കേരള സര്‍വകലാശാല ആലപ്പുഴ സെന്ററില്‍ പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു
കായംകുളം: കേരളാ സര്‍വകലാശാലയുടെ ആലപ്പുഴയിലെ കേന്ദ്രത്തില്‍ സെന്റര്‍ ഫോര്‍ റൂറല്‍ സ്റ്റഡീസ,് മള്‍ട്ടി ഡിസിപ്ലിനറി പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
അടുത്ത വര്‍ഷം മുതല്‍ പി.ജി കോഴ്‌സ് ആരംഭിക്കാനും തുടര്‍ന്ന് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുമാണ് തീരുമാനം. ഫിനാന്‍സ് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ.എച്ച് ബാബുജാന്‍ സെനറ്റില്‍ അവതരിപ്പിച്ച ഈ വര്‍ഷത്തെ സര്‍വകലാശാലാ ബജറ്റില്‍ നിര്‍ദേശിച്ച പദ്ധതികളാണ് വിശദമായ ചര്‍ച്ചകള്‍ക്കുശേഷം ഇപ്പോള്‍ സിന്‍ഡിക്കേറ്റ് അംഗീകരിച്ച് നടപ്പിലാക്കുന്നത്. റിസര്‍ച്ച് സെന്റര്‍ ആരംഭിക്കാന്‍ കഴിയുന്ന തരത്തില്‍ ഇവിടുത്തെ ലൈബ്രറി സൗകര്യങ്ങള്‍ വിപുലപ്പെടുത്തുവാനും റഫറന്‍സ് ഗ്രന്ഥങ്ങള്‍ കൂടുതലായി ലൈബ്രറിയില്‍ ശേഖരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
പി.ജി. കോഴ്‌സുകളുടെ വിശദാംശങ്ങളും ഗവേഷണ മേഖലകളെയും കുറിച്ച് റിപ്പോര്‍ട്ടും തയാറാക്കാന്‍ ഐ.ക്യു.എ.സി ഡയറക്ടര്‍ ഡോ. സൈമണ്‍ തട്ടില്‍, കൊമേഴ്‌സ് അധ്യാപിക ഡോ. മഞ്ജു. എസ്. നായര്‍, സോഷ്യോളജി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജയകുമാര്‍ എന്നിവരെ സിന്‍ഡിക്കേറ്റ് ചുമതലപ്പെടുത്തി. വിദ്യാര്‍ഥികള്‍ക്ക് പരമാവധി സര്‍ട്ടിഫിക്കറ്റുകളും സൗകര്യങ്ങളും ഇവിടെ നിന്നും നല്‍കാനും പദ്ധതിയുണ്ട്. പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകളും, അഡീഷനല്‍, ഡീറ്റെയില്‍ഡ് മാര്‍ക്ക്‌ലിസ്റ്റുകളും നല്‍കാനും വിവിധ അപേക്ഷകള്‍ സ്വീകരിക്കാനും നെറ്റ് ബാങ്കിംഗ് വഴി ഫീസ് സ്വീകരിക്കുന്നതിനും സൗകര്യമുണ്ടാക്കും.
ഒരു നോഡല്‍ ഓഫിസറെ ചുമതലപ്പെടുത്തുവാനും ഒരു സെക്ഷന്‍ ഓഫിസറും, അസിസ്റ്റന്റുമാരും അടങ്ങുന്ന ഒരു സെക്ഷന്‍ സൃഷ്ടിക്കുവാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ സിന്‍ഡിക്കേറ്റ് അംഗം ആയിരിക്കേയാണ് ആലപ്പുഴയില്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ആരംഭിച്ചത്. വൈസ് ചാന്‍സിലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."