ലക്കിടിയില്‍ റെയില്‍വേ ഗേറ്റില്‍ തകരാര്‍: റെയില്‍വേ മേല്‍പാലം ആവശ്യം ശക്തം
പത്തിരിപ്പാല: ലക്കിടിയില്‍ റെയില്‍വേ ഗേറ്റ് തകരാറിലാകുന്നത് ആവര്‍ത്തിക്കുന്നതിനാല്‍ റെയില്‍വേ മേല്പാലം വേണമെന്ന ആവശ്യം ശക്തം. ലക്കിടി റെയില്‍വേ സ്റ്റേഷനു കിഴക്കുഭാഗത്ത് ഭാരതപ്പുഴ പാലത്തിനു സമീപമാണ് ഗേറ്റ.് ഗേറ്റ് കടന്നാല്‍ തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും. പാലക്കാട്, തൃശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ പ്രവേശന കവാടം കൂടിയാണ് ഈ റെയില്‍വേ ഗേറ്റ്. ഗേറ്റ് തകരാറിലാകുന്നതിനാല്‍ വാഹനഗതാഗത തടസം പതിവാണ്.
ഇക്കഴിഞ്ഞ 22നു ഗേറ്റ് കേടായി ഒന്നരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. റെയില്‍വേ ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് ഗേറ്റ് ഉയര്‍ത്തിയത്. ഇതുമൂലം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വിവിധ വാഹനങ്ങളില്‍ ആയിരങ്ങളാണ് ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയാതെ കഷ്ടത്തിലായത്. മംഗലാപുരം-കോയമ്പത്തൂര്‍ പാസഞ്ചര്‍ കടന്നുപോകാന്‍വേണ്ടിയാണ് ഗേറ്റ് അടച്ചിട്ടത്. പിന്നീട് ബുഷ് ഇളകിയതിനെ തുടര്‍ന്ന് പൊക്കാന്‍ കഴിയാതെ വരികയായിരുന്നു.
ഗേറ്റ് തകരാറിലാകുന്നത് ഒറ്റപ്പെട്ട സംഭവമല്ല. ഇതുമൂലം വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാതെ കിടക്കുന്നതും യാത്ര ഇടയ്ക്ക് അവസാനിപ്പിക്കേണ്ടിവരുന്നതും പതിവാണ്. മരണാനന്തര, സംസ്‌കാര ചടങ്ങുകള്‍ക്കായുള്ള പാമ്പാടി ഐവര്‍മഠം ലക്കിടി റെയില്‍വേ ഗേറ്റിന് അപ്പുറം തിരുവില്വാമലയിലാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സംസ്‌കാരത്തിന് ഇവിടേയ്ക്ക് മൃതദേഹങ്ങള്‍ കൊണ്ടുവരിക പതിവാണ്. റെയില്‍വേ ഗേറ്റ് തകരാറിലാകുമ്പോള്‍ ആംബുലന്‍സിലും മറ്റും കൊണ്ടുവരുന്ന മൃതദേഹങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ കഴിയാതെ ബന്ധുക്കള്‍ പ്രയാസപ്പെടുന്നതും പതിവു കാഴ്ചയാണ്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തേയും തൃശൂര്‍ ജില്ലയിലെ പഴയന്നൂരിനെയും ബന്ധിപ്പിച്ച് ലക്കിടി, തിരുവില്വാമല പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന പാമ്പാടിപാലവും ലക്കിടി തടയണയും റെയില്‍വേ ഗേറ്റിനോടു ചേര്‍ന്നാണ് സ്ഥിതിചെയ്യുന്നത്.
ഐവര്‍മഠം, തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം, സായ്ബാബ ക്ഷേത്രം, കൈത്തറി തുണികള്‍ക്ക് പ്രസിദ്ധമായ കുത്താമ്പുള്ളി ഗ്രാമം എന്നിവിടങ്ങളിലേക്കു പോകുന്നവര്‍ക്ക് ഗേറ്റ് തകരാറിലായാല്‍ മറ്റു മാര്‍ഗങ്ങള്‍ നോക്കേണ്ടിവരും. ദിനംപ്രതി ബസുകള്‍ ഉള്‍പ്പെടെ നൂറുക്കണക്കിനു വാഹനങ്ങളാണ് ഇതുവഴി സര്‍വീസ് നടത്തുന്നത്. ഈ ഗേറ്റിന്റെ സ്ഥാനത്ത് മേല്പാലം നിര്‍മിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് വ്യാഴവട്ടങ്ങളുടെ പഴക്കമുണ്ട്. ലക്കിടിപേരൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതരും എംപി, എംഎല്‍എ എന്നിവരും ഇതിനായി മുന്നിട്ടിറങ്ങണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."