സ്വന്തം ചോരയെ തേടി വരുന്ന കിരാത കാലം
എമില്‍ മാര്‍ട്ടിന്‍ നീമോളറുടെ പ്രസിദ്ധമായ ആ വാചകം തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്റ് ശിവരഞ്ജിത് സ്വന്തം അനുയായി അഖിലിന്റെ നെഞ്ചില്‍ കഠാര കുത്തിയിറക്കിയതോടെ യാഥാര്‍ഥ്യമായിരിക്കുകയാണ്.
'ആദ്യമവര്‍ കമ്യൂണിസ്റ്റുകളെ തേടി വന്നു ഞാന്‍ ഒന്നും മിണ്ടിയില്ല. കാരണം ഞാനൊരു കമ്മ്യൂണിസ്റ്റുകാരനായിരുന്നില്ല. പിന്നീടവര്‍ തൊഴിലാളികളെ തേടി വന്നു. ഞാനൊന്നും മിണ്ടിയില്ല. കാരണം ഞാനൊരു തൊഴിലാളിയായിരുന്നില്ല. പിന്നീടവര്‍ ജൂതനെ തേടിവന്നു. ഞാനൊന്നും മിണ്ടിയില്ല. കാരണം ഞാനൊരു ജൂതനായിരുന്നില്ല. ഒടുവില്‍ അവര്‍ എന്നെ തേടി വന്നു അപ്പോള്‍ എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരുമുണ്ടായിരുന്നില്ല'.
ഈ വാചകങ്ങള്‍ക്കൊരു രൂപ ഭേദം വരുത്തിയാല്‍ ഒരു കാലത്ത് പ്രശസ്തിയുടെ കൊടുമുടി കയറിയ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിന്റെ ഇന്നത്തെ കുപ്രസിദ്ധിക്കുള്ള ഉത്തരമാകും. യൂനിവേഴ്‌സിറ്റി കോളജില്‍ ആദ്യം എസ്.എഫ്.ഐ തേടി ചെന്നത് കെ.എസ്.യുവിനെയായിരുന്നു. കെ.എസ്.യുവിനായി വാദിക്കാന്‍ ആരുമുണ്ടായിരുന്നില്ല. എ.ഐ.വൈ.എഫിനെയും എം.എസ്.എഫിനെയും കുറുവടികളുമായി എസ്.എഫ്.ഐ തേടി വന്നപ്പോഴും ഇരകള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഇതര വിദ്യാര്‍ഥി സംഘടനകള്‍ നാമാവശേഷമായ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കാംപസില്‍ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന ക്രിമിനലിസം ശമിപ്പിക്കാന്‍ വഴികാണാതെ ഉഴറി നടന്ന എസ്.എഫ്.ഐ നേതൃത്വത്തിന് അവരുടെ കൈത്തരിപ്പ് മാറ്റാന്‍ ഒടുവില്‍ സ്വന്തം അനുയായികളെ തന്നെ തേടിച്ചെല്ലേണ്ടി വന്നു.
അപ്പോള്‍ അവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഇരകളുടെ അച്ഛനമ്മമാര്‍ക്ക് നിശബ്ദം കണ്ണീരൊഴുക്കാനല്ലാതെ മറ്റൊന്നിനുമാകുമായിരുന്നില്ല. അത്രയ്ക്കു ശക്തിദുര്‍ഗ്ഗമായിരുന്നു യൂനിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ നേതൃത്വം. ഭരണകൂടവും ജില്ലാ നേതൃത്വവും അവര്‍ക്ക് മുന്നില്‍ ഓഛാനിച്ച് നിന്നു. തിരുവനന്തപുരം സെക്രട്ടറിയേറ്റ് വളയാനും പ്രതിരോധം തീര്‍ക്കുന്ന പൊലിസുകാരെ കല്ലെറിയാനും സി.പി.എമ്മിന് യൂനിവേഴ്‌സിറ്റി കോളജ് എസ്.എഫ്.ഐയായിരുന്നു ക്വാട്ട തികച്ചിരുന്നത്.
അതിനാലാണ് പൊലിസുകാരനെ നടുറോഡില്‍ വച്ച് മുഖത്തടിച്ച എസ്.എഫ്.ഐ നേതാവ് നസിം ഒരു പോറലുമേല്‍ക്കാതെ സൈ്വര്യവിഹാരം നടത്തിയിരുന്നത്. അഖിലിനെ കുത്തിയതില്‍ രണ്ടാം പ്രതിയാകുന്നത് വരെ നസീമിന് സര്‍ക്കാരായിരിക്കും സംരക്ഷണം നല്‍കിയിട്ടുണ്ടാവുക. അഖിലിനെ കുത്തിയതിനെതിരേയുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ പൊതുശ്രദ്ധ നേടാനാവാതെ പതിവ് പോലെ ഈ കത്തിക്കുത്ത് കാംപസിനുള്ളില്‍ തന്നെ ഒതുങ്ങിപ്പോയിരുന്നെങ്കില്‍ ശിവരഞ്ജിത്തും നസീമും നെഞ്ച് വിരിച്ച് ആരുണ്ടെടാ ചോദിക്കാന്‍ എന്ന മട്ടില്‍ കാംപസിനുള്ളില്‍ കറങ്ങി നടക്കുമായിരുന്നു.
