പ്ലസ് വണ്‍ വിദ്യാര്‍ഥി സൂക്ഷിച്ച ഹുക്കയും ലഹരി വസ്തുക്കളും പിടിച്ചെടുത്തു
തലശ്ശേരി: ആളൊഴിഞ്ഞ പറമ്പില്‍ മമ്പറത്തെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥി സൂക്ഷിച്ച ഹുക്കയും ലഹരി വസ്തുക്കളും കതിരൂര്‍ പൊലിസ് പിടിച്ചെടുത്തു. പൊന്ന്യം സ്രാമ്പിയിലെ ഗ്രൗണ്ടിനു സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച ബാഗില്‍ നിന്നാണ് കതിരൂര്‍ എസ്.ഐ സുരേന്ദ്രന്‍ കല്യാടന്റെ നേതൃത്വത്തിലുള്ള പൊലിസ് ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്.
ഹുക്ക, സിഗരറ്റ് ലാമ്പ്, സിഗരറ്റ്, പുകവലിക്കാനായി പ്രത്യേകം തയാറാക്കിയ കുഴല്‍, ലഹരിക്ക് ഉപയോഗിക്കുന്ന കറുത്ത ഇനം രാസവസ്തു എന്നിവയാണ് ബാഗിനകത്തുണ്ടായിരുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ബാഗ് പ്രദേശത്തെ ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിയുടേതാണെന്ന് മനസിലാക്കിയത്. പത്താം ക്ലാസ് വരെ വിദേശത്ത് പഠനം നടത്തിയ വിദ്യാര്‍ഥി പ്ലസ് വണിന് മമ്പറത്തെ സ്വകാര്യ സ്‌കൂളില്‍ ഇത്തവണ പ്രവേശനം തേടുകയായിരുന്നു. സഹപാഠികള്‍ക്കൊപ്പം കോഴിക്കോട് നിന്നാണ് 2000 രൂപ വിലയുള്ള ഹുക്ക വാങ്ങിയതെന്ന് വിദ്യാര്‍ഥി മൊഴി നല്‍കി.
സ്‌കൂള്‍ വിട്ടാല്‍ സഹ പാഠികളുമായെത്തി സ്ഥിരമായി പൊന്ന്യം സ്രാമ്പിയിലെ കുറ്റിക്കാട്ടില്‍ വച്ച് ലഹരി വസ്തുക്കള്‍ ഉപയോഗിക്കാറുണ്ടെന്നു വിദ്യാര്‍ഥി പൊലിസിനോട് പറഞ്ഞു.
കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥിയുടെ പിതാവ് ഗള്‍ഫിലാണ്. കുട്ടിയെ പിന്നീട് വീട്ടുകാരുടെ മുന്നില്‍ വച്ച് പൊലിസ് താക്കീത് നല്‍കി വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."