ഒത്തുപിടിച്ചാല്‍ മാറ്റം തീര്‍ച്ച
സര്‍ക്കാരിനെ ആശ്രയിക്കാതെ വളരെ ഭംഗിയായി നടന്നുപോകുന്നൊരു സംവിധാനമാണ് കേരളത്തിലെ മഹല്ലുകള്‍. എങ്കിലും നിത്യേനയുള്ള കാര്യങ്ങള്‍ നടന്നുപോവാനും ഉസ്താദുമാരുടെ ചെലവ്, മദ്‌റസാ നടത്തിപ്പ് തുടങ്ങിയ കാര്യങ്ങള്‍ക്കും വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവയാണ് അധിക മഹല്ലുകളും. എന്നാല്‍, ഒരു മഹല്ലിന് ചെയ്യാന്‍ പറ്റുന്ന സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ആരോഗ്യ, പാര്‍പ്പിട പദ്ധതികള്‍ ഒരുപാടുണ്ട്. മഹല്ലിലെ മുഴുവന്‍ കുടുംബങ്ങളെയും ഒരു ക്ലസ്റ്ററായി കണ്ടുകൊണ്ട് സര്‍വ മേഖലകളിലുമുള്ള മാറ്റമാണ് നാം ലക്ഷ്യമിടേണ്ടത്.
ദൈനംദിന വിഷയങ്ങള്‍ക്കു പുറമേ വിവാഹം, ജനനം, മരണം, തൊഴില്‍ തുടങ്ങിയ വിഷയങ്ങളിലും വ്യക്തമായ കാഴ്ചപ്പാടുള്ള പദ്ധതികള്‍ നാം തയാറാക്കണം. ഒരുമയോടെയും സംഘബോധത്തോടെയും നീങ്ങിയാല്‍ ഇക്കാര്യങ്ങളൊക്കെ വളരെ എളുപ്പമായി കൈകാര്യം ചെയ്യാനാവും. നാമിപ്പോള്‍ കൊട്ടക്കണക്കിലാണ് കാര്യങ്ങള്‍ പറയാറുള്ളത്. ഇതു അശാസ്ത്രീയമാണ്, മഹല്ല് ശാക്തീകരണത്തിന് സമഗ്രമായ സ്ഥിതിവിവരക്കണക്കാണ് നാം തയാറാക്കേണ്ടത്.
സമഗ്ര സര്‍വേ
മഹല്ലിലെ ഓരോ അംഗത്തെപ്പറ്റിയുമുള്ള കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചായിരിക്കണം സ്ഥിതി വിവരക്കണക്ക് തയാറാക്കാന്‍. വിഭ്യാഭ്യാസ യോഗ്യത മുതല്‍ വയസ്സ്, തൊഴില്‍, ജീവിതരീതി തുടങ്ങി ഒരു വ്യക്തിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളണം. എങ്കില്‍ മാത്രമേ, പ്രശ്‌നങ്ങള്‍ കണ്ടെത്താനും പരിഹാരമുണ്ടാക്കാനും അതിലൂടെ മഹല്ല് ശാക്തീകരണവും സാധ്യമാവുകയുള്ളൂ. സ്ഥിതി വിവരക്കണക്കിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചുള്ള ചാര്‍ട്ട് തയാറാക്കണം. സഹായം അത്യാവശ്യമായ ആളുകളുടേയും അതിലേക്ക് സഹായിക്കാന്‍ കഴിവുള്ളവരേയും നമുക്ക് വേര്‍തിരിക്കാം. എന്നെന്നും സഹായിച്ചു കൊണ്ടേയിരിക്കുക എന്നതാവരുത് നമ്മുടെ ലക്ഷ്യം. മറിച്ച് ഇവരെയെല്ലാം സ്വയം പര്യാപ്തമാക്കുക എന്നതായിരിക്കണം നമ്മുടെ മുഖ്യലക്ഷ്യം. വീടില്ലാത്തവര്‍ക്ക് ഘട്ടംഘട്ടമായി വീടു നല്‍കുക. വീട് തീരെയില്ലാത്തവരെയും ഓലവീടുള്ളവരുടെയും മുന്‍ഗണനാ പട്ടിക തയാറാക്കുക. വിധവകള്‍, അനാഥകള്‍, നിത്യരോഗികള്‍, മാരകരോഗത്തിന് അടിമകള്‍ എന്നിവരെ മുന്‍ഗണനാ ക്രമത്തില്‍പ്പെടുത്താം.
തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍
തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍ നേടുന്നതിനും അതിനാവശ്യമായ പരിശീലനം നല്‍കുന്നതിനും രാവിലെ ഒന്‍പതര മുതല്‍ വൈകുന്നേരം വരെ ഒഴിഞ്ഞുകിടക്കുന്ന മദ്‌റസകള്‍ നമുക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്താവുന്നതാണ്. അതോടൊപ്പം തങ്ങളുടെ മാത്രം പ്രത്യേകം തൊഴില്‍ കണ്ടെത്താനും അതനുസരിച്ച് നിത്യവരുമാനത്തിന് വഴികണ്ടെത്താനും നമുക്ക് മാര്‍ഗങ്ങളുണ്ടാക്കാനുമാവും. ഇത്തരം സ്ത്രീകളെ 25 ഓ 50 ഓ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ക്ലസ്റ്ററുകളായി തരംതിരിച്ച് അവര്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കാന്‍ കഴിയും. ഉദാഹരണത്തിന് എല്‍.ഇ.ഡി ബള്‍ബ് അസംബ്ലിങ് യൂനിറ്റ്, റെഡിമെയ്ഡ് വസ്ത്ര നിര്‍മാണം, പലഹാരങ്ങള്‍, ഭക്ഷണ പദാര്‍ഥങ്ങള്‍ തുടങ്ങിയവ ഉണ്ടാക്കുക തുടങ്ങി അനുയോജ്യവും നല്ല വരുമാനം ഉണ്ടാക്കാന്‍ കഴിയുന്നതുമായ ഒട്ടേറെ തൊഴിലുകള്‍ നമുക്ക് പരിശീലിപ്പിച്ചെടുക്കാന്‍ കഴിയും. അതുവഴി സാമ്പത്തിക വരുമാനം ഓരോ കുടുംബത്തിനും ഉറപ്പുവരുത്താന്‍ എളുപ്പത്തില്‍ സാധിക്കും. മറ്റുള്ളവരുടെ മുമ്പില്‍ യാചിക്കുകയെന്നത് ഗതികേട് കൊണ്ട് പലരെയും നിര്‍ബന്ധിതാവസ്ഥയില്‍ ഉണ്ടാവുന്നതാണ്. അതിന് അവരെ കുറ്റം പറയുന്നതിനു പകരം പരിഹാരമാര്‍ഗമാണ് നാം ഉണ്ടാക്കിക്കൊടുക്കേണ്ടത്. ഇതുവഴി സ്ത്രീ ശാക്തീകരണം അച്ചടക്കം ഉറപ്പുവരുത്തി നമുക്ക് നടപ്പാക്കാനാവും. അഞ്ചോ പത്തോ വര്‍ഷങ്ങള്‍ കൊണ്ട് ഒരു മഹല്ലിലെ പ്രശ്‌നങ്ങള്‍ ഇങ്ങനെ നമുക്ക് ശാശ്വതമായി പരിഹരിക്കാനാവും.
ധനാഗമ മാര്‍ഗങ്ങള്‍ എന്ത്?
