നീരവ് മോദിയുടെ 637 കോടി രൂപയുടെ വിദേശ ആസ്തി ഇ.ഡി പിടിച്ചെടുത്തു
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് പണം തട്ടിച്ച് മുങ്ങിയ നീരവ് മോദിയുടെ 637 കോടി രൂപ വിലമതിക്കുന്ന വിദേശ ആസ്തി എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) പിടിച്ചെടുത്തു. ആഭരണങ്ങള്‍, ബാങ്ക് അക്കൗണ്ടുകള്‍, സ്ഥാവര വസ്തുക്കള്‍ എന്നിവയാണ് പിടിച്ചെടുത്തത്.
വിദേശ ഏജന്‍സികളുമായി മൂന്നു മാസത്തോളമായി നടത്തിയ ഇടപെടലിനെത്തുടര്‍ന്നാണ് ഇത്രയും പിടിച്ചെടുക്കാനായത്. സാമ്പത്തിക ക്രമക്കേട് തടയല്‍ നിയമം, 2000 ത്തിന്റെ അഞ്ചാം വകുപ്പു പ്രകാരമാണ് നടപടി.
ഹോങ്കോങില്‍ നിന്ന് 22.69 കോടി രൂപയുടെ വജ്രാഭരണങ്ങള്‍ പിടിച്ചെടുത്തു. നീരവ് മോദിക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തതിനു ശേഷമാണ് ഇവ ഇന്ത്യയില്‍ നിന്നു മാറ്റിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ന്യൂയോര്‍ക്ക് സെന്‍ട്രലില്‍ നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള 216 കോടി രൂപ വിലമതിക്കുന്ന രണ്ട് സ്ഥാവര ആസ്തികളാണ് പിടിച്ചെടുത്തവയില്‍ പ്രധാനപ്പെട്ടത്. സെന്‍ട്രല്‍ പാര്‍ക്ക് റിയല്‍ എസ്റ്റേറ്റ് എല്‍.എല്‍.സിയുടെ പേരിലാണ് ഇതു വാങ്ങിയിരുന്നത്.
വിദേശരാജ്യങ്ങളിലുള്ള അഞ്ച് അക്കൗണ്ടുകളില്‍ നിന്നായി 278 കോടി രൂപയും പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."