മദീനയിലെത്തിയ മലയാളി തീര്‍ഥാടകര്‍ക്ക് ഇന്നലെ അല്പം പ്രയാസദിനം
അബ്ദുസ്സലാം കൂടരഞ്ഞി
മദീന: കഴിഞ്ഞ ദിവസം മദീനയിലെത്തിയ ഹജ്ജ് തീര്‍ഥാടകര്‍ക്ക് വിവിധ കാര്യങ്ങളില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നത് തീര്‍ഥാടകര്‍ക്ക് പ്രയാസം സൃഷ്ടിച്ചു. ഹാജിമാരുടെ താമസ കേന്ദ്രങ്ങളിലെ മാറ്റങ്ങളും ഇതോടനുബന്ധിച്ചുണ്ടായ ബാഗേജ് പ്രശ്നങ്ങളും മൊബൈല്‍ ആക്റ്റിവേഷന്‍ തകരാറുമാണ് തീര്‍ഥാടകരെ വലച്ചത്. ഒടുവില്‍ ഏറെ താമസിച്ചാണെങ്കിലും തീര്‍ഥാടകരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതില്‍ ഹജ്ജ് മിഷന് ഇടപെടല്‍ ഫലം കണ്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇക്കാര്യം ഉണ്ടാകാതിരിക്കാന്‍ നിര്‍ദേശങ്ങള്‍ നല്കിയതോടൊപ്പം വേണ്ട നടപടികളും കൈക്കൊണ്ടിട്ടുണ്ട്.
മഹ്റമില്ലാതെ ഏറ്റവും കൂടുതല്‍ മലയാളി തീര്‍ഥാടകരെത്തിയ ദിനമാണ് അല്പം പ്രയാസത്തിലാക്കിയത്. ഇവര്‍ക്ക് നേരത്തേ നിശ്ചയിച്ച കെട്ടിടങ്ങളില്‍ ഏര്‍പ്പെടുത്തിയ താമസ സൗകര്യങ്ങളില്‍ സുഖകരമായിരുന്നെങ്കിലും ഒരേ വിമാനത്തില്‍ എത്തിയ തീര്‍ഥാടകരില്‍ പകുതി പേര് ഒരു കെട്ടിടത്തിലും ബാക്കിയുള്ളവര്‍ക്ക് ഏകദേശം അഞ്ഞൂറ് മീറ്ററോളം അപ്പുറത്തുള്ള മറ്റൊരു കെട്ടിടത്തിലുമാണ് താമസം ഏര്‍പ്പെടുത്തിയത്. എന്നാല്‍ വിമാനത്തില്‍നിന്നു തീര്‍ഥാടകരുടെ ബാഗേജുകള്‍ താമസ കേന്ദ്രങ്ങളിലേക്കെത്തിച്ചപ്പോള് പരസ്പരം മാറിയതോടെ എല്ലാം കുഴഞ്ഞു മറിഞ്ഞു. പല ബാഗേജുകളുടെയും ഉടമസ്ഥര്‍ മറ്റു കെട്ടിടത്തില്‍ ആയത് ഏറെ വലച്ചത് കൂടെയുള്ള ഹജ്ജ് കമ്മിറ്റി കോര്ഡിനേറ്റര്മാരെയാണ്.
ഒടുവില്‍ ഓരോ തീര്‍ഥാടകരുടെയും ബാഗേജുകള്‍ കണ്ടെത്തി അവരവരുടെ താമസ കേന്ദ്രങ്ങളിലേക്ക് ഏറെ പ്രയാസപ്പെട്ട് എത്തിച്ചാണ് പരിഹാരം കണ്ടെത്തിയത്.മദീനയില്‍ ഒരു റൂമില്‍ അഞ്ചു പേര് എന്ന നിലക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഒരു കവറില്‍ നാലു പേരുള്ളവര്‍ക്ക് ഒരു റൂം നല്കുമ്പോള് മറ്റു കവറിലുള്ളവരില് ഒരാളെ കൂടി ഇവിടേക്ക് ചേര്‍ക്കും. ഇതു തീര്ഥാടകാരില് ചിലര്‍ അസൗകര്യമായി ചൂണ്ടിക്കാണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."