കുട്ടാപറമ്പ്-പരപ്പ റോഡ് തകര്‍ന്നു; കാല്‍നടയാത്ര പോലും ദുസ്സഹം
ആലക്കോട്: റോഡ് നിര്‍മാണത്തിനു പണം അനുവദിച്ചിട്ടും കരാറുകാരന്‍ ടാറിങ് വൈകിക്കുന്നതിനെതിരേ ജനരോഷം ശക്തം. ഉദയഗിരി പഞ്ചായത്തിലെ കുട്ടാപറമ്പ്-പരപ്പ റോഡിലാണ് കുഴി നിറഞ്ഞ് കാല്‍നട യാത്രപോലും ദുഷ്‌കരമായത്. കൊച്ചു കുട്ടാപറമ്പ് മുതല്‍ പരപ്പ പാലം വരെയുള്ള മൂന്നര കിലോമീറ്റര്‍ ദൂരത്തില്‍ ഘട്ടംഘട്ടമായാണ് ടാറിങ് പ്രവൃത്തി നടത്തിയത്. ഇതിനിടെ വരുന്ന 150 മീറ്റര്‍ ദൂരം ഇപ്പോഴും തകര്‍ന്നുകിടക്കുകയാണ്. റോഡ് ടാറിങ് നടത്താന്‍ വൈകുന്നതിനെതിരേ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്ത് ഫണ്ടില്‍ നിന്നു റോഡ് ടാറിങ്ങിനായി നാലുലക്ഷം രൂപ അനുവദിച്ചു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞെങ്കിലും കരാറുകാരന്‍ ടാറിങ് നടത്താന്‍ തയാറാവാത്തതാണു നാട്ടുകാരെ ചൊടിപ്പിച്ചത്. റോഡ് പാടെ തകര്‍ന്നതോടെ ഓട്ടോറിക്ഷകള്‍ പോലും ഇതുവഴി സര്‍വിസ് നടത്താന്‍ വിസമ്മതിക്കുകയാണ്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഇളകിയ കരിങ്കല്‍ കഷണങ്ങള്‍ ദേഹത്ത് തെറിച്ച് കാല്‍നട യാത്രക്കാര്‍ക്കു പരുക്കേല്‍ക്കുന്നതും പതിവാണ്. മഴ ശക്തമാകുന്നതിനു മുമ്പെങ്കിലും ടാറിങ് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ നടപടി ഉണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."