ഓണ്‍ലൈന്‍ ടാക്സി സര്‍വിസ് വീണ്ടും തടഞ്ഞു
കോഴിക്കോട്: സിറ്റി ഓട്ടോ ടാക്സി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ടാക്സി കാര്‍ സര്‍വിസ് വീണ്ടും തടഞ്ഞു. ഇന്നലെ ഉച്ചയോടെയാണു യാത്രക്കാരെ എടുക്കാനെത്തിയ മാംഗോ കാബ്സ് ഓണ്‍ലൈന്‍ ടാക്സി സര്‍വിസിന്റെ കാര്‍ ലിങ്ക് റോഡില്‍ സമരക്കാര്‍ തടഞ്ഞത്.
തൊഴിലാളികളെ പട്ടിണിയിലാക്കുന്ന ഓണ്‍ലൈന്‍ സര്‍വിസ് ജില്ലയില്‍ അനുവദിക്കില്ലെന്നെഴുതിയ ഫ്ളക്സ് സമരക്കാര്‍ കാറിനു മുകളില്‍ തൂക്കി. വിവിധ ട്രേഡ് യൂനിയനുകളുടെ കൊടികളും കാറിനു മുകളില്‍ സ്ഥാപിച്ചു. തുടര്‍ന്നു സംഭവസ്ഥലത്തെത്തിയ ടൗണ്‍ പൊലിസ് വാഹനം കസ്റ്റഡിയിലെടുത്തു. ഇതിനു മുന്‍പും നഗരത്തില്‍ സ്വകാര്യ ഓണ്‍ലൈന്‍ ടാക്സി സര്‍വിസ് തടഞ്ഞിരുന്നു.
അനധികൃതമായാണു സ്വകാര്യ കമ്പനി ഓണ്‍ലൈന്‍ സര്‍വിസ് നടത്തുന്നതെന്നും ഇത്തരം സര്‍വിസുകള്‍ തുടര്‍ന്നാല്‍ വരുംദിവസങ്ങളിലും വാഹനങ്ങള്‍ തടയുമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് 12.30ന് ടൗണ്‍ എസ്.ഐയുടെ നേതൃത്വത്തില്‍ കമ്പനി അധികൃതരുമായും സമരസമിതി പ്രവര്‍ത്തകരുമായും ചര്‍ച്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."