പശുക്കടത്ത് ആരോപിച്ച് അക്രമം: പ്രതികളുടെ മുന്‍കൂര്‍ ജാമ്യം തള്ളി
കാസര്‍കോട്: പശുക്കടത്ത് ആരോപിച്ച് ലോറി ഡ്രൈവറെയും സഹായിയെയും അക്രമിച്ച ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കാസര്‍കോട് ജില്ലാ കോടതി തള്ളി. സംഘ്പരിവാര്‍ പ്രവര്‍ത്തകരും കേസിലെ പ്രതികളുമായ അക്ഷയ്, ഗണേഷ്, മിഥുന്, രാഗേഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. രണ്ടുദിവസം മുന്‍പാണ് പ്രതികള്‍ ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.
ഇവര്‍ക്ക് പുറമെ കണ്ടാലറിയാവുന്ന രണ്ടുപേര്‍ കൂടി കേസില്‍ പ്രതികളാണ്.
കഴിഞ്ഞമാസം 24ന് കര്‍ണാടകയില്‍ നിന്നും കാസര്‍കോട്ടെ ബന്തിയോട്ടേക്ക് വളര്‍ത്തുന്നതിനായി പശുക്കളെയും ഒരു പശുക്കുട്ടിയെയും കൊണ്ടുവരുന്നതിനിടെയാണ് കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ മുഹമ്മദ് കുഞ്ഞിയുടെ മകന് ഹംസ (40), സഹായി പര്‍പുഞ്ചയിലെ ഇബ്രാഹിമിന്റെ മകന് അല്‍ത്താഫ് (30) എന്നിവര്‍ക്ക് നേരെ ആക്രമണം നടന്നത്. ഇവരില്‍ നിന്നും പണവും പ്രതികള്‍ തട്ടിയെടുത്തിരുന്നു. പരുക്കേറ്റ ഇവരെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം, അക്രമം നടത്തിയവരെ പിടികൂടാന്‍ സംഭവം നടന്നു മൂന്നാഴ്ച പിന്നിട്ടിട്ടും പൊലിസിനു കഴിഞ്ഞിരുന്നില്ല. അതിനിടയില്‍ പ്രതികള്‍ക്ക് വേണ്ടി മംഗളൂരുവിലെ ഉന്നത സംഘ്പരിവാര്‍ നേതാക്കള്‍ ബദിയടുക്ക പൊലിസില്‍ എത്തിയെങ്കിലും നിരപരാധികളെ സംഭവത്തില്‍ അറസ്റ്റ് ചെയ്യില്ലെന്ന് വ്യക്തമാക്കി പൊലിസ് നേതാക്കളെ തിരിച്ചയച്ചിരുന്നു.
ഇതിനുശേഷമാണ് പ്രതികള്‍ക്കുവേണ്ടി ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം എത്തിയത്.
പ്രതികള്‍ കര്‍ണാടകയിലെ ആര്.എസ്.എസ് കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുന്നതായി സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."