സൂര്യക്ഷേത്രം തേടി കൊണാര്‍ക്കിലേക്ക്
ഇന്ത്യയില്‍ കണ്ടിരിക്കേണ്ട കാഴ്ചകളില്‍ ഒന്നായാണ് ഒഡിഷയിലെ കൊണാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന സൂര്യക്ഷേത്രം കണക്കാക്കുന്നത്. ഈ നിര്‍മിതിയുടെ പ്രതാപകാലത്ത് ലോകത്തിലെ എണ്ണപ്പെട്ട മഹാത്ഭുതങ്ങളില്‍ ഒന്നായിരുന്നു ഇതെന്ന് ചരിത്രം പരിശോധിച്ചാല്‍ ബോധ്യപ്പെടും. കിഴക്കന്‍ തീര സംസ്ഥാനമായ പശ്ചിമബംഗാളിലേക്കുള്ള യാത്രക്കിടെയായിരുന്നു കൊല്‍ക്കത്തക്കുള്ള ടിക്കറ്റുണ്ടായിട്ടും ഭുവനേശ്വറില്‍ ഇറങ്ങി സുര്യക്ഷേത്രം കാണാന്‍ പുറപ്പെട്ടത്. ട്രെയിനില്‍ പരിചയപ്പെട്ട ഭുവനേശ്വര്‍ സ്വദേശിയായിരുന്നു യാത്രക്ക് പ്രേരണയായത്.
ഭുവനേശ്വറില്‍നിന്ന് ബസ് കയറി കൊണാര്‍ക്ക് ബസ് സ്റ്റാന്റില്‍ എത്തിയായിരുന്നു അങ്ങോട്ട് പുറപ്പെട്ടത്. ഭുവനേശ്വറില്‍നിന്നു 65 കിലോമീറ്ററും പുരിയില്‍നിന്നു 35 കിലോമീറ്ററുമാണ് ദൂരം. ഭുവനേശ്വര്‍ വിമാനത്താവളത്തില്‍നിന്ന് 64 കിലോമീറ്റര്‍ ദൂരമാണ് കൊണാര്‍ക്കിലേക്കുള്ളത്. ബസ് സ്റ്റാന്റില്‍നിന്ന് ഒരു കിലോമീറ്ററോളം ദൂരെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വഴിയാത്രക്കാരോട് ചോദിച്ചായിരുന്നു ആളുകള്‍ കൂട്ടമായി നടന്നുനീങ്ങുന്ന വഴിത്താരയിലേക്കെത്തിയത്. സഞ്ചാരികളും തീര്‍ഥാടകരും നിറഞ്ഞൊഴുകുന്ന ആ വഴിയിലൂടെയുള്ള യാത്രതന്നെ ആവേശകരമായിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയവര്‍. വിദേശികളെയും ജനസഞ്ചയത്തില്‍ ധാരാളമായി കണ്ടു. ഭാഷയും വേഷവിധാനങ്ങളും വര്‍ണവൈവിധ്യങ്ങളുമെല്ലാം അത് വ്യക്തമാക്കുന്നു. അര കിലോമീറ്ററോളം നടന്നു. ഓരോ അടി മുന്നോട്ടുവയ്ക്കുമ്പോഴും സൂര്യക്ഷേത്ര ദര്‍ശനത്തിനായുള്ള ഭക്തരുടെയും സഞ്ചാരികളുടെയും എണ്ണം വര്‍ധിച്ച് വര്‍ധിച്ച് അതൊരു മഹാപ്രവാഹമായി രൂപാന്തരപ്പെട്ടു.
കവാടത്തോട് ചേര്‍ന്നുള്ള പ്രധാന റോഡിന്റെ അരിക് ഏതൊരു വിനോദസഞ്ചാര കേന്ദ്രത്തിന്റെയും പരിച്ഛേദമായിരുന്നു. വില്‍പ്പനക്കായി വച്ചിരിക്കുന്ന കരകൗശലവസ്തുക്കള്‍, ശംഖുകള്‍, മുത്തുമാലകള്‍, തുകല്‍ ഉല്‍പന്നങ്ങള്‍, ചെരുപ്പുകള്‍...