ഭരണകൂടത്തിന്റെ അറിവോടെയായിരിക്കും ഇനിയും പിടികൂടാനുള്ള പ്രതികള്‍ ഒളിവില്‍ കഴിയുന്നുണ്ടാവുക. സി.പി.എമ്മിന്റെ ജില്ലാ ഓഫിസില്‍ കയറി പരിശോധിച്ചാല്‍ ആ പൊലിസ് ഓഫിസറുടെ തലയിലെ തൊപ്പി വീട്ടിലെത്തുന്നതിന് മുമ്പ് തന്നെ പൊലിസ് സ്റ്റേഷനില്‍ ഏല്‍പിക്കേണ്ടി വരും. കഴിഞ്ഞ ജനുവരിയില്‍ മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ എസ്.ഐയെ ആക്രമിച്ച കേസില്‍ ഡി.വൈ.എഫ്.ഐ നേതാവിനെ പിടിക്കാന്‍ അന്നത്തെ ഡി.സി.പി ചൈത്ര തെരേസ ജോണ്‍ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ പരിശോധന നടത്തിയതിന്റെ തൊട്ടുപുറകെ അവരുടെ കസേരയും തെറിച്ചു. പാര്‍ട്ടി ഓഫിസുകള്‍ പൊലിസിന് പരിശോധിക്കാന്‍ പാടില്ലെന്ന നിയമമൊന്നും നിലവിലില്ല. എന്നിട്ടും പൊലിസ് പരിശോധിച്ചതിനെ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അപലപിച്ചിരുന്നു.
യൂനിവേഴ്‌സിറ്റി കോളജ് കാംപസില്‍ കുട്ടികള്‍ക്ക് മരച്ചുവട്ടില്‍ ഇരിക്കാന്‍ പാടില്ല, തമാശ പറഞ്ഞ് ചിരിക്കാന്‍ പാടില്ല, ഇത് ഏത് ഏകാധിപത്യ രാജ്യമാണ്. അവസാനം എസ്.എഫ്.ഐ അനുയായികള്‍ തന്നെ നേതാക്കളുടെ കിരാത വേട്ടക്കെതിരേ മുന്നിട്ടിറങ്ങിയെങ്കില്‍ അത് സി.പി.എമ്മിനുള്ള ചുവരെഴുത്തും കൂടിയാണ്. നാളെ ഈ കലാലയം വിട്ടിറങ്ങുന്ന കുട്ടികള്‍ എസ്.എഫ്.ഐ കുപ്പായം അവിടെ തന്നെ അഴിച്ചുവയ്ക്കുമെന്നതിനു സംശയമില്ല. സി.പി.എമ്മിന്റെ പ്രഖ്യാപിത രാഷ്ട്രീയ എതിരാളികളായ ബി.ജെ.പിയില്‍ തന്നെ അവര്‍ അഭയം പ്രാപിച്ചേക്കാം. ക്രിമിനല്‍ നേതൃത്വമാകട്ടെ നാളത്തെ ഗുണ്ടാസംഘങ്ങളായും പരിണമിച്ചേക്കാം.
കോണ്‍ഗ്രസ് ബി.ജെ.പിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് കേന്ദ്രമാണെന്ന് പറയുന്ന മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിയിലെ യുവജന നേതാക്കളുടെ കൊള്ളരുതായ്മ കൊണ്ട് ബി.ജെ.പിയിലേക്ക് പോകുന്ന അനുയായികളെ കാണാതിരിക്കരുത്. ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന സി.പി.എം നശിക്കരുതെന്നുള്ളത് ജനാധിപത്യവിശ്വാസികളെല്ലാം ആഗ്രഹിക്കുന്നതാണ്. പക്ഷെ സ്വന്തം യുവജന സംഘടനാ നേതാക്കള്‍ പാര്‍ട്ടിക്ക് ശവക്കുഴി ഒരുക്കി കൊണ്ടിരിക്കുമ്പോള്‍ അവരെ തടഞ്ഞ് നിര്‍ത്താന്‍ ബാധ്യതപ്പെട്ട നേതൃത്വം അവരെ പ്രോത്സാഹിപ്പിക്കുന്നതു കൊലപാതകം കഴിഞ്ഞെത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതും പൊതുസമൂഹം കാണുന്നുണ്ടെന്ന് ഓര്‍ക്കണം. സി.പി.എമ്മിന്റെ വോട്ട് കൊണ്ട് മാത്രമല്ല ഇടത് മുന്നണി ജയിച്ച് കയറുന്നത്. ജയിപ്പിക്കുന്ന ആ നിഷ്പക്ഷ വിഭാഗം പാര്‍ട്ടിയില്‍ നിന്നും അകന്ന് പോകുന്നതിന് കാരണക്കാരായ അക്രമികളായ യുവജന സംഘടനാ നേതാക്കളെ സി.പി.എം തടയുന്നില്ലെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്ത്യകര്‍മങ്ങള്‍ എങ്ങിനെ ഒഴിവാക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."