ചന്ദ്രനും ശാരദയ്ക്കും മണിക്കൂറുകള്‍കൊണ്ടൊരു വീട്
ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്തിലേക്ക് പ്രളയം കവര്‍ന്ന മണ്ണിലേക്ക് പ്രീ ഫാബ്രിക്കേറ്റഡ് വീടെത്തുന്നു. മുരിയാട് ഗ്രാമപഞ്ചായത്തിലെ പുല്ലൂര്‍ വില്ലേജില്‍ പുല്ലൂര്‍-ഊരകം റോഡില്‍ ഗ്രീന്‍വാലിക്ക് സമീപം കൊളത്തുപ്പറമ്പില്‍ ചന്ദ്രനും ഭാര്യ ശാരദക്കുമാണ് മണിക്കൂറുകള്‍ കൊണ്ട് സ്വപ്ന ഭവനം മുന്നില്‍ വന്നത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൈസെല്‍ ആന്‍ഡ് ഷബാന ഫൌണ്ടേഷനാണ് മുരിയാട് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുത്ത ചന്ദ്രനും ഭാര്യക്കും വീട് പണിത് കൊടുത്തത്.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍മിത് കേന്ദ്രയാണ് അടിത്തറ നിര്‍മിച്ചത്. ജര്‍മന്‍ ടെക്‌നോളജി ഉപയോഗിച്ച ഇന്ത്യയിലെ ആദ്യത്തെ പ്രീ ഫാബ്രിക്കേറ്റഡ് വീടാണ് കേരളത്തില്‍ പണി പൂര്‍ത്തിയായിരിക്കുന്നത്.
രാവിലെ എട്ട് മണിക്ക് ആരംഭിച്ച നിര്‍മാണം വൈകിട്ട് ആറ് മണിയോട് കൂടി പൂര്‍ത്തിയായി. മേല്‍ക്കൂരക്ക് വേണ്ടി രണ്ട് പീസ് വര്‍ക്കുകളും ചുവരുകള്‍ക്കായി ഒന്‍പത് പീസ് വര്‍ക്കുകളും കൂട്ടി ചേര്‍ത്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
400 സ്‌ക്വയര്‍ ഫീറ്റ് വരുന്ന വീടില്‍ രണ്ട് ബെഡ് റൂമുകളും ഒരു കിച്ചണ്‍ വിത്ത് ലീവിങ് റൂമും ബാത്ത് റൂം ഉള്‍ക്കൊള്ളുന്നു. കൂടാതെ രണ്ട് അലമാര, ഡൈനിംഗ് ടേബിള്‍, കട്ടില്‍, സോഫ സെറ്റ് തുടങ്ങിയവയും ഈ കുടുംബത്തിന് ലഭിച്ചിട്ടുണ്ട്.
ഫിനിഷിങ് വര്‍ക്കും ഗാര്‍ഡന്‍ ബ്യൂട്ടിഫിക്കേഷനുമാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ കെ.യു അരുണന്‍, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍, ജില്ലാ പഞ്ചായത്തംഗം ടി.ജി ശങ്കരനാരായണന്‍, മുരിയാട് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി പ്രശാന്ത്, അജിത രാജന്‍, ഗംഗാദേവി സുനില്‍, പഞ്ചായത്തംഗം തോമസ് തൊകലത്ത്, പഞ്ചായത്ത് സെക്രട്ടറി സജീവ് കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ തോമസ് തത്തംപ്പിള്ളി, മിനി സത്യന്‍, കമ്പനി സി.ഇ.ഒ റിച്ചാര്‍ഡ് പാറ്റ്‌ലെ, എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ സോഫിയ ഫൈസല്‍, കമ്പനി ഡയരക്ടര്‍ ഡോ. ജോസഫ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ നിര്‍മാണ സ്ഥലത്ത് സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."