ഉത്സവപ്പറമ്പില്‍ കെട്ടിയുയര്‍ത്തിയ പോലുള്ളവയായിരുന്നു മിക്ക കടകളും. ദാഹമകറ്റാന്‍ തുടുത്ത ഇളനീരുകള്‍ വഴിയരുകില്‍ കൂട്ടിവച്ചിരിക്കുന്നു. ജ്യൂസുകള്‍, പഴങ്ങള്‍, ചായയും ലഘുപലഹാരങ്ങളും വില്‍ക്കുന്ന ഉന്തുവണ്ടികള്‍. കവാടത്തിനരികില്‍ ധാരാളം യാചകരെ കണ്ടു. സന്യാസത്തിലേക്ക് കടന്ന കാഷായവസ്ത്രക്കാരും അക്കൂട്ടത്തില്‍ ധാരാളം.
ഇന്ത്യന്‍ പട്ടണങ്ങളുടെ പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ തെരുവുകളുടെ സഹനം ഞാന്‍ പലപ്പോഴും അനുഭവിച്ചറിഞ്ഞതാണ്. എത്രയെത്ര ഭ്രാന്തന്മാരും അഭയാര്‍ഥികളും ദരിദ്രരുമാണ് തെരുവിന്‍മടിത്തട്ടിന്‍ സാന്ത്വനത്തില്‍ ജീവിതം ഉന്തിക്കൊണ്ടുപോകുന്നത്. ഈ ഒരു ഇടവുമില്ലായിരുന്നെങ്കില്‍ ഇവരെല്ലാം എങ്ങുപോകും. ഈ മണ്ണില്‍ ജനിച്ചവരല്ലേ, ഭ്രാന്തനായാലും ഈ കാറ്റും കുളിരും ചൂടും മനുഷ്യച്ചൂരുമേറ്റല്ലാതെ അവരെല്ലാം എവിടെപ്പോയി ജീവിക്കും.
കവാടത്തോടു ചേര്‍ന്നായിരുന്നു ടിക്കറ്റ് കൗണ്ടര്‍. ഇന്ത്യക്കാര്‍ക്ക് 30 രൂപ. വിദേശികള്‍ക്ക് 250 രൂപ. സാര്‍ക്ക് രാജ്യക്കാര്‍ക്കും തായ്‌ലന്റ്, മ്യാന്‍മാര്‍ എന്നീ നാടുകളില്‍ നിന്നുള്ളവര്‍ക്കും രാജ്യത്തെ പൗരന്മാര്‍ക്കുള്ള നിരക്കു മതി. 15 വയസിന് താഴെയുള്ള കൂട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. പ്രവേശന സമയം ഉദയം മുതല്‍ അസ്തമനംവരെയായി ക്രമപ്പെടുത്തിയിരിക്കുന്നു.
ഇന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണെങ്കിലും ടിക്കറ്റ് കൗണ്ടറിന് ഒരു പകിട്ടുമില്ല. നമ്മുടെ നാട്ടിന്‍പുറത്തെ ടോക്കീസിലേതിന് സമാനം. ആളുകളുടെ നിര വേര്‍തിരിക്കാന്‍ നാലു മീറ്ററോളം നീളത്തില്‍ ഇരുമ്പു പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെന്നു മാത്രം. തറയില്‍ സിമന്റുപോലും പൂശിയിട്ടില്ല. ടിക്കറ്റെടുത്ത് ഇരുനൂറു മീറ്ററോളം നീളമുള്ള നടപ്പാതയിലേക്ക് കയറി.
ആളുകളുടെ തിരക്കാണ്. തലയുയര്‍ത്തി നോക്കിയപ്പോള്‍ സൂര്യക്ഷേത്രത്തിന്റെ പാതിയോളം കണ്ടു. വീണ്ടും പരമാവധി തല ചെരിച്ചപ്പോഴാണ് ആകാശംമുട്ടി നില്‍ക്കുന്ന ക്ഷേത്രത്തിന്റെ മകുടം കണ്ണിലുടക്കിയത്. അവസാനത്തെ മാടക്കടയും പിന്നിട്ട് മുന്നോട്ടുനീങ്ങി. കരിങ്കല്ലുപാകിയ മൂന്നു മീറ്ററോളം വീതിയുള്ള നടവഴിയിലേക്കെത്തി. അവിടെയും സന്ദര്‍ശകരെ നിയന്ത്രിക്കാന്‍ ഇരുമ്പു കൈവരി സ്ഥാപിച്ചിരുന്നു. ടിക്കറ്റ് പരിശോധനക്ക് ശേഷമാണ് ക്ഷേത്രാങ്കണത്തിലേക്കുള്ള പ്രവേശനം.
ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി ഏതാനും മീറ്റര്‍ മുന്നിലായി മറ്റൊരു പടിക്കെട്ട്. മൂന്നു മീറ്ററോളം ഉയരത്തിലായിരുന്നു അത്. വലിയൊരു താമസമുറിയുടെ വലുപ്പമുണ്ട് തുറസായ ആ തറക്ക്. അരികില്‍ കൊത്തുപണികളോടുകൂടിയ കരിങ്കല്‍ക്കെട്ട്. കൂറ്റന്‍ കരിങ്കല്ലിലാണ് ചിത്രത്തൂണുകളോട് സാമ്യമുള്ള ആ നിര്‍മിതി. പടുകൂറ്റന്‍ കരിങ്കല്‍പാളികളിലാണ് പടികള്‍ പണിതിരിക്കുന്നത്.
പടിക്കെട്ടിറങ്ങി താഴെ എത്തിയപ്പോള്‍ എട്ടുപത്തു മീറ്റര്‍ അകലെയായി കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി സൂര്യക്ഷേത്രം ഉയര്‍ന്നുനില്‍ക്കുന്നു. അഞ്ചു മീറ്ററെങ്കിലും ഉയരമുള്ള തറയിലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. പിന്നീടാണ് അത് രഥമാണെന്ന് തിരിച്ചറിഞ്ഞത്. ചുറ്റും വിശാലമായ പൂന്തോട്ടം. പൂക്കള്‍ കുറവായിരുന്നെങ്കിലും വന്‍മരങ്ങളുടെ ചോലയില്‍ ഇരിപ്പിടങ്ങളും പുല്‍ത്തകിടിയുമെല്ലാം ഭംഗിയായി സംരക്ഷിച്ചിട്ടുണ്ട്. ക്ഷേത്രസമുച്ഛയത്തിന് ചുറ്റും വലംവയ്ക്കാന്‍ സൗകര്യത്തില്‍ പ്രദക്ഷിണപഥം.
1255ലാണ് സൂര്യക്ഷേത്ര നിര്‍മാണം പൂര്‍ത്തീകരിച്ചത്. 1984ലാണ് യുനസ്‌കോ ഈ മഹാത്ഭുതത്തെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 24 ചക്രങ്ങളിലാണ് സൂര്യഭഗവാനുള്ള അര്‍ച്ചനയായി ഭീമാകാരമായ രഥത്തിന്റെ മാതൃകയില്‍ ക്ഷേത്രം സാക്ഷാത്ക്കരിച്ചത്. കാവല്‍നില്‍ക്കുന്ന ആനകളെ കീഴ്‌പ്പെടുത്തുന്ന രണ്ട് സിംഹങ്ങളെ മുഖ്യകവാടത്തില്‍ കൊത്തിവച്ചിരിക്കുന്നു. കൊത്തുപണിയോടു കൂടിയ മൂന്നുമീറ്റര്‍ വ്യാസമുള്ള 12 ജോഡി രഥചക്രങ്ങളാണുള്ളത്. ഏഴു കുതിരകള്‍ പൂട്ടിയതാണ് രഥം. നാലു കുതിരകള്‍ വലതുഭാഗത്തും മൂന്നു കുതിരകള്‍ ഇടതുവശത്തുമാണ് നിലയുറപ്പിച്ചിരിക്കുന്നത്.
നദിക്കരയിലെ വിസ്മയം
ഈസ്റ്റേണ്‍ ഗംഗ രാജവംശത്തിലെ നരസിംഹദേവ ഒന്നാമനാണ് ചന്ദ്രഭാഗ നദിക്കരയിലായി അക്രമികള്‍ക്കെതിരായി നേടിയ വിജയത്തിന്റെ ഓര്‍മ നിലനിര്‍ത്താന്‍ കൊണാദിത്യ എന്നുകൂടി അറിയപ്പെടുന്ന ഇന്നു നാം കാണുന്ന സൂര്യക്ഷേത്രം പണികഴിപ്പിച്ചതെന്നാണ് കരുതുന്നത്. കലിംഗ വാസ്തുശില്‍പ്പ മാതൃകയിലാണ് നിര്‍മാണം. നിരവധി ചവിട്ടുപടികള്‍ താണ്ടിവേണം മുകളിലേക്കെത്താന്‍.
