ഹജ്ജ് സീസണ് ജോലികള്‍; അജീര്‍ വെബ് പോര്‍ട്ടല്‍ വഴി
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് സീസണ് ജോലികള്‍ വ്യവസ്ഥാപിതമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി തൊഴില്‍ സാമൂഹിക മന്ത്രാലയത്തിന്റെ പുതിയ സേവനം. ഹജ്ജ് വേളയിലെ താല്‍ക്കാലിക തൊഴില്‍ അവസരങ്ങള്‍ അജീര്‍ വെബ് പോര്‍ട്ടല്‍ വഴി പരസ്യപ്പെടുത്തുന്നതിനാണ് പദ്ധതി.
ഹജ്ജ് സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ തങ്ങള്‍ക്ക് കീഴിലുള്ള തസ്തികകള്‍ അജീര്‍ പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്താന്‍ മന്ത്രാലയം നിഷ്ക്കര്‍ഷിക്കും. ഇതൊടൊപ്പം സീസണ് ജോലി ചെയ്യുന്നതിന് താല്പര്യമുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും തങ്ങളുടെ അഭിരുചിക്കും യോഗ്യതകള്‍ക്കും അനുസൃതമായ ജോലി ലഭിക്കുന്നതിന് തങ്ങളുടെ ബയോഡാറ്റ അപ്ലോഡ് ചെയ്യാനും സാധിക്കും. മക്ക, ജിദ്ദ, മദീന എന്നീ നഗരങ്ങളില്‍ മാത്രമേ കമ്പനികള്‍ക്ക് സീസണ് തൊഴിലാളികളെ നിയമിക്കാന്‍ സാധിക്കൂ. എന്നാല്‍ ഗാര്‍ഹിക തൊഴിലാളികളെയും സന്ദര്‍ശക വിസയില്‍ സഊദിയിലെത്തിയവരെയും സീസണ് ജോലിക്ക് നിയോഗിക്കാനാവില്ലെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
ഹജ്ജ് സീസണ് ജോലികള്‍ക്ക് ഏതെങ്കിലും സ്ഥാപനത്തിന് കീഴിലുള്ള തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ഏക അംഗീകൃത സംവിധാനമാണ് അജീര്‍ വെബ് പോര്‍ട്ടല്‍. ഹജ്ജ്സര്‍വീസ് കമ്പനികളും സ്ഥാപനങ്ങളും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടതിന് ശേഷം അജീര്‍ പോര്‍ട്ടല്‍ വഴി അനുമതിപത്രം നേടിയാല്‍ മാത്രമേ സീസണ് ജോലി ചെയ്യാന്‍ സാധിക്കൂ. സേവനം ഉപയോഗപ്പെടുത്താന്‍ മുഴുവന്‍ ഹജ്ജ് സര്‍വീസ് കമ്പനികളും പൊതുജനങ്ങളും അജീര്‍ പോര്‍ട്ടലില്‍ (www.ajeer.com.sa) രജിസ്റ്റര്‍ ചെയ്യണമെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."