മദീനയിലെത്തിയ മലയാളി തീര്‍ഥാടകര്‍ക്ക് പ്രയാസ ദിനം; പലര്‍ക്കും മൊബൈല്‍ നമ്പറുകള്‍ ശരിയായില്ല, ബാഗേജുകള്‍ മാറിയെത്തി
മദീന: കഴിഞ്ഞ ദിവസം മദീനയിലെത്തിയ ഹജ്ജ് തീര്‍ഥാടകരില്‍ പലര്‍ക്കും ഇന്ന് അല്‍പം പ്രയാസം നേരിടേണ്ടിവന്നു. ഹാജിമാരുടെ താമസ കേന്ദ്രങ്ങളിലെ മാറ്റങ്ങളും ഇതോടനുബന്ധിച്ചുണ്ടായ ബാഗേജ് പ്രശ്‌നങ്ങളും മൊബൈല്‍ ആക്റ്റിവേഷന്‍ തകരാറുമാണ് തീഥാടകരെ വലച്ചത്.
ഒടുവില്‍ ഏറെ താമസിച്ചാണെങ്കിലും ഇവരരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതില്‍ ഹജ്ജ് മിഷന്‍ ഇടപെടല്‍ ഫലം കണ്ടു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇക്കാര്യം ആവര്‍ത്തിക്കാതിരിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയതോടൊപ്പം വേണ്ട നടപടികളും കൈക്കൊണ്ടിട്ടുണ്ട്.
മഹ്‌റമില്ലാതെ ഏറ്റവും കൂടുതല്‍ മലയാളി തീര്‍ഥാടകരെത്തിയ ദിനത്തിലാണ് അല്‍പം പ്രയാസം നേരിടേണ്ടി വന്നത്. ഇവര്‍ക്ക് നേരത്തെ നിശ്ചയിച്ച കെട്ടിടങ്ങളില്‍ ഏര്‍പ്പെടുത്തിയ താമസ സൗകര്യം സുഖപ്രദമായിരുന്നെങ്കിലും ഒരേ വിമാനത്തില്‍ എത്തിയ തീര്‍ഥാടകരില്‍ പകുതി പേര്‍ക്ക് ഒരു കെട്ടിടത്തിലും മറ്റുള്ളവര്‍ക്ക് ഏകദേശം 500 മീറ്ററോളം അകലെയുള്ള മറ്റൊരു കെട്ടിടത്തിലുമാണ് താമസം ഏര്‍പ്പെടുത്തിയത്.
എന്നാല്‍, വിമാനത്തില്‍ നിന്നും തീര്‍ഥാടകരുടെ ബാഗേജുകള്‍ താമസ കേന്ദ്രങ്ങളിലേക്കെത്തിച്ചപ്പോള്‍ പരസ്പരം മാറിയതോടെ ഇവര്‍ പ്രയാസത്തിലാകുകയായിരുന്നു. പല ബാഗേജുകളുടെയും ഉടമസ്ഥര്‍ മറ്റു കെട്ടിടത്തില്‍ ആയത് ഏറെ വലച്ചത് കൂടെയുള്ള ഹജ്ജ് കമ്മിറ്റി കോര്‍ഡിനേറ്റര്‍മാരെയാണ്. തീര്‍ഥാടകാരില്‍ ചിലര്‍ തങ്ങളുടെ കവറില്‍ ഉള്ളവരുടെ കൂടെ മാത്രമേ താമസിക്കൂവെന്ന് ശഠിച്ചതും ഏറെ പ്രയാസമുണ്ടാക്കി.
മദീനയില്‍ ഒരു റൂമില്‍ അഞ്ചു പേര്‍ എന്ന നിലക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഒരു കവറില്‍ നാല് പേരുള്ളവര്‍ക്ക് ഒരു റൂം നല്‍കുമ്പോള്‍ മറ്റു കവറിലുള്ളവരില്‍ ഒരാളെ കൂടി ഇവിടേക്ക് ചേര്‍ക്കും. ഇതാണ് തീര്‍ത്ഥാടകാരില്‍ ചിലര്‍ അസൗകര്യമായി ചൂണ്ടിക്കാണിച്ചത്. എന്നാല്‍, മക്കയില്‍ ഒരു കവറിലുള്ളവര്‍ക്ക് ഒരേ റൂമില്‍ തന്നെയായിരിക്കും താമസം. ഇതോടൊപ്പം, ഹാജിമാര്‍ക്ക് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി നാട്ടില്‍ നിന്നും നല്‍കിയ മൊബൈല്‍ സിമ്മുകളില്‍ പലര്‍ക്കും കണക്ഷന്‍ ഇത് വരെ ശരിയായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."