ബസ് ഡ്രൈവറുടെ മരണത്തില്‍ ദുരൂഹതയെന്നു ബന്ധുക്കള്‍
പയ്യന്നൂര്‍: തലയ്ക്കു പരുക്കേറ്റ് അബോധാവസ്ഥയില്‍ റോഡരികില്‍ കാണപ്പെട്ട സ്വകാര്യ ബസ് ഡ്രൈവറുടെ മരണത്തില്‍ ദുരൂഹതയെന്നു ബന്ധുക്കള്‍. സ്വകാര്യ ബസ് ഡ്രൈവര്‍ കരിവെള്ളൂര്‍ പാലത്തര പടിഞ്ഞാറെ കോളനിയിലെ തെക്കന്‍വീട്ടില്‍ ബൈജുവിന്റെ(38) മരണത്തിലാണു ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ച് പൊലിസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ 17നു രാത്രി എട്ടരയോടെ പെരുമ്പ നഗരസഭാ കെട്ടിടത്തിനു സമീപം റോഡരികില്‍ തലയ്ക്കു മുറിവേറ്റ് രക്തംവാര്‍ന്ന് അബോധാവസ്ഥയിലാണ് ബൈജുവിനെ നാട്ടുകാര്‍ കണ്ടത്. സമീപത്ത് ഇയാള്‍ സഞ്ചരിച്ച ബൈക്കും ഉണ്ടായിരുന്നു. എന്നാല്‍ ബൈക്ക് അപകടത്തില്‍പെട്ട സൂചനയില്ലാത്തതാണു മരണത്തില്‍ സംശയമുയര്‍ത്തിയത്. ബൈക്ക് മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചതായി ആരും കണ്ടിരുന്നില്ല. രാത്രിവൈകി വഴിയാത്രക്കാര്‍ ബൈജുവിനെ സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരുക്ക് ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ബൈജു ബുധനാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. ബൈജുവിന്റെ സുഹൃത്തിന്റെ പരാതിയില്‍ പൊലിസ് അപകടമരണത്തിനു കേസെടുത്തെങ്കിലും ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ പെരുമ്പയിലെ കെട്ടിടത്തില്‍ സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചു തുടങ്ങി.
നേരത്തെ ബൈജുവിനു നേരെ കൈയേറ്റം നടന്നിട്ടുണ്ട്. ചെറുതാഴം ഭാഗത്തുള്ള യുവതിയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായതായും യുവതിയുടെ ബന്ധുക്കള്‍ ബൈജുവിനെ അപായപ്പെടുത്തിയിരിക്കാനാണു സാധ്യതയെന്നും ആരോപിച്ചാണു ഭാര്യയും ബന്ധുക്കളും പൊലിസില്‍ പരാതി നല്‍കിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മറ്റു കാര്യങ്ങളെകുറിച്ച് പറയാനാകൂവെന്നു പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."