പെന്‍ഷന്‍ മസ്റ്ററിങ് ഇനി സ്വന്തം ചെലവില്‍
കോഴിക്കോട്: സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ ഇനി സ്വന്തം ചെലവില്‍ മസ്റ്ററിങ് നടത്തണം.
അടുത്തവര്‍ഷം മുതല്‍ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ഗുണഭോക്താക്കള്‍ സ്വന്തംനിലയില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം ധനവകുപ്പ് പുറത്തിറക്കി. ഈ വര്‍ഷം ഡിസംബര്‍ വരെ ലിസ്റ്റില്‍പ്പെട്ടിട്ടുള്ള ഗുണഭോക്താക്കളാണ് ഇത്തരത്തില്‍ സ്വന്തംചെലവില്‍ മസ്റ്ററിങ് നടത്തേണ്ടത്. 2021 ജനുവരി ഒന്നു മുതല്‍ 20 വരെയുള്ള കാലയളവിലാണ് മസ്റ്ററിങ് നടത്തേണ്ടത്. പെന്‍ഷന്‍ ഗുണഭോക്താക്കള്‍ തങ്ങളുടെ വിരലടയാളമോ കണ്ണോ പതിപ്പിച്ചാണ് മസ്റ്ററിങ് നടത്തുന്നത്. ഇതുവരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി സൗജന്യമായാണ് ഇത് ചെയ്തിരുന്നത്.
എന്നാല്‍, പുതിയ വര്‍ഷത്തില്‍ ഇതിന്റെ ചെലവ് ഓരോരുത്തരും വഹിക്കണമെന്ന നിര്‍ദേശമാണ് വന്നിരിക്കുന്നത്. മസ്റ്ററിങ് നടത്താന്‍ കഴിയാത്തവര്‍, ആധാര്‍ ഇല്ലാതെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട മാനസികരോഗം ഉള്ളവര്‍, ഓട്ടിസം ബാധിച്ചവര്‍ എന്നിവര്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് 2021 മാര്‍ച്ച് 31നുള്ളില്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശവും പുറത്തിറങ്ങിയിട്ടുണ്ട്. എല്ലാവര്‍ഷവും ഇത് തുടരണം. വിവിധ ക്ഷേമനിധി ബോര്‍ഡുകളുടെ പെന്‍ഷന്‍ ഗുണഭോക്താക്കളും ജനുവരി 1 മുതല്‍ 20 വരെയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ മസ്റ്ററിങ് നടത്തണം.
മസ്റ്ററിങ് നടത്താന്‍ പറ്റാത്തവര്‍ മാര്‍ച്ച് 31നുള്ളില്‍ ബന്ധപ്പെട്ട ക്ഷേമനിധി ഓഫിസില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നും ധനവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറയുന്നു. സംസ്ഥാനത്ത് നിലവില്‍ 48,55,173 പേരാണ് സാമൂഹികസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളായുള്ളത്. അനര്‍ഹര്‍ പെന്‍ഷന്‍ വാങ്ങുന്നതായുള്ള പരാതിയെതുടര്‍ന്നാണ് മസ്റ്ററിങ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഏകദേശം ഒരുവര്‍ഷത്തോളം നീണ്ട മസ്റ്ററിങ്ങിന്റെ ഫലമായി 12,52,664 പേര്‍ ലിസ്റ്റില്‍ നിന്ന് പുറത്തായി. കേരളത്തിലെ അക്ഷയ കേന്ദ്രങ്ങളാണ് ഈ സംരംഭത്തെ വിജയിപ്പിച്ചത്. കേന്ദ്രങ്ങളില്‍ എത്താന്‍ പറ്റാത്തവരെ വീടുകളില്‍പോയും അക്ഷയ കേന്ദ്രം ജീവനക്കാര്‍ മസ്റ്ററിങ് നടത്തിച്ചിരുന്നു. അക്ഷയകള്‍ക്ക് ഇതിനുള്ള സാമ്പത്തികം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. പുതിയ ഉത്തരവുപ്രകാരം സ്വന്തം ചെലവില്‍ മസ്റ്ററിങ് നടത്തണമെന്ന് പറയുന്നുണ്ടെങ്കിലും എത്ര തുക ഇതിന് ചെലവാകുമെന്ന് വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."