ആക്രമിക്കുന്നതിന് മുന്‍പ് അര്‍ജുന് അമിത അളവില്‍ കഞ്ചാവ് നല്‍കി
യുവാവിനെ കൊന്ന് ചതുപ്പില്‍ താഴ്ത്തിയ സംഭവം
കൊച്ചി: നെട്ടൂരില്‍ കൊലപ്പെടുത്തിയ ശേഷം ചതുപ്പില്‍ താഴ്ത്തിയ കുമ്പളം സ്വദേശി വിദ്യന്റെ മകന്‍ അര്‍ജുനെ (20) ആക്രമിക്കുന്നതിന് മുന്‍പ് അമിത അളവില്‍ കഞ്ചാവ് നല്‍കിയെന്ന് പ്രതികള്‍ പൊലിസിനു മൊഴിനല്‍കി. പ്രതികളായ നിബിന്‍ പീറ്റര്‍ (20), റോണി റോയി (22), അനന്തു ശിവന്‍ (21), അജിത് ബാഹുലേയന്‍ (22) എന്നിവര്‍ ലഹരി ഉപയോഗിച്ചിരുന്നു. അമിതമായി ലഹരി ഉള്ളില്‍ ചെന്ന അര്‍ജുന്‍ പ്രതിരോധിക്കാനോ കരയാനോ പറ്റാത്ത സാഹചര്യത്തിലായിരുന്നെന്നും ഇവര്‍ വെളിപ്പെടുത്തി.
നിബിന്റെ സഹോദരന്‍ ബൈക്കപകടത്തില്‍ മരിച്ചതിനെക്കുറിച്ച് ചോദിച്ചുകൊണ്ടായിരുന്നു ആക്രമണം. മരക്കഷ്ണം കൊണ്ട് തലയ്ക്ക് അടിയേറ്റു വീണ അര്‍ജുനെ ക്രൂരമായി മര്‍ദിച്ചാണ് കൊലപ്പെടുത്തിയതെന്നും പ്രതികള്‍ പൊലിസിനോട് സമ്മതിച്ചു. രണ്ടാംപ്രതി നിബിന്റെ നിര്‍ദേശപ്രകാരമാണ് അര്‍ജുന്റെ അയല്‍വാസിയും 17കാരനും കഴിഞ്ഞ രണ്ടാം തിയതി രാത്രി പത്തിനു ശേഷം അര്‍ജുനെ നെട്ടൂരിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.
അര്‍ജുനെ കൊലപ്പെടുത്താന്‍ നിബിന്‍ ഒരുവര്‍ഷം മുന്‍പുതന്നെ പദ്ധതിയിട്ടിരുന്നെന്നാണ് പൊലിസിനോടു പറഞ്ഞത്. ഇതിനായി അര്‍ജുനുമായി മനഃപൂര്‍വം സൗഹൃദം സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ബൈക്കപകടത്തില്‍ നിബിന്റെ സഹോദരന്‍ മരിക്കുകയും അര്‍ജുന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റ അര്‍ജുന്‍ പത്തുലക്ഷം രൂപയിലധികം ചെലവഴിച്ച് സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ജീവിതത്തിലേക്ക് തിരികെ വന്നത്.
സഹോദരന്റെ മരണത്തിനു കാരണം അര്‍ജുനാണെന്നാണ് നിബിന്‍ വിശ്വസിച്ചിരുന്നത്. ഇതുതന്നെ കൂടെയുള്ളവരെയും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. അങ്ങനെയാണ് ഇവര്‍ സംഘംചേര്‍ന്ന് അര്‍ജുനെ കൊലപ്പെടുത്താന്‍ പദ്ധതിയിടുന്നതും നടപ്പാക്കിയതും. പ്രതികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വിതരണത്തിന് എറണാകുളത്ത് എത്തിക്കുന്ന സംഘത്തിലെ കണ്ണികളുമാണെന്ന് പൊലിസിന് വ്യക്തമായി.
ഭാരമുള്ള കല്ലുപോലെയുള്ള വസ്തുകൊണ്ട് ഇടിച്ച് പരുക്കേറ്റതിന്റെ പാടുകള്‍ തലയോട്ടിയിലുണ്ടെന്നാണ് അര്‍ജുന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
ശരീരം അഴുകിയ നിലയിലായതിനാല്‍ മറ്റു വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ മനസിലാക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്.
പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലിസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇവരെ നാളെ ഹാജരാക്കാന്‍ എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ ഉള്‍പെട്ടിട്ടുള്ള പ്രായപൂര്‍ത്തിയാകാത്തയാളുടെ കാര്യത്തില്‍ ജുവനൈല്‍ ബോര്‍ഡ് തീരുമാനമെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."