മിഴിനട്ട് വിദ്യാലയം
ഇളവെയില്‍ യൂനിഫോമില്‍ പുലരി ചിരിക്കവേ,
ഉല്ലാസമോടെ പണ്ടു സ്‌കൂളിലേക്കെത്തീടവേ,
ബാല്യത്തിന്‍ വാസന്തത്തില്‍, കൂട്ടരോടൊത്തു ഞങ്ങള്‍,
ആമോദപ്പുഴ നീന്തി തിരുമുറ്റമണയവേ,
നാടോടിപ്പെണ്‍കൊടിയാള്‍, ഊരില്ലാ, വീടില്ലാത്തോള്‍,
മാതാവിന്‍ കരം ചേര്‍ന്നു വിഷാദപൂര്‍വ്വം നോക്കും.
നിഴലിന്‍ നിറമുള്ളോള്‍, ഏഴെട്ടു വയസുണ്ടാം,
ബാല്യത്തിന്‍ മലര്‍ത്തോപ്പു, മരുവായ് താണ്ടുന്നവള്‍.
ഇടവേളയില്‍ കളിക്കൂട്ടമായ് പാറുന്നേരം,
ചുള്ളികളൊടിക്കുന്നു, ബാലിക ക്ഷീണിതയായ്.
ഉച്ചയ്ക്കു ചങ്ങാതികള്‍, പരുക്കന്‍ വരാന്തയില്‍,
കഞ്ഞിയും പൊട്ടിച്ചിരി ഘോഷവും പങ്കുവയ്‌ക്കെ,
നാട്ടുകുളത്തിലച്ഛന്‍ തപ്പിയേകിയാമകള്‍,
തിളക്കും വെയിലിലവള്‍ വെള്ളത്തില്‍ ചൂടാക്കുന്നു.
അന്തിക്കു, വീട്ടിലേക്കങ്ങോടവേ, പെണ്‍കൊടിയാള്‍,
പിച്ചതെണ്ടുന്നൊക്കത്ത് തന്നനുജത്തിക്കൊപ്പം.
ദുര്‍ബലം, കൂര വിട്ടു, പീടിക വരാന്തയില്‍,
പാതയോരങ്ങള്‍ ചേര്‍ന്നു കൈനീട്ടിപ്പതറുന്നു.
ജീവിതം കൈപ്പിടിയിലൊതുക്കാന്‍ പാഠങ്ങളെ,
ഞങ്ങള്‍ ക്ലാസ് മുറികളില്‍ പകുത്തെടുത്തീടവേ,
ജീവന വിഹ്വലത തന്‍ പ്രയോഗപാഠങ്ങള്‍,
ചുറ്റുവട്ടങ്ങള്‍ വാറ്റിയവളൊപ്പിയെടുക്കുന്നു.
സല്ലാപങ്ങളി,ലത്യുത്സാഹ തമാശകളില്‍,
ഞങ്ങള്‍ തന്‍ ബാല്യം പാടി,പ്പൂമണം നീര്‍ത്തീടവേ,
കണ്ണീരില്‍, വിയര്‍പ്പോലും വിശപ്പിന്‍ കാഠിന്യത്തില്‍,
കറുമ്പി സോദരിയാള്‍, ശൈശവം തുഴയുന്നു.
പൈതങ്ങള്‍ ഞങ്ങള്‍ ചൂഴും സദ്പദ ജാലങ്ങളില്‍,
കളങ്കമറിയാത്ത മാനസം വിലസുമ്പോള്‍,
അവള്‍ക്കു ചുറ്റും നിന്ദ, പുലഭ്യം, അസഭ്യങ്ങള്‍,
കുറ്റങ്ങളാക്ഷേപങ്ങ,ളാര്‍ക്കുന്നൂ നിരന്തരം.
കുട്ടികള്‍, ഞങ്ങള്‍ രാത്രിമഴയില്‍ തണുപ്പിലും,
വീടിന്റെ സുരക്ഷയില്‍ പുതച്ചുറങ്ങീടുമ്പോള്‍,
കാറ്റിലും മഞ്ഞില്‍ ഷീറ്റ് വിറക്കും കൂടാരത്തില്‍,
ബാലിക,യരക്ഷിതം നിര്‍ന്നിദ്രം രാവിന്‍ കൂട്ടില്‍.
സ്‌കൂള്‍ മുറ്റം കളിക്കവേ, ഗേറ്റിന്റെയഴി പിടി
ച്ചുള്ളിലേക്കു കണ്‍പാര്‍ത്തു നീറി നില്‍ക്കുന്നൂ മൂകം.
ടീച്ചറു ചൊല്ലീടുന്ന നല്ലീണ കവിതകള്‍,
ഞങ്ങളേറ്റു ചൊല്ലുമ്പോളന്യയായ് മൂളുന്നവള്‍.
പഠിക്കാപ്പാഠം, ചിരിക്കാത്തൊരു ചിരി,യോര്‍ത്തു
വിഷണ്ണയായി നില്‍ക്കും ക്ലാസ്മുറി ജനാലക്കല്‍.
നാടോടിക്കൂട്ടം യാത്രയാകവേ, പിന്നീടെങ്ങു
മവളെക്കണ്ടതില്ല, സ്മൃതിയില്‍ വിരിഞ്ഞിപ്പോള്‍.
അവള്‍ക്കായ് കരുതിയ, നിഷ്ഫലം പഠിപ്പിക്കാ
പാഠങ്ങളോര്‍ത്തു പള്ളിക്കൂടം വിങ്ങുന്നൂ എന്നും,
നിരത്തിന്നോരത്ത,വളണയുന്നതും കാത്തു, പാഠപുസ്തകം ഹൃത്തിലേന്തി, ഗദ്ഗദം ചിന്തി.
-
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."