പാഴ്ക്കൂമ്പാരത്തില്‍ തിരയുന്ന ജീവിതങ്ങള്‍
തിന്നും തിമിര്‍ത്തും മദിച്ചും രമിച്ചും നടക്കുന്ന നമ്മള്‍ വലിച്ചെറിഞ്ഞു മലീമസമാക്കുന്ന പലതും പെറുക്കിയെടുത്ത് ഈ നാടിനെ വൃത്തിയാക്കുന്നവര്‍. രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന ഈ പാഴ്‌വസ്തു ശേഖരണ തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച് ഏറെ ആരും ഗൗനിക്കാറില്ല. അവരെക്കുറിച്ച് പഠിക്കാറില്ല. സ്ലം ഡോഗ് മില്യണേഴ്‌സായി അവര്‍ ജീവിക്കുന്നു. കുട്ടികളും സ്ത്രീകളും വൃദ്ധരുമെല്ലാമുള്ള ഒരു മഹാ ലോകമാണ് പാഴ്‌വസ്തു വ്യാപാര മേഖലയിലുള്ളത്. സമൂഹത്തിന്റെയോ സര്‍ക്കാരിന്റെയോ ഒരു പരിഗണനയുമില്ലാതെ ഇവര്‍ ഇപ്പോഴും ജോലിചെയ്തു കൊണ്ടിരിക്കയാണ്. പതിറ്റാണ്ടുകള്‍ക്കു മുന്‍പേ കേരളത്തില്‍ പാഴ്‌വസ്തു വ്യാപാരമുണ്ട്. അക്കാലത്ത് തമിഴന്‍മാരായിരുന്നു വീടുകള്‍ തോറും അലഞ്ഞ് ഇവ ശേഖരിച്ചിരുന്നത്. പാഴ്‌വസ്തു വ്യാപാരികളെ സമൂഹം രണ്ടാംകിട പൗരന്‍മാരായാണ് കണ്ടത്. ഇപ്പോഴും ഇത്തരം മനോഭാവത്തിന് വലിയ മാറ്റങ്ങള്‍ വന്നില്ലെങ്കിലും തൊഴിലാളികളുടെ കൂട്ടായ്മ ഒരു പരിധി വരെ കേരളത്തിലെങ്കിലും ഇവര്‍ക്ക് അന്തസ് നല്‍കുകയാണ്.
ജി.എസ്.ടിയുടെ ഞെരുക്കല്‍
ജി.എസ്.ടി വന്നതിന് ശേഷമാണ് ഇന്ത്യയിലെ പാഴ്‌വസ്തുക്കള്‍ പെറുക്കിയെടുക്കുന്ന ഒന്നര ലക്ഷത്തോളം വരുന്ന റാക്ക് പിക്കേഴ്‌സും അത് കൈകാര്യം ചെയ്യുന്ന അര ലക്ഷത്തോളം വരുന്ന വ്യാപാരികളും ഒരു ലക്ഷത്തിന് മുകളില്‍ വരുന്ന തൊഴിലാളികളും തങ്ങള്‍ക്ക് ഇനി നിലനില്‍പ്പില്ലെന്ന് അറിയുന്നത്. മാലിന്യങ്ങള്‍ പെറുക്കി നാടിനു വൃത്തിയും വെടിപ്പുമുണ്ടാക്കിയ തങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായങ്ങളൊന്നും തന്നില്ലെങ്കിലും തലയില്‍ ഇടിത്തീപോലെ ഇങ്ങനെയൊരു തീരുമാനം ഉണ്ടാവുമെന്ന് അവര്‍ നിനച്ചിരുന്നില്ല. നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്ന പഴയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കു മേല്‍ 18 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തി. ഒരു ലക്ഷം രൂപയുടെ സാധനങ്ങള്‍ കയറ്റിപ്പോകുമ്പോള്‍ വ്യാപാരി 18,000 രൂപ ജി.എസ്.ടി നല്‍കേണ്ട അവസ്ഥ വന്നു. ഇതോടെ ആക്രി മൊത്തവ്യാപാരികള്‍ സാധനങ്ങള്‍ എടുക്കുന്നത് കുറച്ചു. വിലയിലും കുറവുണ്ടായി. ഇത് പാഴ്‌വസ്തു ശേഖരിക്കുന്ന പാവങ്ങളെയും ദുരിതത്തിലാക്കി. തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു കൂട്ടായ്മ അനിവാര്യമാണെന്ന അറിവില്‍ നിന്നാണ് കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (കെ.എസ്.എം.എ) രൂപീകൃതമാവുന്നത്. രണ്ടു വര്‍ഷം കൊണ്ട് നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സംഘടനക്കായി.
