ഉദ്ഘാടനത്തിനൊരുങ്ങി ഷി ലോഡ്ജ്
കാഞ്ഞങ്ങാട്: രാജ്യത്തിന്റെ ഏതുഭാഗത്തു നിന്നും കാഞ്ഞങ്ങാട്ടെത്തുന്ന വനിതകള്‍ക്കു നിര്‍ഭയമായും സുരക്ഷിതമായും താമസിക്കാന്‍ പറ്റുന്ന ഷി ലോഡ്ജ് ഉദ്ഘാടനത്തിനൊരുങ്ങി. മുഖ്യമന്ത്രിയുടെ തിയതി കാത്തിരിക്കുന്ന കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാന്‍ഡിനോടൊപ്പം ഷി ലോഡ്ജും ഉദ്ഘാടനം ചെയ്യും . പുതിയ ബസ് സ്റ്റാന്‍ഡിനുതൊട്ടടുത്ത് തന്നെയാണ് ഇതും പണിതിട്ടുള്ളത്. ഷി ലോഡ്ജില്‍ എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ ബജറ്റിലാണ് കേരളത്തില്‍ ഷി ലോഡ്ജ് എന്ന ആശയം പ്രഖ്യാപിച്ചത്. അത് ആദ്യമായി പൂര്‍ത്തിയാക്കിയ നഗരസഭ എന്ന ബഹുമതിയും ഇതോടെ കാഞ്ഞങ്ങാട് നഗരസഭക്ക് സ്വന്തമായി.
45 ലക്ഷം രൂപയാണ് ഷി ലോഡ്ജിനായി ചെലവഴിച്ചത്. ഏഴു മാസം കൊണ്ട് ഇരുനില കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചു. മുകള്‍ നിലയില്‍ ശുചിമുറികളോടെയുള്ള അഞ്ചു മുറികളുണ്ട്. ഒരേ സമയം പത്തു പേര്‍ക്ക് ഇവിടെ താമസിക്കാം. പരീക്ഷകള്‍ക്ക് എത്തുന്ന വിദ്യാര്‍ഥിനികള്‍ , ജോലി സംബന്ധമായ കൂടിക്കാഴ്ചക്ക് എത്തുന്നവര്‍, ബിസിനസ് ആവശ്യാര്‍ഥം നഗരത്തിലെത്തുന്ന വനിതകള്‍ , യാത്രക്കിടെ വിശ്രമിക്കേണ്ടി വരുന്ന സ്ത്രീകള്‍ എന്നിവര്‍ക്കൊക്കെ ഈ ലോഡ്ജ് ഉപകാരപ്പെടുമെന്നാണ് കണക്കു കൂട്ടുന്നത് . താമസിക്കുന്നവര്‍ക്ക് ഭക്ഷണം ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിച്ചു വരുന്നതായി നഗരസഭ ചെയര്‍മാന്‍ വെളിപ്പെടുത്തി.
എം.പി, എം.എല്‍.എ ഫണ്ട് കൂടി ലഭിച്ചു കഴിഞ്ഞാല്‍ ഒരു നില കൂടി പണിത് ലോഡ്ജ് വിപുലീകരിക്കാനും പദ്ധതിയുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു.
കുടുംബശ്രീക്കായിരിക്കും ഷി ലോഡ്ജിന്റെ നടത്തിപ്പ്. രാജ്യത്തെവിടെ നിന്നും ഓണ്‍ലൈനിലൂടെ മുറി ബുക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട് .
കെട്ടിടത്തിന്റെ താഴെ അവശ്യസാധനങ്ങള്‍ ലഭിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങും. പുതിയ ബസ് സ്റ്റാന്‍ഡ് പൂര്‍ണമായും വൈഫി ഏര്‍പ്പെടുത്തുമ്പോള്‍ അത് ഷി ലോഡ്ജിലും ലഭ്യമാകുമെന്ന് നഗരസഭാ ചെയര്‍മാന്‍ 'സുപ്രഭാതത്തോട് ' പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."