വാഹനങ്ങളുടെ രൂപം മാറ്റണ്ട പണി കിട്ടും
കൊടുങ്ങല്ലൂര്‍: റോഡിലെ വാഹനങ്ങളുടെ രൂപമാറ്റുന്നതിനെതിരേ നടപടിയുമായി പൊലിസ്. രൂപമാറ്റം വരുത്തിയ ആഡംബര ബൈക്കുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് പൊലിസ് നടപടി.
വാഹനങ്ങളില്‍ കമ്പനി നല്‍കുന്ന രൂപകല്‍പ്പനയ്ക്കനുസരിച്ചുള്ള ഹാന്‍ഡില്‍, സൈലന്‍സര്‍, ടയര്‍ തുടങ്ങി വിവിധ ഭാഗങ്ങള്‍ മാറ്റി പകരം മറ്റ് വാഹനഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വരുത്തുന്ന രൂപമാറ്റം നിരവധി സുരക്ഷാപ്രശ്‌നങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
റോഡപകടങ്ങളില്‍ ബഹുഭൂരിപക്ഷവും ഇരുചക്രവാഹനങ്ങള്‍ മൂലമാണുണ്ടാകുന്നത്. ഇവയില്‍ തന്നെ രൂപമാറ്റം വരുത്തിയ വാഹനങ്ങളാണ് ഏറെയും അപകടങ്ങളുണ്ടാക്കിയിട്ടുള്ളത്. വാഹനിര്‍മാണ കമ്പനികള്‍ രൂപകല്‍പന നല്‍കി അംഗീകൃത ടെസ്റ്റിങ് ഏജന്‍സിയുടെ അംഗീകാരത്തോടെ പുറത്തിറക്കുന്ന വാഹനങ്ങളിലെ രൂപമാറ്റം നിയമാനുസൃതമല്ല. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതരില്‍ നിന്നും മുന്‍കൂര്‍ അനുമതി നേടിയ ശേഷം മാനദണ്ഡങ്ങള്‍ക്കനുസരിച്ച് രൂപമാറ്റം വരുത്താം.
ബൈക്കുകളുടെ ഹാന്‍ഡില്‍, സൈലന്‍സര്‍ തുടങ്ങിയവ മാറ്റിവയ്ക്കുന്നതുപോലെ ശാസ്ത്രീയമല്ലാതെ വാഹനത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് അനുമതി ലഭിക്കുകയില്ല.
തീവ്രമായ പ്രകാശമുള്ള ലൈറ്റുകള്‍, എയര്‍ഹോണുകള്‍ എന്നിവ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാണ്. അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയിട്ടുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിയമമുണ്ട്. കൂടാതെ, ഇത്തരം നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് പ്രകാരം പിഴ ചുമത്തുകയും ചെയ്യാം.
എന്നാല്‍ ഈ വിഷയത്തില്‍ അധികൃതര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ല.
ഈയിടെ കൊടുങ്ങല്ലൂരില്‍ രണ്ട് വ്യത്യസ്ത അപകടങ്ങളിലായി രണ്ട് ബാലികമാര്‍ മരണമടഞ്ഞ സംഭവങ്ങളില്‍ വില്ലനായത് ആഡംബര ബൈക്കുകളാണ്.
സമാനമായ രീതിയിലുള്ള നിരവധി അപകടങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് രൂപമാറ്റം വരുത്തുന്ന വാഹനങ്ങള്‍ക്കെതിരേ പൊലിസ് നടപടിക്കൊരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."