ഇവര്‍ കേരളത്തിന്റെ തൂപ്പുകാര്‍
സമൂഹം പുറംതള്ളുന്ന 85 ശതമാനത്തോളം വരുന്ന പാഴ്‌വസ്തു മാലിന്യങ്ങളെ ഉപജീവനത്തിനായി ശേഖരിച്ച് റിസൈക്കിള്‍ യൂനിറ്റുകളിലേക്ക് എത്തിക്കുന്നവരാണ് സ്‌ക്രാപ്പ് മേഖലയിലുള്ളവര്‍. മാലിന്യമുക്തമായ ഒരു നാട് സാധ്യമാക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നവര്‍. 15 ശതമാനം വരുന്ന ബാക്കിയുള്ള മാലിന്യം നീക്കം ചെയ്യാന്‍ നമ്മുടെ ഭരണകൂടങ്ങള്‍ കോടിക്കണക്കിന് രൂപ ചെലവഴിക്കുമ്പോള്‍ നാടും നഗരവും തെണ്ടിത്തിരഞ്ഞ് പാഴ്‌വസ്തുക്കള്‍ ശേഖരിക്കുന്നവരെ പരിഗണിക്കാന്‍ പോലും അധികാരികള്‍ തയാറാവുന്നില്ല.
പ്രളയകാലത്തെ മാലിന്യക്കടല്‍
നൂറ്റാണ്ടിലെ പ്രളയത്തില്‍ കേരളം ഒലിച്ചുപോയപ്പോള്‍ പോലും ബാക്കിയായ ഒന്നുണ്ട്, ടണ്‍ കണക്കിന് മാലിന്യങ്ങള്‍. അന്ന് നമ്മള്‍ പുഴയിലും ആറ്റിലും നിക്ഷേപിച്ച മാലിന്യങ്ങള്‍ പലിശസഹിതം അവ നമുക്ക് തന്നെ തിരിച്ചുതന്നു. മാലിന്യം നിക്ഷേപിക്കുകയെന്ന വാക്കിനെ അന്വര്‍ഥമാക്കിയ സമയമായിരുന്നു അത്. നിക്ഷേപിച്ചതെന്തും നമുക്ക് തിരിച്ചുകിട്ടുമെന്നാണല്ലോ. എന്നാല്‍ അപ്പോഴും നമ്മളൊരു പാഠവും പഠിച്ചില്ല. പ്രളയ ജലമൊന്നടങ്ങിയപ്പോള്‍ ആ ക്രൂരത വീണ്ടും തുടര്‍ന്നു. മലയാറ്റൂര്‍ പാലത്തില്‍ മാലിന്യം വന്നടിഞ്ഞതും അത് യന്ത്രക്കൈകള്‍ ഉപയോഗിച്ച് പെരിയാറില്‍ തന്നെ തള്ളിയതും എല്ലാവരും വെറുതെ നോക്കിനിന്നു. പെരിയാറിന് മാത്രമല്ല ഈ ദുരിതം പേറേണ്ടിവന്നത്, സംസ്ഥാനത്തെ ഓരോ ജലാശയത്തിനും ഛര്‍ദിച്ചതിനെ വീണ്ടും വിഴുങ്ങേണ്ടി വന്നു.
അന്നും അവര്‍ ഇറങ്ങി. വലിയ പ്രശസ്തിയും വാര്‍ത്താപ്രാധാന്യവും ലഭിച്ചില്ലെങ്കിലും പന്ത്രണ്ടായിരത്തിലേറെ ടണ്‍ മാലിന്യങ്ങളാണ് ഗ്രീന്‍ കേരളയുമായി ചേര്‍ന്ന് കെ.എസ്.എം.എ നീക്കം ചെയ്തത്. 'ഭൂമിയെ രക്ഷിക്കാന്‍ കൈ കോര്‍ക്കൂ, പുനരുപയോഗത്തിലൂടെ' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.
അന്നത്തെ ആവേശത്തില്‍ ഇറങ്ങിപ്പുറപ്പെട്ടതല്ല. പിന്നീടും ശാശ്വത പരിഹാര മാര്‍ഗങ്ങളുമായി കെ.എസ്.എം.എ സജീവമായി രംഗത്തുവന്നു. ഇതിനായി ജില്ലാ തലങ്ങളിലെ കമ്മിറ്റി മുഖേന ഏകോപനവുമുണ്ടാക്കി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അജൈവ മാലിന്യങ്ങള്‍ ഇടാന്‍ പെട്ടികള്‍ സ്ഥാപിച്ചു. ഈ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
കയറ്റുമതി
കേരളത്തിലെ വിവിധ ആക്രി ഗുദാമുകളില്‍ നിന്നു ഡല്‍ഹി, ഗുജറാത്ത്, മൈസൂര്‍ തുടങ്ങിയ ഇടങ്ങളിലേക്കാണ് പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള ആക്രി വസ്തുക്കള്‍ കയറ്റി അയക്കുന്നത്. പ്രാഥമിക ശേഖരണക്കാര്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വേര്‍തിരിച്ചാണ് വ്യാപാരികള്‍ കയറ്റി അയക്കുന്നത്. പ്ലാസ്റ്റിക്ക് തന്നെ ഏകദേശം 150ല്‍ തരം ഉണ്ട്. ഇവയെല്ലാം കൃത്യമായി വേര്‍തിരിച്ച് അസംസ്‌കൃത വസ്തുക്കളാക്കി രൂപാന്തരപ്പെടുത്തിയാണ് കയറ്റുമതി ചെയ്യുന്നത്. കേരളത്തില്‍ നിന്ന് പ്രതിദിനം 150 ലേറെ ടണ്‍ പ്ലാസ്റ്റിക്ക് പാഴ്‌വസ്തുക്കള്‍ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.
