ഒരു കോടി രൂപയുടെ ദുരിതാശ്വാസ പദ്ധതിയുമായി ഹോളിഗ്രേസ് ഗ്രൂപ്പ്
മാള: ഹോളിഗ്രേസ് അക്കാദമിയുടെ അതിജീവനം 2018 പദ്ധതിയുടെ ഭാഗമായി ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂഷന്‍സിലെ മാനേജ്മെന്റും സ്റ്റാഫും വിദ്യാര്‍ഥികളും ചേര്‍ന്ന് ഒരു കോടി രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കി.
40 ലക്ഷം രൂപ ചെലവില്‍ പൊതുപ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും തിരഞ്ഞെടുക്കുന്ന എട്ട്വീടുകള് മൂന്ന് വര്‍ഷം കൊണ്ട് നിര്‍മിച്ചു നല്‍കും. പ്രളയബാധിതരായ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി 40 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പും നല്‍കും.
ഒക്ടേബര് ഒന്നിന് മാള ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ക്ലീന്‍ മാള പ്രൊജക്ടിന്റെ സ്പോണ്‍സര്‍ഷിപ്പും ഉള്‍പ്പെടെയാണ് ഒരു കോടി രൂപയുടെ അതിജീവനം 2018 പദ്ധതി നടപ്പിലാക്കുന്നത്. പ്രളയ ദുരിതത്തില്‍ ഹോളിഗ്രേസ് എന്‍ജിനിയറിങ് കോളജില്‍ ദുരിതാശ്വാസ ക്യാംപ് സംഘടിപ്പിച്ചിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിനായി വന്ന 200ല്‍ പരം അര്‍ദ്ധസൈനിക വിഭാഗത്തിന്റെ ക്യാംപും ഇവിടെയായിരുന്നു. കുത്തിയതോട്, കുന്നുകര, വയല്‍ക്കര, കുണ്ടൂര്‍, തേല്ത്തുരുത്ത്, വയനാട്, എന്നി മേഖലകളില്‍ നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റുകളും വിതരണം ചെയ്തു.
പ്രളയബാധിതരായ 88 കുടുംബങ്ങള്‍ക്ക് പുനരധിവാസത്തിനായി അഞ്ച് ലക്ഷം രൂപയുടെ ധനസഹായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ പ്രളയത്തില്‍ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഏഴ് ലക്ഷം രൂപയുടെ യൂനിഫോമും പഠനോപകരണങ്ങളും വിതരണം ചെയ്യുകയുണ്ടായി.
കോട്ടക്കല്‍ കൊവേന്തയില്‍ നടത്തിവന്ന 1800 ഓളം ആളുകളുടെ ക്യാംപിലേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ പാചകം ചെയ്ത് എത്തിച്ചു നല്‍കിയിരുന്നു. സ്ഥാപനത്തിന്റെ ഒരു വര്‍ഷത്തെ കലാകായിക മേളകള്‍ വാര്‍ഷികം തുടങ്ങിയ ആഘോഷ പരിപാടികള്‍ ഒഴിവാക്കിക്കൊണ്ടാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണം നടത്തുന്നത്.
അതിജീവനം 2018 നിര്‍മിച്ചു നല്കുന്ന വീടിന്റെ തറക്കല്ലിടല്‍ ഒക്ടോബര്‍ ഒന്‍പതാം തിയതി നടത്തുമെന്ന് ഹോളിഗ്രേസ് ഗ്രൂപ്പ് മെന്റര്‍ ജിജി തോംസണ്‍, ചെയര്മാന്മാരായ ജോസ് കണ്ണമ്പിള്ളി, സാനി എടാട്ടുകാരന്, വക്കച്ചന് താക്കോല്ക്കാരന് ,പി.ടി.എ പ്രസിഡന്റ് റോയ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."