ഈ പദ്ധതികള്‍ നടപ്പാക്കാന്‍ നമുക്ക് പണം ആവശ്യമാണ്. ലളിതമായ മാര്‍ഗത്തിലൂടെ സുഖകരമായ ധനാഗമ മാര്‍ഗങ്ങള്‍ നമുക്ക് എളുപ്പത്തില്‍ കണ്ടെത്താനാവും. ഉദാഹരണത്തിന് 250 വീടുള്ള ഒരു ചെറിയ മഹല്ലാണെന്നിരിക്കട്ടേ. അതില്‍ 35- 40 ശതമാനം പാവപ്പെട്ടവരും 50 ശതമാനം വരെ ഇടത്തരക്കാരും 10-15 ശതമാനം സമ്പന്നരുമായിരിക്കും. ഒരു പദ്ധതി മഹല്ലില്‍ ആവിഷ്‌കരിക്കുമ്പോള്‍ ഇത്തരക്കാരില്‍ സമ്പന്നന്മാരുടെ സഹായവും ഇടത്തരക്കാരുടെ സഹകരണവും ഒന്നിക്കുമ്പോള്‍ പാവപ്പെട്ടവരുടെ പ്രയാസങ്ങള്‍ എളുപ്പത്തില്‍ നീക്കാന്‍ കഴിയും. ഒരു ചായയ്ക്ക് 10 രൂപ നല്‍കേണ്ട ഇക്കാലത്ത് പ്രതിദിനം 10 രൂപ വച്ച് ഒരു വീട്ടില്‍ നിന്ന് ശേഖരിക്കാന്‍ എളുപ്പമാണ്. ഇത് 2500 രൂപ വരും. ഇത് മാസത്തില്‍ 75,000 രൂപയാണ്. ഒരു വര്‍ഷം ഒന്‍പത് ലക്ഷം രൂപയാണത്. ഒരു ചെറിയ മഹല്ലിനെ സംബന്ധിച്ചിടത്തോളം ഇതൊരു നിസ്സാര സംഖ്യയല്ല. സ്വദഖയുടെയും സക്കാത്തിന്റെയും പണം വേറെയും കണ്ടെത്താന്‍ കഴിയും.
ഇതിനു പുറമേ മഹല്ലിലെ കച്ചവടക്കാരുടെ ലാഭത്തിന്റെ ഒരു നിശ്ചിത വിഹിതവും സമ്പന്നന്മാരുടെ ഒരു സ്ഥിരം സഹായവും വരുമാനം വലിയൊരു സ്രോതസ്സായി പ്രതീക്ഷിക്കാവുന്നതാണ്. കല്യാണ മണ്ഡപം, ഷോപ്പിങ് കോംപ്ലക്‌സ് തുടങ്ങിയവയിലൂടെയും മറ്റ് ഇതര വരുമാനത്തിലൂടെയും പണം കണ്ടെത്താം. മഹല്ല് ശാക്തീകരണത്തിലൂടെ ചെയ്യാന്‍ കഴിയുന്ന വലിയൊരു കാര്യം കാലിക പ്രശ്‌നങ്ങളുടെ പരിഹാരമാണ്. തെറ്റിപ്പിരിയുന്ന കുടുംബങ്ങളെ ഒന്നിപ്പിക്കുക, ന്യൂജന്‍ പിരിമുറുക്കങ്ങള്‍ ഒഴിവാക്കാന്‍ കൗണ്‍സലിങ് നടത്തുക, മഹല്ലിലെ തര്‍ക്കങ്ങള്‍ മസ്‌ലഹത്തിലൂടെ പരിഹരിക്കുക, തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് സ്വദേശത്തും വിദേശത്തും തൊഴില്‍ കണ്ടെത്തുക, ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്തി ചികിത്സയിലൂടെയും ബോധവല്‍ക്കരണത്തിലൂടെയും മാറ്റിയെടുക്കുക, മതപരമായ അറിവിന്റെ അഭാവം കൊണ്ടും മറ്റു കാരണങ്ങള്‍ കൊണ്ടും വഴിതെറ്റിപ്പോയവരെ തിരിച്ചുകൊണ്ടുവരിക, ഉന്നത മാര്‍ക്കു വാങ്ങി പഠിക്കാന്‍ കഴിയാത്ത മിടുക്കരെ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയ ഒട്ടേറെ ജീവകാരുണ്യ, സഹായ പദ്ധതികളിലൂടെ സമൂഹത്തിനെ കൈപിടിച്ചുയര്‍ത്താന്‍ നമുക്കാവും. സര്‍ക്കാരില്‍ നിന്ന് ഒരുപാട് ആനുകൂല്യങ്ങള്‍ ഓരോ വ്യക്തിക്കുമുണ്ട്. ഉദാ: ഇപ്പോള്‍ ഒരു പാവപ്പെട്ട ബി.പി.എല്‍ കുടുംബനാഥന്‍ 60 വയസ്സിനു മുന്‍പ് മരണപ്പെട്ടാല്‍ മറവുചെയ്യാന്‍ 20,000 രൂപ ലഭിക്കാന്‍ അര്‍ഹനാണ്. പക്ഷേ, ഇതേപ്പറ്റി അധികമാര്‍ക്കും അറിയില്ല. അതുപോലെ അപകടത്തില്‍ മരിച്ചാലോ മുങ്ങിമരിച്ചാലോ ഒന്നു മുതല്‍ രണ്ടു ലക്ഷം രൂപ വരെ കുടുംബത്തിനു ലഭിക്കും. പിതാവോ മാതാവോ മരിച്ച കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് കിട്ടും. ഇതൊക്കെ വാങ്ങിക്കൊടുക്കാന്‍ സംവിധാനമുണ്ടായാല്‍ വലിയ മുന്നേറ്റമുണ്ടാക്കാനാവുമെന്ന് അനുഭവത്തിലൂടെ പറയാനാവും.