ക്ഷേത്രഗോപുരത്തില്‍ സ്ഥാപിച്ച അത്യാകര്‍ഷണമുള്ള കാന്തങ്ങളിലാണ് രാജാവിന്റെ സിംഹാസനം വായുവില്‍ ഉയര്‍ന്നുനില്‍ക്കുന്നതെന്ന് അന്നത്തെ ജനങ്ങള്‍ വിശ്വസിച്ചിരുന്നു. 1,200 ശില്‍പ്പികള്‍ 12 വര്‍ഷം വിശ്രമില്ലാതെ ജോലിചെയ്താണ് സൂര്യക്ഷേത്രം പൂര്‍ത്തീകരിച്ചത്. 12 വര്‍ഷത്തിനകം ഓരോ അണുവിലും അതീവ ദുഷ്‌കരമായതും മനോഹരവുമായ കൊത്തുപണികളോടെ ക്ഷേത്രം പൂര്‍ത്തീകരിച്ചെന്നത് ലോകത്തെ എക്കാലത്തും വിസ്മയിപ്പിച്ചിരുന്നു.
ഇന്ത്യയിലെ സപ്താത്ഭുതങ്ങളില്‍ ഒന്നായാണിത് കരുതപ്പെടുന്നത്. സംസ്‌കൃത പദമായ കോണ (മൂല), ആര്‍ക് (സൂര്യന്‍) എന്നിവയില്‍ നിന്നാണ് വാക്ക് രൂപമെടുത്തത്. ഉരുക്കുഭീമുകളില്‍ പണിതുയര്‍ത്തിയ ക്ഷേത്രത്തെ യൂറോപ്യന്‍ കച്ചവടക്കാര്‍ ബ്ലാക്ക് പഗോഡയെന്നാണ് വിശേഷിപ്പിച്ചത്. പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിന് നല്‍കിയ വൈറ്റ് പഗോഡയെന്ന നാമധേയത്തിന്റെ തുടര്‍ച്ചയായിരുന്നു ഈ വിശേഷണം.
വിഗ്രഹങ്ങള്‍ക്ക് പുറമേ നര്‍ത്തകര്‍, രതിക്രീഡകള്‍, പുല്‍ച്ചെടികള്‍, കുതിരപ്പുറത്തേറിയ പടയാളികള്‍ തുടങ്ങിയ കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന അനേകം രൂപങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. സംഗീതജ്ഞര്‍, ആനകള്‍, സാങ്കല്‍പ്പികജീവികള്‍ എന്നിവയും തൂണുകളിലും ചുമരുകളിലുമെല്ലാം ചിത്രീകരിച്ചിട്ടുണ്ട്. കടല്‍ക്കരയിലായിരുന്നു ആ കാലത്ത് ക്ഷേത്രം പണിതത്. എന്നാല്‍ പിന്നീട് കടല്‍ ഉള്‍വലിയുകയായിരുന്നു.
കടല്‍ക്കരയില്‍നിന്ന് പ്രവേശിക്കുന്ന സൂര്യകിരണങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന സൂര്യഭഗവാന്റെ മൂന്നു ചിത്രങ്ങള്‍ മനോഹരങ്ങളാണ്. പുലര്‍ച്ചെക്കും മധ്യാഹ്നത്തിലും അസ്തമന ഘട്ടത്തിലുമായി സൂര്യകിരണങ്ങള്‍ പതിക്കുന്ന രീതിയിലാണ് ഇവ വിദഗ്ധമായി ചിത്രീകരിച്ചിരിക്കുന്നത്. മുഖ്യപ്രതിഷ്ഠയിലെ വജ്രത്തില്‍ വീഴുന്ന ഉദയസൂര്യന്റെ കിരണങ്ങള്‍ നൃത്തമണ്ഡപത്തില്‍ പ്രതിബിംബിക്കുന്നത് അനിര്‍വചനീയമായ കാഴ്ചയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ രണ്ട് ഉരുക്കുപാളികള്‍ക്കിടയിലായി ഭാരംകൂടിയ കാന്തങ്ങള്‍ സ്ഥാപിച്ചിരുന്നു. രണ്ട് ക്ഷേത്രകല്ലുകള്‍ക്കിടയിലായാണ് കാന്തങ്ങള്‍ സൂക്ഷിച്ചത്. പ്രത്യേകം രൂപകല്‍പ്പനചെയ്ത ഈ കാന്തങ്ങളുടെ ശക്തിയാലായിരുന്നു മുഖ്യപ്രതിഷ്ഠ വായുവില്‍ ചലിച്ചുകൊണ്ടിരുന്നതെന്നാണ് അക്കാലത്തെ ജനങ്ങള്‍ വിശ്വസിച്ചത്.