ഇന്ത്യ കുപ്പത്തൊട്ടിയോ?
രാജ്യത്തെ പാഴ്‌വസ്തു വ്യാപാരം പ്രതിസന്ധിയനുഭവിക്കുമ്പോഴും സര്‍ക്കാര്‍ ചെയ്യുന്ന പണി പലരെയും അത്ഭുതപ്പെടുത്തും. ഇന്ത്യയില്‍ ഒരു ദിവസം 26,000 ടണ്‍ പ്ലാസ്റ്റിക് വേസ്റ്റ് പുറംതള്ളുന്നു. അതില്‍ 10,000 ടണ്ണില്‍ അധികം കടലിലും മണ്ണിലും ദ്രവിക്കാതെ കിടക്കുന്നു. ബാക്കിവരുന്ന പ്ലാസ്റ്റിക് എങ്ങനെ മാനേജ് ചെയ്യാം എന്ന് പഠിച്ചുകൊണ്ടിരിക്കുകയും കോടികള്‍ ഇതിന് വേണ്ടി ചെലവാക്കികൊണ്ടുമിരിക്കുന്ന ഈ സാഹചര്യത്തിലാണ് മറ്റു രാജ്യങ്ങളില്‍ നിന്ന് മില്യണ്‍ ടണ്‍ സ്‌ക്രാപ്പുകള്‍ നമ്മുടെ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞ നാലുമാസം കൊണ്ട് 25,000 മില്യണ്‍ ടണ്‍ പ്ലാസ്റ്റിക് വേസ്റ്റ് ഇന്ത്യയില്‍ ഇറക്കുമതി ചെയ്തുവെന്നാണ് കണക്ക്. ഇന്ത്യ മറ്റു രാജ്യങ്ങളുടെ കുപ്പത്തൊട്ടിയാക്കുകയാണ് അധികാരികള്‍.
ഇങ്ങനെയായാല്‍ സ്‌ക്രാപ്പ് മാലിന്യം നമ്മുടെ നാടുകളില്‍ കുമിഞ്ഞുകൂടും. 2018 ല്‍ അമേരിക്കയില്‍ നിന്ന് മാത്രം 262 മില്യണ്‍ പൗണ്ട് സ്‌ക്രാപ്പ് ഇന്ത്യയില്‍ എത്തി. ചൈന, മലേഷ്യ പോലുള്ള രാജ്യങ്ങള്‍ സ്‌ക്രാപ്പ് ഇറക്കുമതി നിര്‍ത്തലാക്കി.
അവരും ജീവിക്കട്ടെ
പരിസ്ഥിതിയെ സ്‌നേഹിക്കുന്ന എല്ലാവരും സ്‌ക്രാപ്പ് ഇറക്കുമതിക്ക് എതിരെ പ്രതികരിക്കണമെന്നാണ് ഇവരുടെ ആവശ്യം. ആക്രികള്‍ക്ക് വില കുറഞ്ഞതോടെ ഇവ വില്‍ക്കാന്‍ ആളുകള്‍ തയാറാകാതായി. ഗ്രാമപ്രദേശങ്ങളിലടക്കം ആക്രി സാധനങ്ങള്‍ എടുക്കുന്നവര്‍ തൊഴിലെടുക്കാനാവാത്ത സാഹചര്യത്തിലാണ്. ചേറിലും ചെളിയിലും അനാരോഗ്യകരമായ സാഹചര്യങ്ങളില്‍ പണിയെടുക്കുന്ന സ്‌ക്രാപ്പ് വ്യാപാരികള്‍ക്കും, തൊഴിലാളികള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷയോ ക്ഷേമനിധിയോ ഇല്ല.
അവരിപ്പോഴും കാലിച്ചാക്കുകളുമായി നമ്മുടെ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളില്‍ അലയുന്നുണ്ട്. ചിലപ്പോള്‍ മോഷ്ടാക്കളെന്ന് വിളിച്ച് നാം അവരെ കൈക്കരുത്തറിയിക്കും. കരിപുരണ്ട ആ ജീവിതങ്ങള്‍ മഴയത്തും വെയിലത്തുമെല്ലാം കണ്ണീര്‍പാടങ്ങളില്‍ കടലാസു തോണിയിറക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."