വൈദ്യുതി തൂണാണു നടുകെ മുറിഞ്ഞ് തൂങ്ങിയ നിലയിലുള്ളത്.
രണ്ട് പോസ്റ്റുകളിലായുള്ള വൈദ്യുത സംവിധാനത്തില്‍ ഒരു പോസ്റ്റാണ് ഒടിഞ്ഞു തൂങ്ങിയിരിക്കുന്നത്.
നിരവധിയാളുകള്‍ തിങ്ങിനിറഞ്ഞു താമസിക്കുന്നതും ധാരാളം വാഹനങ്ങള്‍ ദിനംപ്രതി കടന്നുപോകുന്നതുമായ പ്രസ്തുത ഭാഗത്ത് ഇത്തരത്തിലൊരു അവസ്ഥ അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.
എന്നാല്‍ പ്രദേശത്ത് വൈദ്യതി ലൈനുകളിലെ അറ്റകുറ്റപണികളും മരശിഖരങ്ങള്‍ മുറിക്കുന്നതുമായ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പോസ്റ്റ് മാറ്റി സ്ഥാപിക്കുമെന്നും കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പലപ്പോഴും വൈദ്യുതി വിതരണം തടസ്സപ്പെടുന്നുണ്ടെന്നും പോസ്റ്റ് മാറ്റുന്നതിന് വേണ്ടി മാത്രം വൈദ്യുതി ഓഫ് ചെയ്തിട്ടാല്‍ പ്രധാന ലൈനായതിനാല്‍ നിരവധിയാളുകളെ അത് ബാധിക്കുമെന്നും അധികൃതര്‍ പറഞ്ഞു. അതുകൊണ്ട് മറ്റ് പ്രവൃത്തികള്‍ക്കായി ലൈന്‍ ഓഫാക്കുന്ന സമയത്ത് പോസ്റ്റ് മാറ്റിയിടാനാണ് തങ്ങളുടെ തീരുമാനമെന്നും കെ.എസ്.ഇ.ബി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."