ദിശനിര്‍ണയിക്കുന്നതില്‍ കപ്പലുകളുടെ വടക്കുനോക്കിയന്ത്രങ്ങളെ ചതിക്കുന്നതായി പരാതിയുയര്‍ന്നതോടെ നാവികരുടെ താല്‍പര്യം മാനിച്ച് ഭരണാധികാരികള്‍ കാന്തങ്ങള്‍ എടുത്തുമാറ്റുകയായിരുന്നു. അതോടെ സ്വയം ചലിക്കുന്ന വിഗ്രഹമുള്ള ആരാധനാലയമെന്ന ഖ്യാതി സൂര്യക്ഷേത്രത്തിന് നഷ്ടമായി.
കൊണാര്‍ക് ഡാന്‍സ്
ഫെസ്റ്റിവല്‍
ഡിസംബറിലാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ കൊണാര്‍ക്കിലേക്ക് എത്തുന്നത്. ഈ പട്ടണം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവുന്ന കാലവും ഇതുതന്നെ. കൊണാര്‍ക് ഡാന്‍സ് ഫെസ്റ്റിവല്‍ അരങ്ങേറുന്ന സൂര്യക്ഷേത്രത്തിന് പിന്‍ഭാഗത്തെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലാണ് എല്ലാ വര്‍ഷവും ഒന്നുമുതല്‍ അഞ്ചുവരെ നൃത്തോത്സവം സംഘടിപ്പിക്കുന്നത്. രാജ്യത്തിനകത്തു പുകള്‍പ്പെറ്റ കാലാകാരന്മാര്‍ക്കൊപ്പം വിദേശരാജ്യങ്ങളില്‍ നിന്നുള്ള നര്‍ത്തകരും നൃത്തച്ചുവടുകളാല്‍ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളാണ് പിന്നെ കൊണാര്‍ക്കിന്.
ഒഡിസ്സി, കഥക്, മണിപ്പൂരി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പിടി എന്നിവക്കൊപ്പം ചഹു ഉള്‍പ്പെടെയുള്ള ഗോത്രവര്‍ഗ നൃത്തരൂപങ്ങളും ഇവിടെ അരങ്ങേറും. ഒഡീഷ വിനോദസഞ്ചാര വികസന കോര്‍പറേഷനും ഒഡീസ്സി റിസേര്‍ച്ച് സെന്ററും സംയുക്തമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. മണല്‍ശില്‍പ്പങ്ങളുടെ പ്രദര്‍ശനവും കരകൗശലമേളയും നൃത്തോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്.
ഒഡീസ്സി നര്‍ത്തകനും അഭിനേതാവും കൊറിയോഗ്രാഫറുമായ പത്മശ്രീ ഗുരു ഗംഗാധര്‍ പ്രഥാനാണ് 1989ല്‍ നൃത്തോത്സവത്തിന് തുടക്കമിട്ടത്. 1986ല്‍ കൊണാര്‍ക്ക് കേന്ദ്രമാക്കി കൊണാര്‍ക്ക് നാട്യമണ്ഡപ് സ്ഥാപിച്ചതും ഇദ്ദേഹമായിരുന്നു. ഗ്യാസുര്‍ എന്ന രാക്ഷസനെ കൊന്ന ശേഷം മഹാവിഷ്ണു വിജയാഘോഷത്തിന്റെ ഭാഗമായി തന്റെ ജംഗമസ്വത്തുക്കളില്‍ താമര ഉപേക്ഷിച്ചത് കൊണാര്‍ക്കിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
സൂര്യക്ഷേത്രത്തിന്റെ രഥചക്രങ്ങള്‍ സമയം കൃത്യമായി ഗണിക്കാന്‍ കൂടി പുരാതന കാലത്ത് ഉപയോഗിച്ചിരുന്നു. ഖുര്‍ദയിലെ രാജാവ് 1627ല്‍ പുരി ജഗന്നാഥക്ഷേത്രത്തിലേക്ക് ഇവിടെ സ്ഥാപിച്ച അത്യപൂര്‍വ വജ്രം കൊണ്ടുപോയെന്നും ഒരു കഥയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."