വനിതാ സഹകരണ സംഘം നിക്ഷേപത്തട്ടിപ്പ്: ഇരകള്‍ നാളെ കൊട്ടപ്പുറത്ത് ഒത്തുചേരും
കൊണ്ടോട്ടി: പുളിക്കല്‍ ആലുങ്ങലില്‍ പ്രവര്‍ത്തിച്ചിരുന്ന കൊണ്ടോട്ടി വനിതാ സഹകരണ സംഘത്തിന്റെ നിക്ഷേപത്തട്ടിപ്പിന് ഇരയായവര്‍ പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഇരകളുടെ വിപുലമായ ഒത്തുചേരല്‍ നാളെ വൈകുന്നേരം 3.30ന് കൊട്ടപ്പുറത്ത് നടക്കും.
വിവിധ ഭാഗങ്ങളിലെ ഇടപാടുകാരില്‍ നിന്നായി മൂന്നരക്കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായി ഇവര്‍ പറയുന്നു.പാവപ്പെട്ട കൂലിപ്പണിക്കാരില്‍ നിന്നും കച്ചവടക്കാരില്‍ നിന്നും നിത്യ പിരിവിലൂടെയും സ്ഥിര നിക്ഷേപത്തിലൂടെയും വാങ്ങിയ പണമാണ് തിരിച്ചു കൊടുക്കാതെ വെട്ടിച്ചത്. പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ 2014 ന് ശേഷം പല തവണ കൂട്ടായി സംഘം അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല.
തുടര്‍ന്ന് മഞ്ചേരി സഹകരണ സംഘം അസിസ്റ്റന്റ് ഷജിസ്ട്രാര്‍ക്കും കൊണ്ടോട്ടി പൊലിസിനും പരാതി നല്‍കി.എന്നാല്‍ നാലു വര്‍ഷമായിട്ടും പണം തട്ടിയെടുത്തവര്‍ക്കെതിരേയോ പരാതിക്കാര്‍ക്കനുകൂലമായോ യാതൊരു വിധ നടപടിയുമുണ്ടായിട്ടില്ല.ഇതിനെ തുടര്‍ന്നാണ് ഇരകള്‍ ഒത്തുചേര്‍ന്ന് പ്രക്ഷോഭത്തിന് തീരുമാനിച്ചിരിക്കുന്നത്.ഇതിനായി അഡ്വ.സി ബാബു ചെയര്‍മാനായി 12 അംഗ സമരസമിതിയും രൂപീകരിച്ചിട്ടുണ്ട്. കൊണ്ടോട്ടി വനിതാ സഹകരണ സംഘം സമരസമിതി ഭാരവാഹികളായ സുരേഷ് പള്ളിക്കല്‍,സതീഷ് പള്ളിക്കല്‍,ചന്ദ്രന്‍ പള്ളിക്കല്‍,സുബൈര്‍ പുളിക്കല്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."