ഖത്തര്‍ തീര്‍ഥാടകരുടെ ഹജ്ജ് ആശങ്കയില്‍. ആരോപണങ്ങളുമായി ഇരു രാജ്യങ്ങളും
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: വിശുദ്ധ ഹജ്ജിനായി സഊദിയിലേക്ക് ലോകത്തെ ഏതു രാജ്യക്കാരെയും സ്വാഗതം ചെയ്യുന്നതായി നേരത്തെ തന്നെ വെളിപ്പെടുത്തിയ സഊദി ഭരണകൂടം ഖത്തര്‍ പൗരന്മാര്‍ക്ക് വേണ്ട സംവിധാനങ്ങള്‍ പൂര്‍ണ സജ്ജമാക്കിയതായി അറിയിച്ചു.
എന്നാല്‍, ഖത്തര്‍ പൗരന്മാര്‍ക്ക് സഊദിയിലേക്ക് പ്രവേശിക്കാനായി സഊദി ഭരണകൂടം ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ ഖത്തര്‍ ഭരണകൂടം ഇടപെട്ടു തകര്‍ക്കുകയാണെന്നും ഖത്തര്‍ പൗരന്മാരെ സഊദിയിലേക്ക് പ്രവേശിക്കുന്നതില്‍നിന്ന് വിലക്കുകയാണെന്നും ആരോപിച്ച് സഊദി ഹജ്ജ് ഉംറ മന്ത്രാലയം രംഗത്തെത്തി.
ഹജ്ജ് തീര്‍ഥാടകര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ധാരണയിലെത്തുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ ചേര്‍ന്ന യോഗത്തില്‍നിന്ന് തീരുമാനങ്ങള്‍ ഒപ്പുവയ്ക്കാതെ ഖത്തര്‍സംഘം ഇറങ്ങിപ്പോയതായും സഊദി അധികൃതര്‍ അറിയിച്ചു.
ഖത്തര്‍ തീര്‍ഥാടകരെ സഊദി അറേബ്യ സ്വാഗതം ചെയ്യുന്നു. ഇവരുടെ പ്രവേശന നടപടികള്‍ സഊദിക്കകത്ത് വച്ചുതന്നെ പൂര്‍ത്തിയാക്കുന്ന സംവിധാനമാണ് തങ്ങള്‍ മുന്നോട്ടുവച്ചത്.
ഖത്തര്‍ എയര്‍വെയ്‌സ് ഒഴികെയുള്ള സംവിധാനത്തിലൂടെ ഖത്തറില്‍നിന്ന് ഹജ്ജിനെത്താം എന്നാല്‍, കരാറില്‍ ഒപ്പുവയ്ക്കാതെ ഖത്തര്‍സംഘം യോഗത്തില്‍നിന്ന് ഇറങ്ങിപ്പോകുകയായിരുന്നുവെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം, ഖത്തറില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് സഊദി പ്രവേശനത്തിന് അനാവശ്യ തടസങ്ങളാണ് മുന്നോട്ടുവയ്ക്കുന്നതെന്നും രാഷ്ട്രീയ നീക്കങ്ങളാണ് സഊദി നടത്തുന്നതെന്നും ഖത്തര്‍ ആരോപിച്ചു. എന്നാല്‍, ഖത്തറിന്റെ ആരോപണങ്ങള്‍ സഊദി നിഷേധിച്ചു. ഖത്തര്‍ തീര്‍ഥാടകരെ സഊദി തടയുന്നുവെന്നറിയിച്ച് ഖത്തര്‍ ഇസ്‌ലാമിക് ഔഖാഫ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
ഖത്തറിനെതിരേ ഉപരോധം നിലനില്‍ക്കുന്നതിനാല്‍ നിലവില്‍ സഊദിയുമായി ഖത്തറിന് നയതന്ത്ര ബന്ധങ്ങള്‍ ഇല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."