തിരശ്ശീല വീണത് ഒരുമാസം നീണ്ട പ്രചാരണത്തിന് കൊണ്ടും കൊടുത്തും മുന്നേറി മുന്നണികള്‍
കോഴിക്കോട്: പ്രചാരണത്തിന് കൂടുതല്‍ സമയം ലഭിച്ചത് പരമാവധി മുതലാക്കാനുള്ള മത്സരത്തിലായിരുന്നു മുന്നണികള്‍. നവംബര്‍ ആറിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ ആരംഭിച്ച പ്രചാരണത്തിനൊടുവിലാണ് നാളെ അവസാന ഘട്ടത്തില്‍ മലബാറിലെ നാല് ജില്ലകള്‍ ബൂത്തിലേക്ക് നീങ്ങുന്നത്. നവംബര്‍ പകുതിയോടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഊര്‍ജിമായി മുന്നേറിയ പരസ്യപ്രചാരണത്തിനാണ് ഇന്നലെ തിരശ്ശീല വീണത്. പ്രാദേശിക വിഷയങ്ങള്‍ക്കു പുറമേ ദേശീയ, സംസ്ഥാന രാഷ്ട്രീയവും ഇത്തവണ പ്രചാരണത്തില്‍ സജീവ ചര്‍ച്ചാ വിഷയമായിരുന്നു. കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപെട്ട് ഡല്‍ഹിയില്‍ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം മുതല്‍ മോദി സര്‍ക്കാരിന്റെ വികസന നയങ്ങള്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കര്‍ഷക നിയമത്തിനെതിരേ ശക്തമായ ക്യാംപയിന്‍ നടത്തിയപ്പോള്‍ മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുകൂലമായാണ് നിയമം കൊണ്ടുവന്നതെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ നിലപാട്. സംസ്ഥാന രാഷ്ട്രീയ വിഷയത്തില്‍ പ്രധാനമായി ചര്‍ച്ചയായത് സ്വര്‍ണകള്ളക്കടത്തും അനുബന്ധ അന്വേഷണങ്ങളും തന്നെയായിരുന്നു. ഓരോ ദിവസവും പുത്തന്‍ ആരോപണങ്ങള്‍ ഉന്നയിച്ചാണ് യു.ഡി.എഫും ബി.ജെ.പിയും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയത്. ഏറ്റവുമൊടുവില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരേയുള്ള ആരോപണങ്ങളാണ് പ്രതിപക്ഷം കൊണ്ടുവന്നത്. എന്നാല്‍ ഇതെല്ലാം സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഡാലോചനയാണെന്ന നിലപാടാണ് ഇടതുപക്ഷ നേതാക്കള്‍ കൈക്കൊണ്ടത്.
സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളാണ് എല്‍.ഡി.എഫ് പ്രധാനമായും പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടിയത്. എല്ലാ പെന്‍ഷനുകളും വര്‍ധിപ്പിച്ചതും ദുരിതകാലത്ത് റേഷന്‍ കടകളിലൂടെ ഭക്ഷ്യധാന്യ കിറ്റുകള്‍ എത്തിച്ച് ഒപ്പം നിന്നതും വികസന നേട്ടങ്ങളും എല്‍.ഡി.എഫ് പ്രചാരണ ആയുധമാക്കിയിരുന്നു.
സ്വര്‍ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ തിളച്ചു മറിയവേ പ്രചാരണ രംഗത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനില്ലെന്നും ഇത് അദ്ദേഹത്തിന് ജനങ്ങളെ അഭിമുഖീകരിക്കാനുള്ള മടികൊണ്ടാണെന്നുമായിരുന്നു യു.ഡി. എഫിന്റെ പ്രചാരണം.
എന്നാല്‍, യു.ഡി.എഫിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ് തിരിച്ചടിച്ചത്. ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ കക്ഷിയാണെന്നും നിരോധിക്കണമെന്നും ചൂണ്ടിക്കാട്ടി യു.ഡി. എഫ് ഭരണകാലത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും അവസാന ദിവസങ്ങളില്‍ ചര്‍ച്ചക്ക് വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."