ഇമാമുമാര്‍ നിരന്തരം നടത്തുന്ന അവബോധം തീര്‍ച്ചയായും വലിയ മാറ്റത്തിന് സഹായിക്കും. അങ്ങനെ നല്ല ശാക്തീകരണമുണ്ടാക്കാന്‍ ഇത്രയും സംവിധാനത്തോടെയുള്ള കൂട്ടായ്മ മറ്റൊരു സ്ഥലത്തും വിഭാഗത്തിലും കാണാന്‍ കഴിയില്ല. അതത് മഹല്ലുകളിലെ മറ്റു സമുദായക്കാരെയും സഹായിക്കാന്‍ നമുക്കാവും. ലഹരിമുക്ത മഹല്ലാക്കി മാറ്റാനും സാധിക്കും.
പലിശരഹിത സഹായ പദ്ധതി
നാട്ടിലെ സമ്പന്നരെയും അഭ്യുദയ കാംക്ഷികളെയും സംഘടിപ്പിച്ചു അവരുടെ വിഹിതവും മഹല്ലിന്റെ വിഹിതവും ചേര്‍ത്ത് ഒരു വായ്പാ സഹായനിധി രൂപീകരിക്കാവുന്നതാണ്. പലിശരഹിത വായ്പയായി ഹ്രസ്വകാല വായ്പയായി മഹല്ലിലെ ആവശ്യക്കാര്‍ക്ക് നല്‍കാനും അത്യാവശ്യ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അതുവഴി സഹായിക്കാനും ധനാഗമ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ വ്യക്തികളെ സഹായിക്കാനും ഇത് ഉപകരിക്കും.
വായ്പാസഹായ നിധികള്‍, കല്യാണ, ഭവന പദ്ധതികള്‍ ഓരോന്നിനും പദ്ധതികള്‍ ആവിഷ്‌കരിക്കണം. ഇതിനൊക്കെ വസ്തുനിഷ്ടമായ സ്ഥിതി വിവരക്കണക്ക് അത്യാവശ്യമാണ്. കണക്ക് തയാറാക്കിയാല്‍ എല്ലാം കംപ്യൂട്ടറില്‍ അപ്‌ലോഡ് ചെയ്താല്‍ കാര്യങ്ങള്‍ എളുപ്പമാവും. ഇതു നിയന്ത്രിക്കാന്‍ ജില്ലാ, സംസ്ഥാന തലത്തില്‍ കോ -ഓര്‍ഡിനേഷന്‍ സംവിധാനങ്ങള്‍ ഉണ്ടാവുന്നതോടു കൂടി നമ്മുടെ ലക്ഷ്യം സഫലമാകും. അങ്ങനെ സമഗ്രമായ, വ്യക്തമായ ആസൂത്രണത്തോടെയുള്ള പദ്ധതികള്‍ നമ്മുടെ മഹല്ലിന്റെ ശാശ്വത വികസനത്തിന് വഴിവയ്ക്കും, തീര്‍ച്ച. ഇത്രയും വിപുലമായ മഹല്ല് സംവിധാനം കൊണ്ട് അനുഗൃഹീതമായ കേരളത്തില്‍ നല്ലൊരു മാറ്റം കൊണ്ടുവരാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."