സഊദിയില്‍ ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചാല്‍ ഇനി കടുത്ത ശിക്ഷ
ജിദ്ദ: സഊദിയില്‍ അനധികൃത മാര്‍ഗത്തില്‍ മറ്റുള്ളവരുടെ ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചാല്‍ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.
കുറ്റവാളികള്‍ മൂന്ന് വര്‍ഷം വരെ ജയില്‍വാസമോ 20 ലക്ഷം റിയാല്‍ പിഴ ഒടുക്കേണ്ടതായോ അല്ലെങ്കില്‍ രണ്ട് ശിക്ഷയും ഒന്നിച്ചനുഭവിക്കേണ്ടിയോ വരും. കൂടാതെ, സാമ്പത്തിക തട്ടിപ്പിന് ഉപയോഗിച്ച കംപ്യൂട്ടറും പ്രോഗ്രാമും ഇതിലൂടെ സമ്പാദിച്ച തുകയും കണ്ടുകെട്ടുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ട്വിറ്ററില്‍ വ്യക്തമാക്കി. അതിനാല്‍ ബാങ്ക് അക്കൗണ്ട ് ക്രെഡിറ്റ് കാര്‍ഡ്, ഓണര്‍ഷിപ്പ് വിവരങ്ങള്‍ക്ക് വ്യവസ്ഥാപിത രൂപത്തിലൂടെ മാത്രമേ ബാങ്കിനെ സമീപിക്കാവൂ എന്നും പ്രോസിക്യൂഷന്‍ ഉണര്‍ത്തി.
ഒരു വ്യക്തി ഡാറ്റ, മെസേജ്, വോയ്‌സ്, ചിത്രങ്ങള്‍ എന്നിങ്ങനെ തന്റെ കംപ്യൂട്ടറില്‍ സൂക്ഷിക്കുന്ന വിവരങ്ങള്‍ ഡിജിറ്റല്‍, കോഡ്, ലെറ്റര്‍ രൂപങ്ങളിലായി അനുവാദം കൂടാതെ പ്രചരിപ്പിക്കുന്നത് സൈബര്‍ കുറ്റകൃത്യമായാണ് പരിഗണിക്കുക.
സൈബര്‍ ആക്രമണം പ്രതിരോധിക്കുന്നതിന് ലോകമെമ്പാടുമുള്ള ബാങ്കിംഗ് സ്ഥാപനങ്ങള്‍ പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളര്‍ ചെലവഴിക്കുന്നുവെന്നാണ് കണക്ക്. അതേസമയം, സൈബര്‍ ആക്രമണം നിമിത്തം ബാങ്കുകള്‍ക്ക് 600 ബില്യണ്‍ ഡോളര്‍ നഷ്ടം നേരിടുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ബാങ്കിംഗ് ഇടപാടുകള്‍ക്ക് പബ്ലിക് വൈഫൈ സംവിധാനം ഉപയോഗിക്കരുതെന്ന് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ, ഓണ്‍ലൈന്‍ ബാങ്കിംഗ് നടത്തുന്ന വേളയില്‍ ഇതര ബ്രൗസിംഗ് വിന്‍ഡോകള്‍ ക്ലോസ് ചെയ്യുക, ലോഗൗട്ട് ചെയ്യുമ്പോള്‍ ഓട്ടോ കംപ്ലീഷനും പാസ്‌വേഡ് ഓര്‍മിക്കല്‍ സേവനവും ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ മുന്നറിയിപ്പില്‍ പറയുന്നു. വ്യാജ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും ബാങ്കിംഗ് വിവരങ്ങള്‍ ആവശ്യപ്പെടുന്ന മെസേജുകളും ഇ മെയിലുകളും അവഗണിക്കണമെന്നും സൈബര്‍ സെക്യൂരിറ്റി വൃത്തങ്ങള്‍ ഉപയോക്താക്കളെ ഓര്‍മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."