മൃതദേഹം മറവ് ചെയ്യാന്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് വോള്‍ട്ടിന് ലൈസന്‍സ് നല്‍കാന്‍ തീരുമാനം തീരുമാനം ഹൈക്കോടതി വിധിയുടെി പശ്ചാത്തലത്തില്‍
തൊടുപുഴ: ന്യൂമാന്‍ കോളജ് ക്യാംപസിലെ വിജ്ഞാനമാതാ പള്ളിയോട് ചേര്‍ന്ന് മൃതദേഹങ്ങള്‍ മറവ് ചെയ്യുന്നതിനായി നിര്‍മിച്ച കോണ്‍ക്രീറ്റ് വോള്‍ട്ടിന് (അറകള്‍) ലൈസന്‍സ് നല്‍കാന്‍ തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനം. യു.ഡി.എഫ്, എല്‍.ഡി.എഫ് അംഗങ്ങള്‍ തീരുമാനത്തോട് യോജിച്ചപ്പോള്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ വിയോജിച്ചു.
അറകളുടെ നിര്‍മാണത്തിന് 2013 സെപ്റ്റംബര്‍ 30ന് ചേര്‍ന്ന കൗണ്‍സില്‍ യോഗം അനുമതി നല്‍കിയിരുന്നതായി യോഗത്തില്‍ വ്യക്തമാക്കി. പിന്നീട് ഇതിന്റെ നിര്‍മാണം സംബന്ധിച്ച് ചില പരാതികള്‍ ഉയര്‍ന്നു. ഇവരുമായി ബന്ധപ്പെട്ടവര്‍ സംസാരിക്കുകയും ചെയ്തു. എങ്കിലും ഇവര്‍ പരാതിയില്‍ ഉറച്ചുനിന്നു. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ കൂടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ നിര്‍മാണാനുമതി നല്‍കി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ താല്‍ക്കാലിക കൈവശവാകാശവും നല്‍കി. ലൈസന്‍സ് കഴിവതും ഒരു മാസത്തിനുള്ളില്‍ നല്‍കണമെന്ന ഹൈക്കോടതി വിധിയുടെ കൂടി പശ്ചാത്തലത്തിലാണ് വോള്‍ട്ടിന് ലൈസന്‍സ് നല്‍കാന്‍ കൗണ്‍സില്‍ തീരുമാനിച്ചത്.
നഗരസഭയുടെ കരാറനുസരിച്ച് ഏറ്റെടുക്കുന്ന ജോലികള്‍ അധികസമയം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കാത്തിന്റെ പേരില്‍ ഒരു കോണ്‍ട്രാക്ടറുടെ ടെണ്ടര്‍ തുറക്കാതിരുന്ന എന്‍ജിനിയറിങ് വിഭാഗത്തിന്റെ നടപടിയില്‍ വിവേചനമുണ്ടെന്ന് സി.പി.എം കൗണ്‍സിലര്‍മാരായ രാജീവ് പുഷ്പാംഗദനും ആര്‍. ഹരിയും ചൂണ്ടിക്കാട്ടി. സമാനമായ രീതിയില്‍ ജോലികള്‍ താമസിപ്പിച്ച മറ്റ് കരാറുകാര്‍ക്കെതിരെ നിലപാട് സ്വീകരിക്കാത്തതാണ് വിമര്‍ശനവിധേയമായത്. ഇക്കാര്യം പിന്നീട് പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്ന് പരിശോധിക്കാന്‍ തീരുമാനിച്ചു.
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം അക്രഡിറ്റഡ് എന്‍ജിനിയര്‍ തസ്തികയില്‍ ചെയര്‍പേഴ്‌സണ്‍ മുന്‍കൂര്‍ അനുമതി നല്‍കി നടത്തിയ നിയമനം ഇല്ലാത്ത അധികാരം ഉപയോഗിച്ച് ജനാധിപ്യവിരുദ്ധമായി ചെയ്തതാണെന്ന് കൗണ്‍സിലര്‍ ആര്‍. ഹരി ചൂണ്ടിക്കാട്ടി. 2017 മാര്‍ച്ച് മൂന്നിനാണ് ഇന്റര്‍വ്യൂ നടത്തി നിയമനം നടത്തിയത്. അതിനുശേഷം നിരവധി കൗണ്‍സില്‍ യോഗങ്ങള്‍ ചേര്‍ന്നെങ്കിലും നിയമനടപടിക്ക് അംഗീകാരം തേടിയില്ല. അംഗങ്ങളുടെ വിയോജിപ്പിനെ തുടര്‍ന്ന് ഈ നിയമനത്തിന് പുതിയ ഇന്റര്‍വ്യൂ നടത്താന്‍ തീരുമാനിച്ചു.
തൊടുപുഴ നഗരത്തിലെ ഓടകളിലൂടെ കക്കൂസ് മാലിന്യം ഒഴുക്കുന്നു എന്ന പരാതി പരിഗണിച്ച കൗണ്‍സില്‍, നഗരസഭയുടെ മുസിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്റെ സെപ്റ്റിക് ടാങ്ക് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അസിസ്റ്റന്റ് എന്‍ജിനിയറെ ചുമതലപ്പെടുത്തി. നഗരസഭയ്ക്ക് ജനറേറ്റര്‍ വാങ്ങുന്നതിന് തനത് ഫണ്ടില്‍നിന്ന് 5,75,000 രൂപ അനുവദിക്കാനും യോഗം തീരുമാനിച്ചു. കൗണ്‍സില്‍ യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."