ജപ്പാന്‍ കുടിവെള്ളം അപേക്ഷാ ഫോം വിതരണം; സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണത്തില്‍ വലഞ്ഞ് ജനം
ഫറോക്ക്: ജപ്പാന്‍ കുടിവെളളത്തിനുളള അപേക്ഷ ഫോം വിതരണം ചെയ്യുന്നുവെന്ന് സോഷ്യല്‍മീഡിയ പ്രചരണത്തില്‍ ജനം വലഞ്ഞു. ഇന്നലെ രാവിലെ മുതല്‍ മണ്ണൂര്‍ പഴയ ബാങ്കിനു സമീപമുളള വാട്ടര്‍ അതോറിറ്റിയുടെ കേന്ദ്രത്തിത്തിലെത്തിയ ജനം നിരാശരായി മടങ്ങുകയായിരുന്നു. ഫറോക്ക് നഗരസഭയിലെ കുടിവെളളത്തിനായി ഇന്നലെ മുതല്‍ ഫോം വിതരണം നടത്തുന്നുവെന്ന വിവരമാണ് സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കപ്പെട്ടത്.
ഫറോക്ക്, കരുവന്‍തിരുത്തി വില്ലേജുകളില്‍ നിന്നായി നൂറ് കണക്കിനു പേരാണ് ജപ്പാന്‍ പദ്ധതിയില്‍ ഹൗസ് കണക്ഷനുളള അപേക്ഷ ഫോമിനെത്തിയത്. രാവിലെ മുതല്‍ മണ്ണൂരിലെ വാട്ടര്‍ അതോറിറ്റി ഓഫിസിനു മുമ്പില്‍ നീണ്ടവരിയാണ് ഉണ്ടായത്.
പത്തുമണിയോടെ ഉദ്യോഗസ്ഥരെത്തി കടലുണ്ടി പഞ്ചായത്തിലെ പൈപ്പ് ലൈന്‍ പൂര്‍ത്തിയായ സ്ഥലത്ത് മാത്രമുളളവര്‍ക്കാണ് ഫോം വിതരണമെന്നു അറിയിച്ചതോടെയാണ് വഞ്ചിക്കപ്പെട്ടത് ജനം അറിയുന്നത്. തുടര്‍ന്നു മുനിസിപ്പാലിറ്റിയുമായും എം.എല്‍.എ ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ ഇന്നലെ ഫോം വിതരണം ചെയ്യുന്നുവെന്ന യാതൊരു അറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് മറുപടി ലഭിച്ചത്.
സി.പി.എം കേന്ദ്രങ്ങളില്‍ നിന്നാണ് ഫോം വിതരണം നടത്തുന്നുവെന്ന വിവരം വ്യാപകമായി പ്രചരിക്കപ്പെട്ടതെന്നു ജനങ്ങള്‍ ആരോപിച്ചു. ഫറോക്ക് നഗരസഭ ഉപതെരഞ്ഞടുപ്പില്‍ എല്‍.ഡി.എഫ് വിജയാഹ്ലാദ പ്രകടനത്തില്‍ ഇന്നലെ ഫോം വിതരണം ചെയ്യുമെന്നു അനൗണ്‍സ് ചെയ്തതായും നാട്ടുകാര്‍ പറഞ്ഞു. കൂടാതെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കരുവന്‍തിരുത്തി ഭാഗങ്ങളില്‍ വീടുകള്‍ കയറി പറഞ്ഞതായുളള ആരോപണവുമുയര്‍ന്നിട്ടുണ്ട്. കുടിവെളളത്തിനു നെട്ടോട്ടമോടുന്നതിനിടയില്‍ ഇല്ലാത്ത അപേക്ഷാഫോമിനു വേണ്ടി പൊരിവെയിലത്ത് വരിനിന്നതില്‍ ക്ഷുഭിതരയാണ് ജനം ജല അതോരിറ്റി ഓഫീസിനു മുമ്പില്‍ നിന്നും പിരിഞ്ഞു പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."