മണല്‍ക്കടത്ത് വിവരം പൊലിസിനെ അറിയിച്ചയാളുടെ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞു
എടവണ്ണ: അനധികൃത മണല്‍ക്കടത്ത് വിവരം പൊലിസിനെ അറിയിച്ചയാളുടെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. ഒതായി പാവണ്ണയിലെ കൊരമ്പ അബ്ദു റഹിമാന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ വീടിന്റെ ടെറസിന് കാര്യമായ കേടു സംഭവിച്ചെങ്കിലും ആര്‍ക്കും പരുക്കില്ല.
ശനിയാഴ്ച രാത്രി 12:10 നാണ് ഭീകര ശബ്ദത്തോടെ വീടിന്റെ ടെറസില്‍ സ്‌ഫോടകവസ്തു വന്നു പതിച്ചത്. മണല്‍ മാഫിയ സംഘമാണ് സ്‌ഫോടനത്തിന് പിന്നിലെന്നും ആരോപണമുണ്ട്.
പ്രവാസിയായ അബ്ദു റഹിമാന്‍ പ്രദേശത്തു നടക്കുന്ന അനധികൃത മണല്‍ കടത്തിനെതിരെ പ്രതികരിക്കുകയും ഉന്നത അധികാരികള്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. മണല്‍ കടത്തുകാരുടെ നീക്കങ്ങള്‍ യഥാസമയങ്ങളില്‍ പൊലിസിനെ അറിയിക്കുകയും ചെയ്തിരുന്നു. ഈ ദേശ്യമാണ് വീടിന് നേരെ സ്‌ഫോടകവസ്തു എറിയാന്‍ കാരണമാക്കിയതെന്നും ആരോപണമുണ്ട്. അരീക്കോട് സ്റ്റേഷന്‍ പരിധിയിലുള്‍പ്പെടുന്ന പ്രദേശത്ത് പട്ടാപ്പകല്‍ അടക്കം മണല്‍ കൊള്ള വ്യാപകമായിരുന്നു.
പ്രളയത്തെ തുടര്‍ന്ന് ചാലിയാര്‍ തീരങ്ങളില്‍ അടിഞ്ഞുകൂടിയ മണല്‍തിട്ടകള്‍ ലക്ഷ്യമിട്ടു കൊണ്ട് ഈയിടെ മണല്‍ മാഫിയ സജീവമായിരുന്നു.
ഇതിന് മുന്‍പും പ്രദേശത്ത് മണല്‍ മാഫിയ ആക്രമണം അഴിച്ചുവിട്ടിരുന്നു.
അരീക്കോട് പൊലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലിസ് ഉന്നതാധികാരികളും ബോംബ് സ്‌കോഡ് , വിരലടയാള വിദഗ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."