സമരം കടുപ്പിച്ച് കര്‍ഷകര്‍; കോര്‍പറേറ്റുകളുടെ ടോള്‍ പ്ലാസകള്‍ കൈയടക്കി
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തേക്കുള്ള കൂടുതല്‍ പാതകള്‍ സ്തംഭിപ്പിച്ച് കര്‍ഷക പ്രക്ഷോഭം രണ്ടാംഘട്ടത്തിലേക്ക്. ഡല്‍ഹിയിലെ സിന്ഗൂര്, തിക്റി, ഗാസിയാബാദ് അതിര്‍ത്തികളില്‍ മാത്രം ഒതുങ്ങി നിന്ന സമരം ശനിയാഴ്ചയോടെ മറ്റിടങ്ങളിലേക്ക് വ്യാപിച്ചു. ഇന്നലെ ജയ്പൂര്‍-ഡല്‍ഹി, ഡല്‍ഹി- ആഗ്ര ദേശീയ പാതകള്‍ ഉപരോധിച്ച് അദാനിയുടെയും അംബാനിയുടെയും നിയന്ത്രണത്തിലുള്ള ടോള്‍പ്ലാസകള്‍ വളഞ്ഞ് പണം നല്‍കാതെ വാഹനങ്ങള്‍ കടത്തിവിട്ടു.
ഇന്നു മുതല്‍ ഡല്‍ഹി- ജയ്പൂര്‍ ഹൈവേ അനിശ്ചിത കാലത്തേക്ക് ഉപരോധിക്കുമെന്നറിയിച്ച് രാജ്സ്ഥാനില്‍ നിന്നുള്ള കര്‍ഷകര്‍ ട്രാക്ടറുകളിലും ട്രക്കുകളിലും ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. പഞ്ചാബ്, യു.പി, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും എത്തിത്തുടങ്ങിതോടെ കേന്ദ്രം ആയിരം പൊലിസുകാരെ ഗുഡ്ഗാവ് അതിര്‍ത്തിയിലും 3500 പേരെ ഫരീദാബാദിലും അധികമായി വിന്യസിച്ചു.
മാസങ്ങള്‍ കഴിയാനുള്ള സന്നാഹങ്ങളുമായാണ് കര്‍ഷകര്‍ വരുന്നത്. ഇന്നലെ രാത്രി മുതല്‍ ഡല്‍ഹി അതിര്‍ത്തികളിലെ ഗതാഗതം മന്ദീഭവിച്ചു. ആഗ്ര ഹൈവേ ഉപരോധിച്ച കര്‍ഷകരെ പൊലിസ് അറസ്റ്റ് ചെയ്തു. ഹിസാറിലും കര്‍ണാലിലും ടോള്‍പ്ലാസകളില്‍ പണം നല്‍കാതെ വാഹനങ്ങള്‍ കടത്തിവിട്ടുകൊണ്ടാണ് സമരക്കാര്‍ പ്രതിഷേധിച്ചത്. എവിടെയും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിയമം കര്‍ഷക ക്ഷേമം ഉറപ്പാക്കുമെന്ന് ഇന്നലെ പ്രധാനമന്ത്രി ഉറപ്പു നല്‍കിയെങ്കിലും അതു തള്ളിയാണ് പ്രക്ഷോഭം തുടരുന്നത്.
ബി.ജെ.പി നേതാവും ഗൗതം ബുദ്ധ നഗര്‍ എം.പിയുമായ മഹേഷ് ശര്‍മയുടെ നോയിഡയിലെ കൈലാഷ് ആശുപത്രിക്ക് മുന്‍പിലും കര്‍ഷകര്‍ സമരം നടത്തി. അരിയും ഭക്ഷ്യവസ്തുക്കളുമായെത്തിയ 150ലധികം സമരക്കാര്‍ അത് നാട്ടുകാര്‍ക്ക് വിതരണം ചെയ്താണ് പ്രതിഷേധിച്ചത്. ഹനുമാന് ബേനിവാള്‍ എം.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ ഘടകകക്ഷിയും സമരത്തിനിറങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."