റെയില്‍വേ ട്രാക്കിലെ ക്ലിപ്പുകള്‍ ഊരിയ സംഭവം; റെയില്‍വേയുടെ പ്രത്യേക സംഘം അന്വേഷണത്തിനെത്തി
കാസര്‍കോട്: ഒരാഴ്ചക്കുള്ളില്‍ റെയില്‍വേ ട്രാക്കില്‍ മൊഗ്രാല്‍ പുത്തൂരിനു സമീപം രണ്ടിടങ്ങളില്‍ ഇലാസ്റ്റിക് ക്ലിപ്പുകള്‍ ഊരിമാറ്റിയ സംഭവം റെയില്‍വേയുടെ പ്രത്യേക സംഘവും അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണ സംഘം ഇന്നലെ കാസര്‍കോടെത്തി വിവരങ്ങള്‍ തേടി. ക്ലിപ്പുകള്‍ ഊരിമാറ്റിയ സ്ഥലവും സംഘം പരിശോധിച്ചു.
പാലക്കാട് റെയില്‍വേ അസിസ്റ്റന്റ് കമ്മിഷണര്‍ തോമസ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധനക്കെത്തിയത്. ക്ലിപ്പുകള്‍ ഊരിമാറ്റിയതായി കാണപ്പെട്ട രണ്ടു സ്ഥലങ്ങളും അന്വേഷണ സംഘം പരിശോധിച്ചു.
കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ റെയില്പാളങ്ങളില് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. മൊഗ്രാല്‍ പുത്തൂരിനു സമീപം വ്യത്യസ്ത ദിവസങ്ങളിലായാണു പാളത്തിലെ ക്ലിപ്പുകള്‍ ഊരി പാളങ്ങളില്‍ നിരത്തി വച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കാസര്‍കോട് റെയില്‍വേ സ്റ്റേഷന് മാനേജര്‍ നല്കിയ പരാതിയില്‍ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. കേസ് അന്വേഷിക്കാന്‍ പൊലിസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘം അന്വേഷിക്കുന്നതിനിടയിലാണ് റെയില്‍വേയും അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചത്. കാസര്‍കോട് ഇടക്കിടെയുണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ റെയില്‍വേ ഗൗരവത്തിലെടുത്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ റെയില്പാളങ്ങളില് കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ മുതല്‍ പാളങ്ങളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."