യു.എ ഖാദര്‍ ഇനി ഓര്‍മ്മ, തിരാ നഷ്ടമെന്ന് നേതാക്കള്‍
മലയാള സാഹിത്യത്തിന് പൊതുവിലും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് വിശേഷിച്ചും നികത്താനാവാത്ത നഷ്ടമാണ് യു.എ ഖാദറിന്റെ നിര്യാണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ജീവിതത്തിലുടനീളം മതനിരപേക്ഷതയും പുരോഗമനോന്മുഖവുമായ നിലപാട് കൈക്കൊള്ളുകയും തന്റെ സര്‍ഗാത്മക സാഹിത്യത്തില്‍ പ്രതിഫലിപ്പിക്കുകയും ചെയ്തു യു എ ഖാദര്‍. ആ പ്രക്രിയയുടെ സ്വാഭാവിക ഫലമാണ് പുരോഗമന കലാസാഹിത്യ സംഘത്തെ നയിക്കാന്‍ അദ്ദേഹം കാട്ടിയ സന്നദ്ധതയെന്ന് മുഖ്യമന്ത്രി ചൂണ്ടിച്ചാട്ടി.
തൃക്കോട്ടൂര്‍ പെരുമ പോലെയുള്ള വിശിഷ്ടങ്ങളായ കൃതികളിലൂടെ മലയാളസാഹിത്യത്തിന്റെ അതിരുകള്‍ കടന്ന് ദേശീയതലത്തിലുള്ള ഇന്ത്യന്‍ എഴുത്തുകാരന്‍ എന്ന നിലയിലേക്ക് അദ്ദേഹം ഉയര്‍ന്നിരുന്നു. പ്രാദേശിക ചരിത്രം കഥകളില്‍ കൊണ്ടുവന്ന എഴുത്തുകാരനായിരുന്നു അദ്ദേഹം. ചിത്രകാരന്‍ കൂടിയായ ഖാദര്‍, മനോഹരമായ ദൃശ്യങ്ങള്‍ അവതരിപ്പിച്ചു കൊണ്ടാണ് കഥകള്‍ പറഞ്ഞത്. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായും അദ്ദേഹത്തിന് വലിയ അടുപ്പമുണ്ടായിരുന്നു. മേശവിളക്ക് എന്ന പ്രസിദ്ധ കൃതിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം പ്രതിഫലിക്കുന്നുണ്ട്.
മ്യാന്‍മാറില്‍ ജനിച്ച യു.എ. ഖാദര്‍ കേരളീയമായ ഭാഷാ സംസ്‌കൃതിയെ ഉള്‍ക്കൊണ്ടുകൊണ്ട്, മലയാളത്തനിമ നിറഞ്ഞ കൃതികള്‍ രചിച്ചു കൊണ്ട് വായനക്കാരുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു.
ചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ട് സാമൂഹിക യാഥാര്‍ഥ്യങ്ങളെയും വ്യക്തിഗതമായ അനുഭൂതികളെയും ഭാവനാത്മകമായി സമന്വയിപ്പിച്ച് എഴുതുന്ന അദ്ദേഹത്തിന്റെ ശൈലി മലയാള സാഹിത്യത്തില്‍ വേറിട്ടു നിന്നു.
കേരളത്തിന്റെ സാഹിത്യമടക്കമുള്ള സാംസ്‌കാരിക മണ്ഡലങ്ങള്‍ക്കാകെയും മതനിരപേക്ഷതയടക്കമുള്ള ജനാധിപത്യമൂല്യങ്ങള്‍ക്കാകെയും കനത്ത നഷ്ടമാണ് നിര്‍ണായകമായ ഈ ഘട്ടത്തിലുള്ള അദ്ദേഹത്തിന്റെ വിടവാങ്ങല്‍. ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ യു.എ ഖാദറിന്റെ എഴുത്തുകള്‍ കൊയിലാണ്ടിയുടെ ഇതിഹാസാമായിരുന്നുവെന്ന് സംഗീതജ്ഞന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. യു എ ഖാദറുമായി ഉണ്ടായിരുന്നത് വര്‍ഷങ്ങള്‍ നീണ്ട ബന്ധമായിരുന്നുവെന്നും ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഖാദറിന്റെ വിയോഗം വ്യക്തിപരമായ നഷ്ടമാണെന്ന് എം.കെ മുനീര്‍ എംഎല്‍എ. സി. എച്ചുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിത്വമായിരുന്നു യു.എ ഖാദര്‍. വിയോഗം വ്യക്തിപരമായ നഷ്ടമാണെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.
മലയാള സാഹിത്യത്തിലെ തലയെടുപ്പുള്ള വ്യക്തിത്വമാണ് യു.എ ഖാദറെന്ന് എം കെ.രാഘവന്‍ എംപി പറഞ്ഞു. വിയോഗം തീരാനഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാള സാഹിത്യ ലോകത്ത് സമാനതകളില്ലാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു യു. എ. ഖാദര്‍ എന്ന് ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍ അനുസ്മരിച്ചു.മലയാളത്തിനു തൃകോട്ടൂ ര്‍ പെരുമ സമ്മാനിച്ച അദ്ദേഹം മലയാളിയുടെ ഹൃദയ തുടിപ്പ് ഉള്‍കൊണ്ട എഴുത്തുകാരന്‍ കൂടിയായിരുന്നു. എക്കാലത്തും ഇടതു പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പം നിലകൊണ്ട യു. എ.ഖാദര്‍ മലയാളികളുടെ മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കുമെന്നും മന്ത്രി അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.
മലബാറിന്റെ സാഹിത്യസാമൂഹ്യസാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. മലയാള സാഹിത്യ ലോകത്തെ അപൂര്‍വ പ്രതിഭയായിരുന്ന യു എ ഖാദറിന്റെ വിയോഗം സാമൂഹ്യസാംസ്‌കാരിക മേഖലക്കും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും ഒരിക്കലും നികത്താനാവാത്ത നഷ്ടമാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു
ഇന്ന് വൈകീട്ടോടെയാണ് യുഎ ഖാദര്‍ വിടവാങ്ങിയത്. കോഴിക്കോട് സ്റ്റാര്‍ കെയര്‍ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. യു.എ ഖാദറിന്റെ സംസ്‌കാരം നാളെ നടക്കും. മൃതദേഹം നാളെ പത്ത് മണിക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് ഉച്ചയോടെ തിക്കോടിയില്‍ സംസ്‌കരിക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."