പനമരത്തെ മദ്യശാലക്ക് ലൈസന്‍സ്: ഇടത് അംഗങ്ങള്‍ കത്ത് നല്‍കിയെന്ന്
പനമരം: ജനവാസ കേന്ദ്രത്തിലെ മദ്യശാലക്ക് ലൈസന്‍സ് നല്‍കണമെന്നാവശ്യപ്പെട്ട് 10 ഇടത് മെംബര്‍മാര്‍ പ്രസിഡന്റിനും സെക്രട്ടറിക്കും കത്ത് നല്‍കിയതായി മദ്യശാല സമര സമിതി വാര്‍ത്താ സമ്മേളനത്തില്‍ അരോപിച്ചു.
കേരള ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണിതെന്നും ഇത് ചര്‍ച്ച ചെയ്യാന്‍ നാളെ ഭരണ സമിതി യോഗം വിളിച്ചതായും ഇവര്‍ പറഞ്ഞു. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മകന്റെ പേരിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച വിദേശ മദ്യശാല അടച്ചു പൂട്ടിയത്. കൂടാതെ തൊട്ടടുത്ത കോളനിയില്‍ നിന്നും നിശ്ചിത ദൂരപരിധിയില്ലാ എന്ന മറ്റൊരു പരാതിയില്‍ ഹൈക്കോടതി മുപ്പതാം തിയതിക്കകം മറുപടി നല്‍കണമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടറോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. രണ്ട് കോടതി വിധിയും പ്രത്യേകഗ്രാമസഭ യോഗം ചേര്‍ന്ന് ബീവറേജിനെതിരേ പ്രമേയം പാസ്സാക്കിയിട്ടും ജനവാസ കേന്ദ്രത്തില്‍ തന്നെ ബീവറേജ് കൊണ്ട് വരുന്നതിന് അണിയറ നീക്കം നടത്തുന്നതിന് ചില ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നതായും ജനഹിതം മാനിക്കാത്ത മെംബര്‍മാര്‍ക്കെതിരേ ഇലക്ഷന്‍ കമ്മീഷനെ സമീപിക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ടന്നും സമരസമിതി അറിയിച്ചു. സമര സമിതി കണ്‍വീനര്‍ ശശി പോള്‍, വൈസ് ചെയര്‍മാന്‍ കെ അബ്ദുല്‍ അസീസ്, എ പുരുഷോത്തമന്‍, വി അസീസ്, അബ്ബാസ് ടി.കെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."