ചന്ദന സംരക്ഷണവേലി കാട്ടാനക്കൂട്ടം തകര്‍ത്തു; വന്യജീവികള്‍ കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്ക്
മറയൂര്‍: കുണ്ടക്കാട് ഭാഗത്ത് നിരന്തരം കര്‍ഷകര്‍ക്ക് ഭീഷണിയായി കാട്ടാനക്കൂട്ടം. ലക്ഷങ്ങള്‍ മുടക്കി വനം വകുപ്പ് നിര്‍മിച്ച ചന്ദന സംരക്ഷണ വേലി കാട്ടാനകള്‍ തകര്‍ത്താണ് കൃഷിയിടങ്ങളിലെത്തുന്നത്. വേലികള്‍ പുനസ്ഥാപിക്കാന്‍ നടപടിയില്ല. ചന്ദന സംരക്ഷണത്തിന്റെ അടിസ്ഥാനമാണ് ഈ വേലികള്‍. സംരക്ഷണ വേലി തകര്‍ന്നിട്ട് ഒന്നര വര്‍ഷം പിന്നിടുമ്പോഴും പുനര്‍ നിര്‍മിക്കുന്നതിനോ പുതിയവ സ്ഥാപിക്കുന്നതിനോ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചിട്ടില്ല.
മുന്‍കാലങ്ങളില്‍ ചന്ദന റിസര്‍വില്‍ കാട്ടാനകളുടെ സാന്നിധ്യം അപൂര്‍വമായിരുന്നു. എന്നാല്‍ ഒരാഴ്ചയായി അന്‍പതോളം, കാട്ടാനകളാണ് കാരയൂര്‍ ചന്ദന റിസര്‍വില്‍ വനപാലകര്‍ക്കും ചന്ദന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും ഭീഷണിയായി തമ്പടിച്ചിരിക്കുന്നത്. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ തീറ്റയും വെള്ളവും കുറഞ്ഞതാണ് വെട്ടുകാട്, കാരയൂര്‍ റിസര്‍വുകളില്‍ നിലയുറപ്പിക്കാന്‍ കാരണം.
കാന്തല്ലൂര്‍ കാരയൂര്‍ റിസര്‍വിലെ കുണ്ടക്കാട് ഭാഗത്തുള്ള പന്ത്രണ്ടടിയോളം ഉയരത്തിലുള്ള ചന്ദന സംരക്ഷണ വേലികളാണ് പത്ത് മീറ്ററോളം ദൂരത്തില്‍ കാട്ടാന കൂട്ടം ഒന്നര വര്‍ഷം മുമ്പ് തകര്‍ത്തെറിഞ്ഞത്. കുണ്ടക്കാട് സ്വദേശി മുത്തുവിന്റെ കൃഷിഭൂമിയോട് ചേര്‍ന്ന സംരക്ഷണ വേലികളാണിവ. ഇതുവഴി കാട്ടാനകള്‍ സ്ഥിരമായി കൃഷിയിടത്തിലേക്ക് ഇറങ്ങുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് വെട്ടുകാട് പ്രദേശത്തുള്ള സംരക്ഷണ വേലികളും കാട്ടാനകള്‍ നശിപ്പിച്ചിരുന്നു. ചന്ദന സംരക്ഷണത്തിന്റെ ഭാഗമായി മെറ്റല്‍ മെഷ് ഫെന്‍സിങ്ങ് സ്ഥാപിച്ചത് 2006ലാണ്. വേലി ഉള്ളതിനാല്‍ കാട്ടുപോത്ത്, മാന്‍, കേഴ തുടങ്ങിയ മൃഗങ്ങളില്‍നിന്നും കര്‍ഷകര്‍ക്ക് സംരക്ഷണം ലഭിച്ചിരുന്നു.
സംരക്ഷണ വേലികള്‍ തകര്‍ന്നാല്‍ ഇവിടെ പുനര്‍ നിര്‍മിക്കാറില്ല. ഇതുവഴി സ്ഥിരമായി വന്യമൃഗങ്ങള്‍ എത്തുകയും ചെയ്യുന്നു. കാട്ടാനകള്‍ വേലി തകര്‍ത്ത ഭാഗങ്ങളിലൂടെ കാട്ട് പോത്ത്, മാന്‍, കാട്ടുപന്നി , കൂരമാന്‍, മ്‌ളാവ് തുടങ്ങിയ മൃഗങ്ങള്‍ കൂട്ടമായാണ് എത്തി ലക്ഷകണക്കിന് രൂപയുടെ കൃഷിനാശം ഉണ്ടാക്കുന്നത്. തകര്‍ന്ന ചന്ദന സംരക്ഷണ വേലികള്‍ അടിയന്തരമായി അറ്റകുറ്റ പണികള്‍ നടത്തി പുനര്‍ നിര്‍മിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."