ചെറുവത്തൂര്‍ തുഴയെറിയുന്നു.., പുന്നമടക്കായലിലേക്ക്
ചെറുവത്തൂര്‍: നെഹ്‌റു ട്രോഫി വള്ളം കളിക്കായി പുന്നമടക്കായല്‍ ഒരുങ്ങുമ്പോള്‍ ചെറുവത്തൂരിന്റെ കണ്ണും കാതും അവിടേക്കു തുഴഞ്ഞെത്തും. വടക്കിന്റെ തുഴക്കരുത്തുമായാണ് നടുഭാഗം ചുണ്ടന്‍ ഇത്തവണ നെഹ്‌റു ട്രോഫിയില്‍ മത്സരത്തിനിറങ്ങുന്നത്. ചെറുവത്തൂരില്‍ നിന്നുള്ള തൊണ്ണൂറു പേരാണ് ഈ വള്ളത്തില്‍ പുന്നമടയില്‍ തുഴയെറിയുക. എടത്വ വില്ലേജ് ബോട്ട് ക്ലബിന്റെ നേതൃത്വത്തിലാണ് ഇത്തവണ നടുഭാഗം ചുണ്ടന്‍ ഇറക്കുന്നത്. ഓഗസ്റ്റ് രണ്ടാം വാരത്തില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തോടെ തുഴയാന്‍ ചെറുവത്തൂരില്‍ നിന്നുള്ള സംഘം പുന്നമടയില്‍ കഠിന പരിശീലനം തുടങ്ങിക്കഴിഞ്ഞു. തേജസ്വിനിയിലെ തുഴക്കരുത്തുമായി 45 പേര്‍ കഴിഞ്ഞ വര്‍ഷം നെഹ്‌റു ട്രോഫി വള്ളം കളിയില്‍ തുഴഞ്ഞിരുന്നു. പൊടോത്തുരുത്തി എ.കെ.ജി സ്മാരക കലാവേദിയുടെയും വയല്‍ക്കര മയ്യിച്ചയുടെയും തുഴച്ചില്‍ താരങ്ങളാണ് ആലപ്പുഴ വി.ബി.സി എടത്വ സെന്റ് ജോര്‍ജ് ചുണ്ടനു വേണ്ടി തുഴയെറിഞ്ഞത്.
വടക്കിന്റെ ശൈലിയും കരുത്തും തിരിച്ചറിഞ്ഞതോടെയാണ് 103 പേര്‍ അണിനിരക്കുന്ന വള്ളം തുഴയാന്‍ ഇത്തവണ തൊണ്ണൂറു പേരെയും കാസര്‍കോട് ജില്ലയില്‍ നിന്നു തന്നെ തിരഞ്ഞെടുത്തത്. മയ്യിച്ച, കാര്യങ്കോട്, പൊടോതുരുത്തി, കാവുഞ്ചിറ എന്നിവിടങ്ങളിലുള്ളവരാണ് തുഴച്ചിലുകാര്‍. ഇവിടെ വ്യത്യസ്ത ടീമുകളിലുള്ളവരാണ് ഇവര്‍. കാര്യങ്കോട് തേജസ്വിനി പുഴയില്‍ നടക്കുന്ന ഉത്തരമലബാര്‍ ജലോത്സവത്തില്‍ തങ്ങളുടെ കരുത്തു തെളിയിക്കാന്‍ ഇഞ്ചോടിഞ്ചു പോരാടുന്ന ടീമുകളിലെ അംഗങ്ങളാണെങ്കിലും പുന്നമടയില്‍ ഇവര്‍ ഒരുമയുടെ വഞ്ചിപ്പാട്ടില്‍ ഒറ്റമനസായി തുഴയെറിയുന്നുവെന്ന സവിശേഷതയുമുണ്ട്. ഉത്തരമലബാറിലെ ജലോത്സവങ്ങളില്‍ ചുരുളന്‍ വള്ളങ്ങളിലാണു മത്സരമെങ്കില്‍ പുന്നമടക്കായലില്‍ ചുണ്ടന്‍ വള്ളത്തിലാണു മത്സരം. ചെറുവത്തൂരിലെ തുഴച്ചിലുകാര്‍ നടുഭാഗം ചുണ്ടനില്‍ മത്സരിക്കാനിറങ്ങുമ്പോള്‍ നെഹ്‌റു ട്രോഫി ആരു നേടുമെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ചെറുവത്തൂര്‍ ഗ്രാമവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."