യൂനിവേഴ്‌സിറ്റി കോളജ് മാറ്റിസ്ഥാപിക്കണം: കെ. മുരളീധരന്‍
ഇപ്പോഴത്തെ കെട്ടിടം
ചരിത്രമ്യൂസിയമാക്കണം
കോഴിക്കോട്: തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് കാര്യവട്ടത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് കെ. മുരളീധരന്‍ എം.പി. കോളജ് കെട്ടിടം ചരിത്രമ്യൂസിയമാക്കണം. കോളജ് മാറ്റാത്ത കാലത്തോളം പ്രശ്‌നങ്ങള്‍ തുടരും.
സമാധാനാന്തരീക്ഷം നിലനില്‍ക്കാന്‍ കോളജ് മാറ്റുകയല്ലാതെ മറ്റു പോംവഴിയില്ല. ഒട്ടേറെ മഹാന്‍മാരെ സംഭാവന ചെയ്ത കോളജ് ഇപ്പോള്‍ ക്രിമിനലുകളുടെ കേന്ദ്രമായി. എസ്.എഫ്.ഐയിലെ സമാധാന പ്രേമികള്‍ക്കുപോലും കോളജില്‍ തുടരാന്‍ കഴിയാത്ത അവസ്ഥയാണ്. അസഹിഷ്ണുതയുടെ പര്യായമായി എസ്.എഫ്.ഐ മാറി.
80കളില്‍ തന്നെ യൂനിവേഴ്‌സിറ്റി കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയിരുന്നു. സി.പി.എം ഇതരസംഘടനകളുടെ ജാഥകളും പ്രകടനങ്ങളും കടന്നുപോകുമ്പോള്‍ കോളജ് കാംപസില്‍നിന്ന് കല്ലേറുണ്ടാകുന്നത് പതിവായിരുന്നു.
93ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കോളജ് കാര്യവട്ടം കാംപസിലേക്ക് മാറ്റി. എന്നാല്‍, നായനാര്‍ സര്‍ക്കാര്‍ വന്നപ്പോള്‍ വീണ്ടും ഇപ്പോഴത്തെ കാംപസിലേക്ക് മാറ്റുകയായിരുന്നു. നെടുങ്കണ്ടം പൊലിസ് സ്റ്റേഷന്‍ മോഡല്‍ ഇടിമുറികളാണ് യൂനിവേഴ്‌സിറ്റി കോളജിലുള്ളത്. ഇതരസംഘടനകള്‍ ഇല്ലാതായതോടെ കൂടാരത്തിലുള്ളവരെ തന്നെ കുത്തിമലര്‍ത്തുകയാണ്. പ്രിന്‍സിപ്പലിനെ കുറ്റംപറയാനാവില്ല.
ജീവനാണ് എല്ലാവര്‍ക്കും വലുത്. ആയുസില്‍ ഭയന്നാണ് പ്രിന്‍സിപ്പല്‍ പ്രതികരിക്കാത്തത്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ നേതാവായിരുന്ന സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ശിരസ് പാതാളത്തോളം താഴ്ത്തി ക്ഷമചോദിക്കുന്നുവെന്ന് പ്രതികരിക്കുന്ന തരത്തിലേക്ക് എസ്.എഫ്.ഐയുടെ പ്രവര്‍ത്തനങ്ങള്‍ മാറി.
കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഹൈക്കോടതിയുടെ ബെഞ്ച് തിരുവനന്തപുരത്ത് ലഭിക്കുകയാണെങ്കില്‍ കോളജ് കെട്ടിടം ഉപയോഗിക്കാന്‍ ആലോചനയുണ്ടായിരുന്നു. കോളജ് കാര്യവട്ടത്തേക്ക് മാറ്റി വാടക കെട്ടിടത്തിലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കണം. ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ കുടുംബപ്രശ്‌നമാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."